'വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി വിവരമല്ല, സവർക്കർ മാപ്പു പറഞ്ഞത് ചരിത്രം'; രാഹുലിനെ പിന്തുണച്ച് തുഷാർ ഗാന്ധി
|രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ തുഷാർ ഗാന്ധി ഇന്ന് പങ്കെടുത്തിരുന്നു
വി.ഡി സവർക്കർക്കെതിരെയുള്ള പരാമർശത്തിൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച് ഗ്രന്ഥകാരനും ആക്ടിവിസ്റ്റുമായ മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി. 'വീർ സവർക്കർ ബ്രിട്ടീഷുകാരുടെ സുഹൃത്തായിരുന്നു. ജയിലിൽ നിന്ന് പുറത്തുകടക്കാൻ അദ്ദേഹം അവരോട് മാപ്പു പറഞ്ഞു. ഇത് വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ളതല്ല, ചരിത്ര രേഖയാണ്' തുഷാർ ഗാന്ധി വ്യക്തമാക്കി.
ബ്രിട്ടീഷ് ജയിലിൽ കഴിയവേ, അവരുടെ ദയ തേടി വി.ഡി സവർക്കർ അയച്ച കത്ത് രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്നിരുന്നു. 'ഞാൻ നിങ്ങളുടെ വിനീത ദാസനായിരിക്കാൻ യാചിക്കുന്നുവെന്ന' പരാമർശമടക്കമുള്ള കത്ത് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം സവർക്കറിനെ വിമർശിച്ചത്.
സംഭവത്തിൽ മഹാരാഷ്ട്ര പൊലീസ് കേസെടുത്തിരുന്നു. ശിവസേനയിലെ ഏക്‌നാഥ് ഷിൻഡെ പക്ഷം നൽകിയ പരാതിയിലാണ് കേസ് എടുത്തത്. ബാലാസാഹിബാഞ്ചി ശിവസേന നേതാവ് വന്ദന ഡോങ്‌ഗ്രെയാണ് താനെ നഗർ പൊലീസിൽ പരാതി നൽകിയിരുന്നത്. വി.ഡി സവർക്കറെ വിവാദ പ്രസ്താവനയിലൂടെ രാഹുൽ ഗാന്ധി അപമാനിച്ചു എന്നാരോപിച്ചാണ് വന്ദന പരാതി നൽകിയത്. ഇവരുടെ പരാതി പ്രകാരം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 500,501 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. രാഹുൽ ഗാന്ധിയുടെ ഇതേ പ്രസ്താവനയ്ക്ക് എതിരെ സവർക്കറുടെ ചെറുമകൻ രഞ്ജിത്ത് സവർക്കറും പരാതി നൽകിയിട്ടുണ്ട്.
അതിനിടെ, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ തുഷാർ ഗാന്ധി പങ്കെടുത്തിരുന്നു. മഹാരാഷ്ട്ര ഷെഗാവിലെ ബുൽധാന ജില്ലയിൽ വെച്ചാണ് ഇന്ന് രാവിലെ രാഹുലിനൊപ്പം നടക്കാൻ തുഷാർ ഗാന്ധിയെത്തിയത്. 'ചരിത്രപരമെന്നാ'ണ് തുഷാർ ഗാന്ധിയുടെ പങ്കാളിത്തത്തെ കോൺഗ്രസ് വിശേഷിപ്പിക്കുന്നത്. നവംബർ ഏഴു മുതൽ മഹാരാഷ്ട്രയിൽ പ്രയാണം തുടങ്ങിയ പദയാത്ര ഇന്ന് രാവിലെ ആറു മണിക്ക് അകോള ജില്ലയിലെ ബാലാപൂരിൽ നിന്നാണ് തുടങ്ങിയത്. കുറച്ചു മണിക്കൂറുകൾക്ക് ശേഷം ഷെഗാവിലെത്തിയപ്പോൾ ആക്ടിവിസ്റ്റും ഗ്രന്ഥകർത്താവും കൂടിയായ തുഷാർ ഗാന്ധിയും കൂടെച്ചേരുകയായിരുന്നു. പദയാത്രയിൽ പങ്കെടുക്കുന്ന കാര്യം വ്യാഴാഴ്ച ഇദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഷെഗാവാണ് ഇദ്ദേഹത്തിന്റെ ജന്മസ്ഥലം.
രാഹുൽ ഗാന്ധിയും തുഷാർ ഗാന്ധിയും ജവഹർ ലാൽ നെഹ്‌റുവിന്റെയും മഹാത്മാ ഗാന്ധിയുടെയും പാരമ്പര്യമുള്ള മഹാന്മാരായ കൊച്ചു മക്കളാണെന്ന് കോൺഗ്രസ് വാർത്താകുറിപ്പിൽ ഓർമിപ്പിച്ചു. 'ഇവർ രണ്ടുപേരും ഒന്നിച്ചു നടക്കുന്നത് രാജ്യത്തെ ഭരണകൂടത്തിന് നൽകുന്ന സന്ദേശം ജനാധിപത്യത്തെ അപകടത്തിലാക്കാം, എന്നാൽ തീർത്തുകളയാനാകില്ലയെന്നാണ്' കോൺഗ്രസ് വാർത്താകുറിപ്പിൽ വ്യക്തമാക്കി. തുഷാർ ഗാന്ധിക്ക് പുറമേ, കോൺഗ്രസ് നേതാക്കളായ മുകുൾ വാസ്‌നിക്, ദീപേന്ദർ ഹൂഡ, മിലിന്ദ് ദിയോറ, മണിക്‌റാവു തക്‌റെ തുടങ്ങിയവരും യാത്രയിൽ പങ്കെടുത്തു. നിലവിൽ മഹാരാഷ്ട്രയിലുള്ള പദയാത്ര നവംബർ 20ന് മധ്യപ്രദേശിലേക്ക് കടക്കും.
അതിനിടെ, ഭാരത് ജോഡോ യാത്ര മധ്യപ്രദേശ് ഇൻഡോറിലെ സിറ്റി സ്‌റ്റേഡിയത്തിൽ താമസിച്ചാൽ ബോംബ് സ്‌ഫോടമുണ്ടാകുമെന്ന് അജ്ഞാത കത്ത് പുറത്തുവന്നു. നവംബർ 28ന് രാഹുലും സംഘവും സ്‌റ്റേഡിയത്തിൽ തങ്ങിയാൽ സ്‌ഫോടനമുണ്ടാകുമെന്നാണ് നഗരത്തിലെ ഒരു ഷോപ്പിൽ നിന്ന് ലഭിച്ച കത്തിൽ പറയുന്നത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാജ ഭീഷണിയാണെന്നാണ് പൊലീസ് കരുതുന്നത്.
'നഗരത്തിലെ ജൂനി പ്രദേശത്തുള്ള മധുര പലഹാര കടയിൽ നിന്ന് വ്യാഴാഴ്ച വൈകീട്ടാണ് കത്ത് കിട്ടിയത്. ഭാരത് ജോഡോ യാത്ര സംഘം ഖൽസ സ്‌റ്റേഡിയത്തിൽ തങ്ങിയാൽ നഗരത്തിൽ ബോംബ് സ്‌ഫോടനം നടത്താമെന്നാണ് കത്തിലുണ്ടായിരുന്നത്' വാർത്താ ഏജൻസിയായ പി.ടി.ഐയോട് ഇൻഡോർ കമ്മീഷ്ണർ എച്ച്.സി മിശ്ര പറഞ്ഞു. കത്തിൽ രാഹുലിനെ നേരിട്ട് ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 507 (അജ്ഞാത വ്യക്തിയുടെ ക്രിമിനൽ ഭീഷണിപ്പെടുത്തൽ) പ്രകാരം കുറ്റപത്രം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കമ്മീഷ്ണർ പറഞ്ഞു. സംഭവത്തിൽ സംസ്ഥാന കോൺഗ്രസ് സെക്രട്ടറി നിലാബ് ശുക്ല അന്വേഷണം ആവശ്യപ്പെട്ടു. ഭാരത് ജോഡോ യാത്രക്ക് വേണ്ട സുരക്ഷയൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Author and activist Mahatma Gandhi's grandson Tushar Gandhi supports Rahul Gandhi in his remarks against VD Savarkar