മഹുവയെ തോല്പിക്കാന് രാജകുടുംബാംഗത്തെ സ്ഥാനാര്‍ഥിയാക്കി ബിജെപി
|ആഴ്ചകള്‍ക്ക് മുന്‍പ് ബിജെപിയിലെത്തിയ അമൃത റോയിയെ രംഗത്തിറക്കിയത് രാഷ്ട്രീയ കരുനീക്കത്തിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍
ന്യൂഡല്‍ഹി: വിവാദ ആരോപണങ്ങള്‍ക്ക് പിന്നാലെ നഷ്ടമായ ലോക്സഭാ എം.പി സ്ഥാനം തിരിച്ചു പിടിക്കാനുള്ള ആവേശത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. എന്നാല്‍ മഹുവ മൊയ്ത്രയെ തോല്‍പ്പിക്കാന്‍ ബിജെപി വലിയ സന്നാഹമാണ് ഒരുക്കുന്നത്. ഇതിനായി മഹുവയുടെ മണ്ഡലമായ കൃഷ്ണനഗറില്‍ ബിജെപി സ്ഥാനാര്‍ഥിയായി രംഗത്തിറക്കുന്നത് രാജകുടുംബാംഗമായ അമൃത റോയിയെയാണ്. ആഴ്ചകള്‍ക്ക് മുന്‍പ് ബിജെപിയിലെത്തിയ അമൃത റോയിയെ രംഗത്തിറക്കിയത് രാഷ്ട്രീയ കരുനീക്കത്തിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാംസ്കാരിക പാരമ്പര്യം സൂക്ഷിക്കുന്ന കൃഷ്ണനഗറില്‍ രാജകുടുംബാംഗമായ അമൃതറോയിയെ ഇറക്കിയത് മഹാരാജ കൃഷ്ണ ചന്ദ്ര റോയിയുടെ പേരുമായി രാഷ്ട്രീയത്തെ ബന്ധിപ്പിക്കുന്നതിനുകൂടിയാണെന്ന് പറയപ്പെടുന്നു.
ബംഗാളിന്റെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള മഹാരാജ കൃഷ്ണ ചന്ദ്ര റോയിയുടെ പാരമ്പര്യത്തെയും തെരഞ്ഞെടുപ്പ് ആയുധമാക്കുകയാണ് ബിജെപി. പ്രദേശത്തെ നാദിയ രാജകുടുംബത്തില്‍ നിന്നുള്ള അമൃത റോയി സ്ഥാനാര്‍ഥിയാവുന്നത് ബിജെപിക്ക് വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്നും അറുപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി നേതാവ് കല്യാണ്‍ ചൗഭിയെ മഹുവ തോല്പിച്ചത്. അദാനിയെ ലക്ഷ്യമിട്ട് പാര്‍ലമെന്ററി ചോദ്യങ്ങള്‍ ചോദിക്കാന്‍ അദാനി ഗ്രൂപ്പിന്റെ എതിരാളിയായ കമ്പനിയുടെ തലവനില്‍ നിന്ന് മഹുവ മൊയ്ത്ര പണവും ആനുകൂല്യങ്ങളും കൈപ്പറ്റിയെന്ന ആരോപണത്തിന് പിന്നാലെയാണ് അവര്‍ക്ക് സ്ഥാനം നഷ്ടമായത്.