ത്രിപുരയില്‍ അധികാരം ഉറപ്പിച്ച് ബി.ജെ.പി; സിപിഎം കോണ്‍ഗ്രസ് സഖ്യത്തിന് 16 സീറ്റുകളില്‍ ലീഡ്
|ഈ തെരഞ്ഞെടുപ്പില്‍ ശ്രദ്ധാകന്ദ്രമായി മാറിയ ടിപ്ര മോഥ പാര്‍ട്ടിക്ക് 10 സീറ്റുകളിലാണ് ലീഡ്
അഗര്‍ത്തല: ട്വിസ്റ്റുകള്‍ക്ക് ശേഷം ത്രിപുരയില്‍ തുടര്‍ഭരണം ഉറപ്പിച്ച് ബി.ജെ.പി. വോട്ടെണ്ണലിന്റെ അവസാന ഘട്ടം എത്തിനില്‍ക്കെ 33 സീറ്റുകളിലാണ് പാര്‍ട്ടി ലീഡ് ചെയ്യുന്നത്. ഒരു ഘട്ടത്തില്‍ കളം പിടിക്കുമെന്ന് സൂചന നല്കിയ ഇടതു-കോണ്‍ഗ്രസ് സഖ്യം 16 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ശ്രദ്ധാകന്ദ്രമായി മാറിയ ടിപ്ര മോഥ പാര്‍ട്ടിക്ക് 10 സീറ്റുകളിലാണ് ലീഡ്.
തുടക്കം മുതല്‍ ആധിപത്യമുറപ്പിച്ച ബി.ജെ.പി ഇടയ്ക്ക് താഴെപ്പോയെങ്കിലും അവസാന ഘട്ടത്തിലെത്തിയതോടെ ലീഡ് നില തിരിച്ചുപിടിക്കുകയായിരുന്നു. ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് ഒരു ഘട്ടത്തില്‍ ഇടതുമുന്നണി- കോണ്‍ഗ്രസ് സഖ്യം മുന്നേറിയിരുന്നു. 24 സീറ്റുകളിലാണ് ഇടതുമുന്നണി- കോണ്‍ഗ്രസ് സഖ്യം ലീഡ് ഉയര്‍ത്തിയത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം ബി.ജെ.പി ലീഡ് തിരിച്ചുപിടിക്കുന്നതാണ് കണ്ടത്.അതിനിടെ ടിപ്ര മോഥയെ സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ ഇടതുമുന്നണിയും ബി.ജെ.പിയും ശ്രമം തുടങ്ങി. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ബി.ജെ.പിയുമായി സഖ്യത്തിന് തയ്യാറെന്ന് ടിപ്ര മോഥ അറിയിച്ചു.
രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. എക്സിറ്റ് പോളുകളിൽ ബി.ജെ.പിക്കായിരുന്നു മുൻതൂക്കം. മൂന്ന് സംസ്ഥാനങ്ങളിലും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മേഘാലയിലെ കിഴക്ക് പടിഞ്ഞാറൻ ഖാസി ഹിൽസ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 35 വര്‍ഷത്തെ ഇടതു ഭരണത്തിന് അന്ത്യം കുറിച്ച് 2018ലാണ് ബി.ജെ.പി ത്രിപുരയില്‍ അധികാരത്തിലെത്തിയത്. 36 സീറ്റുകളില്‍ ബി.ജെ.പിക്ക് വിജയിക്കാനായി. 16 സീറ്റുകളില്‍ മാത്രമാണ് ഇടതിന് നേട്ടം കൊയ്യാനായത്.