ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കും
|ടി.എം.സി എംപിമാരുമായി മമത ബാനർജി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം
ഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയായി കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയെ തെരഞ്ഞെടുത്തതിലുള്ള അതൃപ്തിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി. വോട്ടെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ ജഗ്ദീപ് ധന്‍കര്‍ അഭ്യര്‍ഥിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും ഡാര്‍ജീലിങ്ങില്‍ കുറച്ച് ദിവസം മുന്‍പ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ന് ടി.എം.സി എംപിമാരുമായി മമത ബാനര്‍ജി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം തൃണമൂല്‍ അറിയിക്കുന്നത്. ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക.