കേന്ദ്രത്തിനെതിരെ വിജയ്; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെതിരെ പ്രമേയം പാസാക്കി ടിവികെ
|വഖഫ് ഭേദഗതി ബില്ലിനെയും ടിവികെ എതിർത്തു
ചെന്നൈ: വില്ലുപുരത്തെ ആദ്യ സംസ്ഥാന പൊതുസമ്മേളനത്തിനു പിന്നാലെ ആദ്യ എക്സിക്യൂട്ടീവ് യോഗം ചേർന്ന് നടൻ വിജയ്‌യുടെ പാർട്ടി തമിഴക വെട്രി കഴകം(ടിവികെ). 26 പ്രമേയങ്ങളാണ് യോഗത്തിൽ പാസാക്കിയത്. ഇതിൽ ഭൂരിഭാഗവും സംസ്ഥാന, കേന്ദ്ര സർക്കാറുകളെ കടന്നാക്രമിക്കുന്നതായിരുന്നു. ഞായറാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ പാർട്ടിയുടെ സംഘടനാ ഘടന ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും നടന്നെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പാർട്ടി ജില്ലാ ഭാരവാഹികളാണ് യോഗത്തിൽ പങ്കെടുത്തത്.
ഒരു രാജ്യം ഒരു തെരഞ്ഞെെടുപ്പ് എന്ന കേന്ദ്ര പദ്ധതിക്കെതിരെ പാർട്ടി പ്രമേയം പാസാക്കി. ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയം പാസാക്കിയത്. വഖഫ് ഭേദഗതി ബില്ലിനെയും പാർട്ടി എതിർത്തു. ഫെഡറലിസത്തിന് എതിരായ ഈ ബിൽ കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് പ്രമേയത്തിൽ പറയുന്നു. നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണം എന്ന ആവശ്യമുന്നയിച്ചും എക്സിക്യൂട്ടീവ് കൗൺസിൽ പ്രമേയം പാസാക്കി.
തമിഴ്നാട് ഗവർണർ ആർ.എൻ രവിക്കെതിരെ പരോക്ഷ വിമർശനവും പാർട്ടി ഉന്നയിച്ചു. തമിഴ് ഭാഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാൻ കേന്ദത്തിനെന്നല്ല അവർ നിയമിച്ച ആർക്കും അവകാശമില്ലെന്നായിരുന്നു വിമർശനം. ഹിന്ദി അടിച്ചേൽപ്പിക്കുക എന്ന ലക്ഷ്യം ഒരിക്കലും തമിഴ്നാട്ടിൽ നടക്കില്ലെന്നും പ്രമേയത്തിൽ പറയുന്നു.
സംസ്ഥാനത്തെ ക്രമസമാധാനനില മോശമാകാൻ കാരണം ഡിഎംകെയുടെ നേതൃത്വത്തിലുള്ള സർക്കാരാണെന്ന് ടിവികെ വിമർശിച്ചു. സംസ്ഥാനത്ത് വർധിച്ചുവരുന്ന കൊലപാതകങ്ങൾ, മോഷണം, മറ്റു കുറ്റങ്ങൾ എന്നിവ ഇതിൻ്റെ തെളിവാണെന്നും പ്രമേയത്തിൽ പറഞ്ഞു. ഡിഎംകെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും നടപ്പാക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.
വ്യക്തി താൽപ്പര്യങ്ങൾക്കാണ് ഡിഎംകെ മുൻഗണന നൽകുന്നതെന്ന് ഒരു പ്രമേയത്തിൽ പറയുന്നു. സർക്കാർ പൊതുജനക്ഷേമത്തെ അവഗണിക്കുകയാണെന്നും കുറ്റപ്പെടുത്തലുണ്ടായി. വൈദ്യുതി നിരക്ക്, പാൽ വില, വസ്തുനികുതി എന്നിവ വർധിപ്പിച്ചതിനെയും പാർട്ടി എതിർത്തു. കൂടാതെ, പറന്തൂരിലെ ഗ്രീൻഫീൽഡ് വിമാനത്താവളം പദ്ധതി ഉപേക്ഷിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ടിവികെ ആവശ്യപ്പെട്ടു. ഏക്കർ കണക്കിന് കൃഷിഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നും ചെന്നൈയിലെ വെള്ളപ്പൊക്കസാധ്യത വർധിപ്പിക്കുമെന്നുമാണ് ഇതിനു കാരണമായി പാർട്ടി പറയുന്നത്.
മതേതര സാമൂഹിക നീതിയാണ് പാർട്ടിയുടെ പ്രത്യയശാസ്ത്രമെന്ന് ടിവികെ അധ്യക്ഷൻ വില്ലുപുരത്തെ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ടിവികെ ആരുടെയും 'എ' ടീമും 'ബി' ടീമുമല്ലെന്നും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലും ടിവികെ മത്സരിക്കുമെന്നുമായിരുന്നു വിജയ്‌യുടെ പ്രഖ്യപനം.
2024 ഫെബ്രുവരി രണ്ടിനായിരുന്നു തമിഴക വെട്രി കഴകം എന്ന പേരിൽ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. കഴിഞ്ഞ സെപ്റ്റംബർ ആദ്യത്തിലാണ് ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചത്. അപേക്ഷ സമർപ്പിച്ച് ഏഴ് മാസത്തിനുശേഷമായിരുന്നു അംഗീകാരം. ആഗസ്റ്റിലാണ് പാർട്ടി പതാക പുറത്തുവിട്ടത്. മഞ്ഞയും ചുവപ്പുനിറങ്ങളിൽ നടുവിൽ ആനകളും വാകപ്പൂവും ആലേഖനം ചെയ്തതാണു പതാക.