India
ത്രിപുരയിൽ ആരാധനാലയങ്ങള്‍ക്കും വീടുകൾക്കും നേരെ വ്യാപക ആക്രമണം
India

ത്രിപുരയിൽ ആരാധനാലയങ്ങള്‍ക്കും വീടുകൾക്കും നേരെ വ്യാപക ആക്രമണം

Web Desk
|
22 Oct 2021 3:01 AM GMT

വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി

ബംഗ്ലാദേശിൽ ദുർഗാപൂജക്കിടെയുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച്​ ത്രിപുരയിൽ നടത്തിയ റാലിക്കിടെ വ്യാപക ആക്രമണം. വി.എച്ച്​.പി,ആർ.എസ്​.എസ്​, ബജ്​റംഗ്‍ദള്‍ സംഘടനകൾ നടത്തിയ റാലിക്കിടെയാണ് ഒരു വിഭാഗത്തിന്‍റെ ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് വി.എച്ച്​.പി,ആർ.എസ്​.എസ്​, ബജ്​രംഗദൾ പ്രവർത്തകർ റാലിയുമായി തെരുവിലിറങ്ങിയത്. റാലിക്കിടെയായിരുന്നു അഗർത്തല, ഉദയ്​പൂർ, കൃഷ്​ണനഗർ, ധർമ്മനഗർ എന്നിവിടങ്ങളിൽ ആക്രമണമുണ്ടായത്​. ആക്രമണത്തിൽ നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. അഭിഭാഷകനും പൊതുപ്രവർത്തകനുമായ അബ്ദുൽ ബാസിത് ഖാന്‍റെ വീടും അതിനടുത്ത ആരാധനാലയവും ആക്രമിച്ചു.

ഉദയ്​പൂരിൽ പ്രതിഷേധിക്കാനെത്തിയ വി.എച്ച്​.പി പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ ​പൊലീസുകാർക്കു പരിക്കേറ്റു. വി.എച്ച്​.പി മാർച്ചിനിടെ ആക്രമണമുണ്ടാവുമെന്ന വിവരത്തെ തുടർന്ന്​ മാർച്ച്​ തടയാനെത്തിയപ്പോ​ഴാണ്​ പൊലീസി​ന്​ നേരെ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതെന്ന് ഐ.ജി അരിനാദം നാഥ് പറഞ്ഞു. ത്രിപുരയുടെ വിവിധയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്​. പ്രതിഷേധത്തെ തുടർന്ന്​ ത്രിപുരയിൽ നടത്താനിരുന്ന ബംഗ്ലാദേശ്​ ഫിലം ഫെസ്റ്റിവൽ മാറ്റി. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്.ഐ.ഒ ത്രിപുര ഘടകം ആവശ്യപ്പെട്ടു.


Similar Posts