വിവാഹമോചിതരാണ്; വിവാഹിതരും! മുത്വലാഖ് വിധി അഞ്ചാണ്ട് പിന്നിട്ടിട്ടും പരാതിക്കാരികൾക്ക് ദുരിതജീവിതം ബാക്കി
|സാങ്കേതികമായി വിവാഹിതരും പ്രായോഗികമായി വിവാഹമോചിതരുമായുള്ള അവസ്ഥയിലാണ് ഇപ്പോള്‍ മുത്വലാഖ് പരാതിക്കാരികളുടെ ജീവിതം
ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ സുപ്രധാന മുത്വലാഖ് വിധി വന്ന് അഞ്ച് വർഷത്തിനിപ്പുറവും അർധ വിവാഹമോചിതരായി ജീവിതം തള്ളിനീക്കുകയാണ് പരാതിക്കാരികൾ. 2017 ആഗസ്റ്റിലാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. സാങ്കേതികമായി വിവാഹിതരും പ്രായോഗികമായി വിവാഹമോചിതരുമായുള്ള അവസ്ഥയിലാണ് പരാതിക്കാരികളുടെ ജീവിതമിപ്പോഴെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
വൈവാഹികാവകാശങ്ങളൊന്നും അനുഭവിക്കാനാവുന്നില്ലെന്ന് മാത്രമല്ല, അകന്നുകഴിയുന്ന ഭർത്താക്കന്മാരിൽനിന്ന് ജീവനാംശമോ നിത്യചെലവിനു വേണ്ട പണമോ ഒന്നും ലഭിക്കുന്നില്ല. പ്രായോഗികമായി വിവാഹമോചിതരാണെങ്കിലും, നിയമപരമായി സാധുവായ വിവാഹമോചനം അല്ലാത്തതിനാൽ മറ്റൊരാളെ വിവാഹം കഴിക്കാനുമാവാത്ത അവസ്ഥയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വിധിക്കുശേഷം ഇവരുടെ ഭർത്താക്കന്മാരെ അധികാരികൾ സമീപിക്കുകയോ ഭാര്യമാരെ തിരിച്ചെടുക്കാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.
കൂടാതെ, മുത്വലാഖ് നടത്തി ഏറെക്കാലത്തിനു ശേഷം 2019ൽ മുസ്‍ലിം സ്ത്രീകളുടെ (വിവാഹത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ) നിയമം നിലവിൽ വന്നതിനാൽ ഈ വിഷയത്തിൽ ആരെയും അറസ്റ്റ് ചെയ്യാനുമാവില്ല. പുതിയൊരു വിവാഹം കഴിക്കാനുമാകാതെ അനിശ്ചിതത്വത്തിലാണ് ഈ സ്ത്രീകൾ.
കോടതി വിധിയോടെ പരാതിക്കാരുടെ ഭർത്താക്കന്മാർ ഇവരെ തിരിച്ചെടുക്കാനും തയാറായിട്ടില്ല. എന്നാൽ, പല പുരുഷന്മാരും വീണ്ടും വിവാഹിതരാകുകയും ചെയ്തു. ഈ സമയത്തും സ്ത്രീകളിലാരും വിവാഹമോചനത്തിനുള്ള അവകാശമായ 'ഖുൽഅ്' നടത്തുകയും ചെയ്തിട്ടില്ല.
മുത്വലാഖ് വിധിക്കുശേഷം ഭർത്താവ് വിവാഹബന്ധം പുനഃസ്ഥാപിക്കാൻ തയാറായില്ലെന്നു മാത്രമല്ല, നിയമപരമായി താനിപ്പോഴും അദ്ദേഹവുമായി വിവാഹബന്ധത്തിലാണെന്നും മുഖ്യ പരാതിക്കാരിയായ ശായറ ബാനു പറയുന്നു. ഖുൽഇലൂടെ വിവാഹബന്ധം വേർപ്പെടുത്താനും ശായറ ശ്രമിച്ചിട്ടില്ല.
''എന്റെ മക്കളെ വിട്ടുകിട്ടാനാണ് ഞാനിപ്പോൾ പോരാടുന്നത്. മൂത്ത മകന് 18ഉം മകൾക്ക് 15ഉം വയസായി. ഇരുവരെയും കോടതിയിൽ മാത്രമാണ് എനിക്ക് കാണാനാവുന്നത്. ഫോണിലൂടെ മാത്രമാണ് സംസാരിക്കാനാവുന്നതെങ്കിലും അതുപോലും സാധിക്കുന്നില്ല. കോവിഡ് മൂലം രണ്ട് വർഷം ഓൺലൈൻ വഴിയായിരുന്നു വാദം. അതിനാൽ എനിക്കവരെ കാണാൻ പറ്റിയില്ല. ഇതിനിടെ എന്റെ ഭർത്താവ് റിസ്‍വാന്‍ വേറെ വിവാഹം കഴിച്ചു''- ശായറ പറഞ്ഞു. കോടതിവിധിക്കു പിന്നാലെ ഉത്തരാഖണ്ഡ് വനിതാ കമ്മീഷൻ ഉപാധ്യക്ഷയായി നിയമിതയായ ശായറ ബാനുവിന്, സമൂഹത്തിൽനിന്നുള്ള എതിർപ്പുമൂലം കാശിപൂരിലെ മാതാപിതാക്കളുടെ വീട്ടിൽനിന്നും മാറേണ്ടിവന്നു.
മറ്റൊരു പരാതിക്കാരിയായ ഇശ്‌റത്ത് ജഹാൻ പറയുന്നതിങ്ങനെ- ''എല്ലാവരും സുപ്രിംകോടതിവിധി സ്വാഗതം ചെയ്യുന്നു. എന്നാൽ സത്യത്തിൽ എനിക്കെന്താണ് ലഭിച്ചത്? ഒന്നും ലഭിച്ചില്ല. ജീവനാംശമുൾപ്പെടെ ലഭിക്കുന്നില്ല. എന്റെ ഭർത്താവ് വീണ്ടും വിവാഹിതനായി. അയാൾക്കൊരു മകനുണ്ട്. മുത്വലാഖ് ചൊല്ലിയത് അദ്ദേഹത്തിന്റെ കുടുംബം നിഷേധിക്കുന്നു. എനിക്ക് ഇപ്പോൾ അയാളുടെ അടുത്തേക്ക് പോകാനാകില്ല. അദ്ദേഹം എനിക്ക് നിയമപരമായി സാധുതയുള്ള തലാഖ്‌നാമ അയച്ചിട്ടില്ല. ഖുൽഇലൂടെ ഞാനും വിവാഹമോചനം നേടിയിട്ടില്ല.''
എന്നാൽ, ഇനിയൊരു വിവാഹത്തിന് താൽപര്യമില്ലെന്നും ഇടക്കാലത്ത് ബി.ജെ.പിയിൽ ചേർന്ന് പാർട്ടിയുടെ ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറിയായ ഇശ്‌റത്ത് പറയുന്നു. ആ ജീവിതം അവസാനിച്ചു. ഇനി താനെന്റെ കുട്ടികൾക്ക് വേണ്ടിയാണ് ജീവിക്കുന്നത്. അവർ അഞ്ചിലും പ്ലസ് ടുവിലുമാണ് പഠിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഇഷ്‌റത്ത് ബി.ജെ.പിയിൽ ചേർന്നത്.
''ജീവിതത്തിലൊരു ലക്ഷ്യം വേണമെന്നുള്ളലാണ് ഞാൻ രാഷ്ട്രീയത്തിൽ ചേർന്നത്. എന്നാൽ, ബി.ജെ.പിയിൽ ചേർന്ന ശേഷം ആളുകൾ പലതും പറഞ്ഞു. ഒരുഘട്ടത്തിൽ എന്റെ തെരുവിലൂടെ നടക്കാൻ പോലും പ്രയാസമായിരുന്നു. ഇപ്പോൾ കുഴപ്പമില്ല. ആരും എന്നെ ശല്യപ്പെടുത്തുന്നില്ല''- ഇഷ്‌റത്ത് കൂട്ടിച്ചേർത്തു.
ഇതേ അവസ്ഥയിലൂടെയാണ് മറ്റ് രണ്ട് പരാതിക്കാരികളായ ഗുൽഷൻ പർവീനും അഫ്രീൻ റഹ്‌മാനും കടന്നുപോകുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാങ്കേതികമായി വിവാഹബന്ധം നിലനിൽക്കുകയും പ്രായോഗികമായി വിവാഹമോചിതരായിരിക്കുകയും ചെയ്യുന്ന അവസ്ഥമൂലം വലിയ പ്രയാസമാണെന്ന് ഇവരും പറയുന്നു.
എന്താണ് മുത്വലാഖ് വിധി?
2019ലാണ് മുത്വലാഖ് വിഷയത്തിൽ സുപ്രിംകോടതി ചരിത്രപരമായ വിധി പറയുന്നത്. അഞ്ച് മുതിർന്ന ജഡ്ജിമാരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, രോഹിൻടൺ ഫാലി നരിമാൻ, യു.യു ലളിത് എന്നീ ജഡ്ജിമാരാണ് മുത്വലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രധാന നിലപാടെടുത്തത്. അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാർ, ജസ്റ്റിൽ അബ്ദുൽ നസീർ എന്നിവർ വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തി.
അഞ്ച് ജഡ്ജിമാരും വ്യത്യസ്ത മതക്കാരായിരുന്നു. സിഖ് മതക്കാരനാണ് ജസ്റ്റിസ് ഖെഹാർ. അബ്ദുൽ നസീർ മുസ്‌ലിമും കുര്യൻ ജോസഫ് ക്രിസ്ത്യാനിയും റോഹിൻടൺ ഫാലി നരിമാൻ പാഴ്‌സിയും യു.യു ലളിത് ഹിന്ദുവുമാണ്.
Summary: Five years after Supreme Court's verdict on triple talaq, petitioners' life as 'half-divorcees'