വീട്ടിൽ കയറി അതിക്രമം: എൻ.ഐ.എ ഉദ്യോഗസ്ഥർക്കെതിരെ തൃണമൂൽ നേതാവിന്റെ ഭാര്യയുടെ പരാതി
|എൻ.ഐ.എ സംഘത്തെ ശനിയാഴ്ച ഗ്രാമീണർ ആക്രമിച്ചിരുന്നു
കൊൽക്കത്ത: കഴിഞ്ഞദിവസം അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് മനോബ്രത ജനയുടെ ഭാര്യ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകി. അന്വേഷണം നടത്താനെന്ന പേരിൽ ഭൂപതിനഗറിലെ വസതിയിൽ ഉദ്യോഗസ്ഥർ ബലമായി കയറി അതിക്രമം കാണിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നുമാണ് പരാതി.
2022ലെ സ്ഫോടനക്കേസിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ബാലായി ചരൺ മൈതിയെയും മനോബ്രത ജനയെയും എൻ.ഐ.എ) ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേരാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ നടത്തിയ റെയ്ഡിനിടെ എൻ.ഐ.എ ഉദ്യോഗസ്ഥർ തൻ്റെ വസതിയിലെ സ്വത്തുക്കൾ നശിപ്പിച്ചതായും മനോബ്രത ജനയുടെ ഭാര്യ മോനി ജന ഭൂപതിനഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
എൻ.ഐ.എ ഉദ്യോഗസ്ഥർ ആക്രമിച്ചതായി കാണിച്ച് പരാതി ലഭിച്ചതായും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പരാതി പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്ന ഐ.പി.സി സെക്ഷൻ 354 എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
സ്ഫോടനക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ വന്ന എൻ.ഐ.എ സംഘത്തെ ശനിയാഴ്ച ഗ്രാമീണർ ആക്രമിച്ചിരുന്നു. ഭൂപതിനഗറിൽ നടന്ന ആക്രമണത്തിൽ ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി എൻ.ഐ.എ അറിയിച്ചു.
സംഭവത്തിൽ ഭൂപതിനഗർ പൊലീസ് സ്റ്റേഷനിൽ എൻ.ഐ.എ പരാതി നൽകിയിട്ടുണ്ട്. എൻ.ഐ.എ ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ആരെയും പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, എൻ.ഐ.എ ഉദ്യോഗസ്ഥരാണ് ഗ്രാമീണരെ ആക്രമിച്ചതെന്ന് കാണിച്ച് മുഖ്യമന്ത്രി മമത ബാനർജി രംഗത്തുവരികയുണ്ടായി. ഇത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയത്.