India
സൈബർ തട്ടിപ്പ്; കേടായ പാൽ തിരികെ നൽകാൻ ശ്രമിച്ച വീട്ടമ്മയുടെ 77,000 രൂപ നഷ്ടമായി
India

സൈബർ തട്ടിപ്പ്; കേടായ പാൽ തിരികെ നൽകാൻ ശ്രമിച്ച വീട്ടമ്മയുടെ 77,000 രൂപ നഷ്ടമായി

Web Desk
|
25 March 2024 3:15 PM GMT

ഓൺലൈൻ ഡെലിവറി സേവനങ്ങൾ നൽകുന്ന കമ്പനികളുടെ പേരിൽ വ്യാജ കസ്റ്റമർ കെയർ നമ്പർ നൽകിയാണ് തട്ടിപ്പ് നടത്തുന്നത്

ബംഗളുരു: കേടായ പാൽ തിരികെ നൽകാൻ ശ്രമിക്കുന്നതിനിടയിൽ സൈബർ തട്ടിപ്പിനിരയായ വീട്ടമ്മക്ക് നഷ്ടമായത് 77,000 രൂപ.കസ്തൂർബാ നഗറിലെ താമസക്കാരിയായ 65 കാരിയാണ് തട്ടിപ്പിന് ഇരയായത്. മാർച്ച് 18 ന് ഓൺലൈൻ വഴി പാൽ വാങ്ങിയിരുന്നു. വാങ്ങിയ പാലുകളിൽ ഒന്ന്​ കേടായതിനെ തുടർന്ന് മാറ്റിനൽകാൻ ഓൺലൈനിൽ വഴി ഗ്രോസറി കമ്പനിക്ക് പരാതി നൽകി.

ഗൂഗിളിൽ കണ്ടെത്തിയ ഒരു ഹെൽപ്പ് ലൈൻ നമ്പറിലാണ് പരാതി നൽകിയത്. തുടർന്ന് കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് ഒരാൾ ഫോണിലൂടെ വീട്ടമ്മയുമായി ബന്ധപ്പെട്ടു.

പാൽ തിരികെ നൽകേണ്ടതില്ലെന്നും ​ചെലവായ തുക റീഫണ്ട് ചെയ്യാമെന്നും അദ്ദേഹം വീട്ടമ്മക്ക് ഉറപ്പുനൽകി. പണം റീഫണ്ട് ചെയ്യാൻ യു.പി.ഐ ഐഡി അടങ്ങിയ വാട്‌സ്ആപ്പ് സന്ദേശം വയോധികയ്ക്ക് നൽകി. അതിൽ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ് ആയ ഫോൺപെ വഴി പണം ട്രാൻസ്ഫർ ചെയ്യാനുള്ള ഓപ്‌ഷനും തുടർന്ന് യു.പി.​ഐ ഐഡിയും തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചു. അതനുസരിച്ച വീട്ടമ്മ തുടർന്നുള്ള നിർദേശങ്ങളും പാലിച്ചതോടെയാണ് അക്കൗണ്ടിൽ നിന്ന് 77​,000 രൂപ നഷ്ടമായത്. തട്ടിപ്പിന് ഇരയായെന്ന് മനസിലായ സ്ത്രീ സൈബർ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടുകയും പരാതി നൽകുകയും ചെയ്തു.

പിസ്സ ഡെലിവറി, ഗ്രോസറി ഡെലിവറി, മറ്റ് നിരവധി സേവനങ്ങൾ എന്നിവയുടെ കസ്റ്റമർ കെയർ നമ്പർ തട്ടിപ്പുകാർ ഗൂഗിളിൽ വ്യാജമായി ഉൾപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.ഗൂഗിൾ സെർച്ച് വഴി ലഭിച്ച നമ്പറിനെ ആശ്രയിക്കുന്നതിനു പകരം ഏതെങ്കിലും സ്ഥാപനത്തെയോ പ്ലാറ്റ്‌ഫോമിനെയോ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബന്ധപ്പെടുന്നതാണ് ഉചിതമെന്ന് പോലീസ് പറഞ്ഞു.

Related Tags :
Similar Posts