ത്രിപുരയിൽ ബിജെപി വിട്ട് കോൺഗ്രസിലെത്തിയ നേതാവിന് നേരെ ആക്രമണം
|ബിജെപി സർക്കാറിൽ ആരോഗ്യമന്ത്രിയായിരുന്ന ബർമനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് ഈ വർഷം ആദ്യം പുറത്താക്കുകയായിരുന്നു.
അഗർത്തല: ത്രിപുരയിൽ ബിജെപി വിട്ട് കോൺഗ്രസിലെത്തിയ നേതാവിന് നേരെ ആക്രമണം. ജൂൺ 23ന് നടക്കുന്ന അഗർത്തല നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായ സുദീപ് റോയ് ബർമനെതിരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാത്രി പ്രചാരണപ്രവർത്തനങ്ങൾക്കിടെയാണ് ഒരുസംഘം ആളുകൾ ഇയാളെ ആക്രമിച്ചത്.
ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രചാരണത്തിന്റെ ഭാഗമായി ഉജൻ അഭോയ് നഗറിലുള്ള കോൺഗ്രസ് പ്രവർത്തകനെ കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. സുദീപ് റോയ് ബർമൻ യാത്ര ചെയ്ത കാറും കോൺഗ്രസ് പതാകകളും അക്രമികൾ നശിപ്പിച്ചു.
ബിജെപി സർക്കാറിൽ ആരോഗ്യമന്ത്രിയായിരുന്ന ബർമനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് ഈ വർഷം ആദ്യം പുറത്താക്കുകയായിരുന്നു. 1998 മുതൽ ഈ വർഷം ഫെബ്രുവരിയിൽ രാജിവെക്കുന്നത് വരെ അഗർത്തലയിൽനിന്നുള്ള എംഎൽഎ ആയിരുന്നു ബർമൻ.
സുദീപ് ബർമെന്റ് ഡ്രൈവറേയും സുരക്ഷാ ഉദ്യോഗസ്ഥരേയും മെയ് രണ്ടിന് അജ്ഞാതർ ആക്രമിച്ചിരുന്നു. ത്രിപുരയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ജൂൺ 23ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 26നാണ് വോട്ടെണ്ണൽ.