ന്യൂനപക്ഷത്തെ 'രണ്ടാം തരം പൗരന്മാരാക്കുന്നത്' ഇന്ത്യയെ വിഭജിക്കും: രഘുറാം രാജൻ
|"ലിബറല് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിലാണ് ഇന്ത്യയുടെ ഭാവി"
റായ്പൂർ: ലിബറൽ ജനാധിപത്യത്തെയും അതിന്റെ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തുന്നതിലാണ് ഇന്ത്യയുടെ ഭാവിയെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. സാമ്പത്തിക വളർച്ച കൈവരിക്കാൻ ഇതത്യാവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സംഘടനയായ ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസിന്റെ അഞ്ചാമത് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു രഘുറാം രാജൻ.
രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ വർധിച്ചു വരുന്ന അതിക്രമങ്ങളിലുള്ള ആശങ്കയും അദ്ദേഹം പങ്കുവച്ചു. ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരാക്കി മാറ്റുന്നത് ഇന്ത്യയെ വിഭജിക്കുമെന്നും രാജന് മുന്നറിയിപ്പു നൽകി. ഇന്ത്യൻ സാമ്പത്തിക വികസനത്തിൽ എന്തു കൊണ്ട് ലിബറൽ ജനാധിപത്യം ഉണ്ടാകണം എന്ന വിഷയത്തിലായിരുന്നു രാജന്റെ സംസാരം.
'ഈ രാജ്യത്തെ ലിബറൽ ജനാധിപത്യത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്താണ്. ഇന്ത്യൻ വികസനത്തിന് ഇത് അത്യാവശ്യമാണോ? നമ്മൾ തീർച്ചയായും അതിനെ ശക്തിപ്പെടുത്തണം. ഇന്ത്യയിൽനിന്ന് ജനാധിപത്യം തിരിച്ചുനടക്കുന്ന എന്ന തോന്നൽ ചില ഭാഗങ്ങളിലുണ്ട്. വളർച്ചയ്ക്കായി ശക്തമായ നേതൃത്വം വേണമെന്നുള്ള ചിന്തയുണ്ട്. ഈ വാദം തെറ്റാണ്. ജനങ്ങളും ആശയങ്ങളും വേണ്ട, ചരക്കും മൂലധനവും മാത്രം മതി വികസനത്തിന് എന്ന കാലഹരണപ്പെട്ട വികസന മാതൃകയിൽ അധിഷ്ഠിതമാണത്.' - മുൻ ഐഎംഎഫ് തലവൻ പറഞ്ഞു.
ഭൂരിപക്ഷ ഏകാധിപത്യ പ്രവണതയെ എതിർത്തു തോൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗത്തെ രണ്ടാം തരം പൗരന്മാരാക്കുന്നത് രാജ്യത്തെ വിഭജിക്കും. ആഭ്യന്തര അവജ്ഞ സൃഷ്ടിക്കും. വിദേശത്ത് ഇന്ത്യയുടെ സ്ഥാനം ദുർബലമാകുകയും ചെയ്യും' - അദ്ദേഹം മുന്നറിയിപ്പു നൽകി.
ശ്രീലങ്കയിലെയും പാകിസ്താനിലെയും സാമ്പത്തിക സാഹചര്യങ്ങൾ ഇന്ത്യയിലുണ്ടാകില്ലെന്നും രാജൻ കൂട്ടിച്ചേർത്തു. ന്യൂനപക്ഷത്തിന് മേലുള്ള അതിക്രമങ്ങളും തൊഴിൽ സൃഷ്ടിക്കാൻ പരാജയപ്പെട്ടതുമാണ് ലങ്കയിലെ സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണം- അദ്ദേഹം ചൂണ്ടിക്കാട്ടി.
'നമുക്ക് ആവശ്യത്തിന് വിദേശ വിനിമയ ശേഖരമുണ്ട്. കരുതൽ നിക്ഷേപങ്ങളിൽ ആർബിഐ മികച്ച ജോലിയാണ് ചെയ്തിട്ടുള്ളത്. ശ്രീലങ്കയിലെയോ പാകിസ്താനിലെയോ പോലെയുള്ള പ്രശ്നങ്ങൾ ഇന്ത്യയിലുണ്ടാകില്ല. നമ്മുടെ വിദേശകടം കുറച്ചേയുള്ളൂ. ഇതാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മികച്ചതാക്കി നിലനിർത്തുന്നത്.'- അദ്ദേഹം പറഞ്ഞു.