ത്രിപുരയില്‍ ഇടതുപക്ഷത്തിനൊപ്പം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്
|ബി.ജെ.പിയെ അധികാരത്തിൽ നിന്നും മാറ്റിനിർത്താൻ പല സംസ്ഥാനങ്ങളിലും പല പാർട്ടികളുമായും കോൺഗ്രസ് കൈകോർക്കുന്നുണ്ടെന്നു മിത ചക്രവർത്തി
അഗര്‍ത്തല: ത്രിപുരയിൽ ബി.ജെ.പിയിലേക്ക് പോയ നേതാക്കൾ മടങ്ങിയെത്തിയതോടെ തെരഞ്ഞെടുപ്പ് വിജയം നേടാൻ കഴിയുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. ഇടതുപക്ഷവുമായി ചേർന്നു സർക്കാർ രൂപീകരിക്കുമെന്ന് എ.ഐ.സി.സി.വക്താവ് മിത ചക്രവർത്തി മീഡിയവണിനോട് പറഞ്ഞു.
ബി.ജെ.പിയെ അധികാരത്തിൽ നിന്നും മാറ്റിനിർത്താൻ പല സംസ്ഥാനങ്ങളിലും പല പാർട്ടികളുമായും കോൺഗ്രസ് കൈകോർക്കുന്നുണ്ടെന്നു മിത ചക്രവർത്തി പറഞ്ഞു. ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ യാത്ര ആയിരുന്നില്ല. ഭാരതത്തിന് വേണ്ടി നടത്തിയ യാത്രയായിരുന്നു. പല രാഷ്ട്രീയ പാർട്ടികളും പിന്തുണ നൽകിയെന്നും മിത ചക്രവർത്തി പറഞ്ഞു.
മത്സരാധിഷ്ഠിത രാഷ്ട്രീയത്തിൽ കോൺഗ്രസ് വിശ്വസിക്കുന്നുണ്ടെങ്കിലും ഒരു പാർട്ടിയെയും പൂർണമായും ഇല്ലാതാക്കുന്നതിനോട് യോജിപ്പില്ല. ത്രിപുരയിൽ 30 ശതമാനം വോട്ട് കോൺഗ്രസിന് ഉണ്ടായിരുന്നു. ഈ വോട്ടിങ്ങ് ശതമാനമാണ് കുത്തനെ ഇടിഞ്ഞു രണ്ടായി മാറിയത്. കോൺഗ്രസ് വിട്ടു ബി.ജെ.പിയിൽ പോയ നേതാക്കളും അണികളും തിരിച്ചുവന്നു തുടങ്ങി. ഇടത് പാർട്ടികളും കോൺഗ്രസും ഒരുമിച്ചു നിൽക്കുന്നതിനാൽ പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചുപോകില്ലെന്നും മിത ചക്രവർത്തി പറഞ്ഞു.