ലോറി, ട്രക് ഡ്രൈവർമാർ പണിമുടക്കിൽ; ഇന്ധനം നിറക്കാൻ പമ്പുകളിൽ തിക്കും തിരക്കും
|ഹിറ്റ് ആൻ് റൺ നിയമത്തിനെതിരെ തിങ്കളാഴ്ചയാണ് ഡ്രൈവർമാർ പണിമുടക്ക് ആരംഭിച്ചത്
ന്യൂഡൽഹി: രാജ്യവ്യാപകമായി ലോറി, ട്രക് ഡ്രൈവർമാർ പണിമുടക്ക് തുടങ്ങിയതോടെ ഇന്ധനക്ഷാമം ഭയന്ന് പെട്രോൾ പമ്പുകളിൽ തിക്കും തിരക്കും. വിവിധ സംസ്ഥാനങ്ങളിലെ പമ്പുകളിൽ ഇന്ധനം നിറക്കാനെത്തിയവരുടെ നീണ്ട നിരയുടെ ചിത്രങ്ങൾ പുറത്തുവന്നു. റോഡപകടവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുതിയതായി കൊണ്ടുവന്ന ഹിറ്റ് ആന്റ് റൺ നിയമത്തിനെതിരെയാണ് രാജ്യവ്യാപകമായി ട്രക് ഡ്രൈവർമാർ സമരത്തിനിറങ്ങിയത്.
മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സമരം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. ഈ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ടാങ്കർ ലോറി ഡ്രൈവർമാരും സമരം തുടങ്ങി. പതിനയായിരക്കണക്കിന് ടാങ്കർ ലോറി ഡ്രൈവർമാരാണ് സമരത്തിൽ പങ്കെടുക്കുന്നത്. ഇതോടെയാണ് പെട്രോൾ-ഡീസൽ ക്ഷാമമുണ്ടാകുമെന്ന ആശങ്ക ജനങ്ങൾക്കുണ്ടായത്. തുടർന്നാണ് വാഹനങ്ങളിൽ ഇന്ധനം നിറക്കാൻ പമ്പുകളിൽ വലിയ തോതിൽ തിരക്ക് അനുഭവപ്പെടാൻ തുടങ്ങിയതെന്ന് പമ്പുടമകൾ പറയുന്നു
വാഹനം അപകടത്തിൽപെട്ടാൽ അധികൃതരെ അറിയിക്കാതെ ഓടിരക്ഷപ്പെടുന്ന ഡൈവർമാർമാർക്ക് പത്ത് വർഷത്തെ തടവും ഏഴ് ലക്ഷം രൂപ പിഴയും ചുമത്തുന്നതാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിനുപകരം കൊണ്ടുവന്ന ഭാരതീയ ന്യായസംഹിതിയിലുള്ള പുതിയ ഹിറ്റ് ആന്റ് റൺ നിയമം.
ഡ്രൈവർമാരുടെ അശ്രദ്ധകൊണ്ട് മരണം സംഭവിച്ചാൽ അഞ്ചുവർഷം തടവും പിഴയുമാണ് വ്യവസ്ഥ.നിലവിൽ 304എ വകുപ്പ് പ്രകാരം വാഹനം ഇടിച്ചശേഷം നിർത്താതെ പോയാൽ പരമാവധി രണ്ടുവർഷമാണ് ശിക്ഷ. അപകടമുണ്ടായാൽ നാട്ടുകാർ വലിയ വാഹനങ്ങളിലെ ഡ്രൈവർമാരെ മർദ്ദിക്കുന്നത് പതിവാണെന്നും, അതുകൊണ്ടാണ് ഓടി രക്ഷപ്പെടുന്നതെന്നും ഡ്രൈവർമാരുടെ സംഘടന നേതാക്കൾ വ്യക്തമാക്കുന്നു.
പണിമുടക്കാരംഭിച്ചതോടെ ബിഹാർ,പഞ്ചാബ്,മഹാരാഷ്ട്ര, മധ്യപ്രദേശ്,ഹിമാചൽ പ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ സമരം പൂർണമാണ്. ഇതോടെ ഇവിടെ നിന്നുള്ള റോഡ്മാർഗമുള്ള ചരക്ക് നീക്കം ഏറെക്കുറെ നിലച്ചിരിക്കുകയാണ്.