ചില അക്കൗണ്ടുകളിലെ ഉള്ളടക്കം നീക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തിനെതിരെ ട്വിറ്റർ കോടതിയിൽ
|സ്വതന്ത്ര സിഖ് രാഷ്ട്രത്തെ പിന്തുണക്കുന്ന അക്കൗണ്ടുകൾ, കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായി ആരോപിക്കപ്പെടുന്ന പോസ്റ്റുകൾ, കോവിഡ് മഹാമാരി സർക്കാർ കൈകാര്യം ചെയ്തതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്ന ട്വീറ്റുകൾ തുടങ്ങിയവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം നോട്ടീസ് നൽകിയത്.
ന്യൂഡൽഹി: ചില അക്കൗണ്ടുകളിൽ നിന്നുള്ള ട്വീറ്റുകൾ നീക്കം ചെയ്യണമെന്ന കേന്ദ്രസർക്കാർ ഉത്തരവിനെതിരെ ട്വിറ്റർ കോടതിയെ സമീപിച്ചു. കേന്ദ്രസർക്കാറിന്റെ നിലപാട് അധികാര ദുർവിനിയോഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ കർണാടക ഹൈക്കോടതിയെ സമീപിച്ചത്.
രാഷ്ട്രീയപ്പാർട്ടികളുടെ അക്കൗണ്ടുകളിൽനിന്നുള്ള ഉള്ളടക്കം നീക്കം ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ട്വീറ്റ് ചെയ്തവർക്ക് നോട്ടീസ് അയക്കാൻ കേന്ദ്ര തയ്യാറായില്ലെന്നും ട്വിറ്റർ കോടതിയെ അറിയിച്ചു.
ചില ട്വിറ്റർ അക്കൗണ്ടുകളിലെ ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു വർഷം മുമ്പാണ് കേന്ദ്രസർക്കാർ ട്വിറ്ററിന് നോട്ടീസ് നൽകിയത്. സ്വതന്ത്ര സിഖ് രാഷ്ട്രത്തെ പിന്തുണക്കുന്ന അക്കൗണ്ടുകൾ, കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായി ആരോപിക്കപ്പെടുന്ന പോസ്റ്റുകൾ, കോവിഡ് മഹാമാരി സർക്കാർ കൈകാര്യം ചെയ്തതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്ന ട്വീറ്റുകൾ തുടങ്ങിയവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം നോട്ടീസ് നൽകിയത്.
ട്വിറ്ററിന്റെ നിയമപരമായ നീക്കത്തെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ചില ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് കഴിഞ്ഞ മാസം അവസാനം കേന്ദ്ര ഐ.ടി മന്ത്രാലയം ട്വിറ്ററിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിന്റെ നിയമപരമായ നീക്കം.