India
ലഡാക്കിലേക്ക് രാഹുലിന്റെ ബൈക്ക് യാത്ര; തിരംഗ യാത്രക്കിടെ പാക് അനുകൂല മുദ്രാവാക്യം | Twitter Trending |
India

ലഡാക്കിലേക്ക് രാഹുലിന്റെ ബൈക്ക് യാത്ര; തിരംഗ യാത്രക്കിടെ പാക് അനുകൂല മുദ്രാവാക്യം | Twitter Trending |

Web Desk
|
19 Aug 2023 3:15 PM GMT

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ തിരംഗ യാത്രക്കിടെ ഇന്ത്യ വിരുദ്ധ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയതിന് യുപിയിൽ കേസ്

ലഡാക്കിലേക്ക് രാഹുലിന്റെ ബൈക്ക് യാത്ര

ലഡാക്കിലെ പാംഗോങ് ലേക്കിലേക്ക് ബൈക്ക് യാത്ര നടത്തി കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. ബൈക്കിംഗ് ഗിയർ അണിഞ്ഞുള്ള ചിത്രങ്ങൾ രാഹുൽ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ചിത്രങ്ങൾ നിമിഷനേരം കൊണ്ടു വൈറലായി.

തിരംഗ യാത്രക്കിടെ ഇന്ത്യ വിരുദ്ധ- പാക് അനുകൂല മുദ്രാവാക്യം

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ തിരംഗ യാത്രക്കിടെ ഇന്ത്യ വിരുദ്ധ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയതിന് 10 -15 പേർക്കെതിരെ കേസ്. ഉത്തർപ്രദേശിലെ പ്രതാപ്ഗർ ജില്ലയിലാണ് തിരിച്ചറിയപ്പെടാത്തവർക്കെതിരെ കേസെടുത്തത്.

മുസ്‍ലിം പെണ്‍കുട്ടിയെ അനുമോദിച്ചില്ലെന്ന് പരാതി

ഗുജറാത്തിലെ സ്‌കൂളിൽ പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്തിയ മുസ്‌ലിം പെൺകുട്ടിയെ സ്‌കൂൾ അധികൃതർ അനുമോദിച്ചില്ലെന്ന് പരാതി. ഒന്നാം സ്ഥാനക്കാരിയായ അർനാസ് ബാനുവിന് പകരം രണ്ടാം സ്ഥാനക്കാരിയെയാണ് മെഹ്‌സാന ജില്ലയിലെ കെ.ടി പട്ടേൽ സ്മൃതി വിദ്യാലത്തിലെ അധികൃതർ അനുമോദിച്ചതെന്നാണ് പരാതി. മുസ്‌ലിമായതിനാലാണ് മകളെ മാറ്റിനിർത്തിയതെന്ന് അർനാസിന്റെ മാതാപിതാക്കൾ ആരോപിച്ചു.

'മോദിക്കെതിരെ പ്രിയങ്ക മത്സരിച്ചാൽ വിജയം ഉറപ്പ്'

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിച്ചാൽ പ്രിയങ്കാ ഗാന്ധിയുടെ വിജയം സുനിശ്ചിതമാണെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) എം.പി പ്രിയങ്കാ ചതുർവേദി. ആരാണ് വാരാണസി മണ്ഡലത്തിൽ യോജിച്ച സ്ഥാനാർഥിയെന്ന് പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇൻഡ്യ മുന്നണി ചർച്ച ചെയ്യുകയാണെന്നും അവർ പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി വിജയിക്കും. അടുത്ത വർഷം ഇൻഡ്യ മുന്നണിയിൽ നിന്നുള്ള വ്യക്തിയായിരിക്കും പ്രധാനമന്ത്രി. ചെങ്കോട്ടയിൽ ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ അവസാനത്തെ പ്രസംഗമാണ് സ്വാതന്ത്ര്യദിനത്തിൽ നടന്നത്. അടുത്ത വർഷം ഇൻഡ്യ മുന്നണിയുടെ പ്രധാനമന്ത്രി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകും-പ്രിയങ്കാ ചതുർവേദി പറഞ്ഞു.

ലോക ഫോട്ടോഗ്രഫി ദിനം

ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം. എല്ലാ വർഷവും ആഗസ്റ്റ് 19നാണ് ലോക ഫോട്ടോഗ്രഫി ദിനം ആഘോഷിക്കുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഫോട്ടോഗ്രാഫര്‍മാര്‍ ഈ ദിനം അവരുടെ കഴിവിന്റെയും വൈദഗ്ധ്യത്തിന്റെയും ദിനമായി ആഘോഷിക്കും. ഫോട്ടോഗ്രഫിയുടെ ആദിമരൂപമായ ഡൈഗ്രോടൈപ്പ് എന്ന ഉപകരണം ഫ്രഞ്ച് സര്‍ക്കാര്‍ ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ചത് 1839 ആഗസ്റ്റ് 19 നാണ്. അതുകൊണ്ടാണ് ലോകഫോട്ടോഗ്രഫി ദിനം ആഗസ്റ്റ് 19 ന് ആഘോഷിക്കുന്നത്.

ഇന്ത്യൻ ക്യാപ്റ്റൻസിയെ കുറിച്ച് ഷുഐബ് അക്തർ

ഐസിസി ഏകദിന ലോകകപ്പ് രാജ്യത്ത് നടക്കാനിരിക്കെ ഇന്ത്യൻ നായകനെ കുറിച്ച് നിരീക്ഷണം പങ്കുവെച്ച് പാകിസ്താൻ ഇതിഹാസ താരം ഷുഐബ് അക്തർ. രോഹിത് ശർമ ഇന്ത്യൻ നായക പദവി ഏറ്റെടുക്കേണ്ടിയിരുന്നില്ലെന്നാണ് അക്തർ അഭിപ്രായപ്പെട്ടത്. ബാക്ക് സ്‌റ്റേജ് വിത്ത് ബോറിയ എന്ന റെവ് സ്‌പോർട്‌സ്‌ യൂട്യൂബ് ചാനൽ പരിപാടിയിലാണ് താരം പ്രതികരിച്ചത്.

ഏഴ് നവജാതശിശുക്കളെ കൊന്ന നഴ്സ് കുറ്റക്കാരി

ഏഴ് നവജാതശിശുക്കളെ കൊല്ലപ്പെടുത്തിയ ബ്രിട്ടീഷ് ​നഴ്സ് കുറ്റക്കാരിയെന്ന് കോടതി. നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ കൗണ്ടസ് ഓഫ് ഹോസ്പിറ്റലിൽ നഴ്സായിരുന്ന ലൂസി ലെറ്റ്ബി(33)ക്കെതിരെയാണ് കണ്ടെത്തൽ. 2015ലും 2016ലും അഞ്ച് ആൺകുട്ടികളെയും രണ്ട് പെൺകുഞ്ഞുങ്ങളെയും കൊല്ലുകയും മറ്റ് നവജാതശിശുക്കളെ ആക്രമിക്കുകയും ചെയ്ത കേസിലാണ് വിധി.

രജനികാന്ത് യുപിയിൽ

പുതിയ ചിത്രം ജയിലറിന്റെ വിജയത്തിന് പിന്നാലെ രജനികാന്ത് യുപിയിൽ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ജയിലര്‍ കണ്ടു. ഹിമാലയന്‍ യാത്രയ്ക്ക് ശേഷമാണ് അദ്ദേഹം ലഖ്നൗവില്‍ എത്തിയത്. ഈ മാസം പത്തിനാണ് സിനിമ തിയറ്ററില്‍ എത്തിയത്. രജനി ഒന്‍പതിന് തന്നെ ആത്മീയയാത്ര പുറപ്പെട്ടിരുന്നു.

ജയിലറിനെതിരെ ഹരജി

രജനികാന്ത് നായകനായെത്തിയ 'ജയിലർ' എന്ന ചിത്രത്തിനെതിരെ മദ്രാസ് ഹെെക്കോടതിയിൽ പൊതുതാത്പര്യ ഹരജി. ചിത്രത്തിന്റെ യു/എ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും പകരം എ സർട്ടിഫിക്കറ്റ് നൽകണമെന്നുമാണ് ആവശ്യം. അഭിഭാഷകനായ എം.എല്‍ രവിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ചിത്രത്തിൽ വയലൻസ് രംഗങ്ങൾ ധാരാളമുണ്ടെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. വില്ലൻ കഥാപാത്രം ചുറ്റിക കൊണ്ട് ഒരാളെ അടിച്ചുകൊല്ലുന്ന രംഗം ഉൾപ്പെടെയുണ്ട്. ഇത് കുട്ടികൾക്ക് അനുയോജ്യമല്ലെന്നും ഹരജിയിൽ പറയുന്നു. ചിത്രത്തിന് അമേരിക്കയിലും യുകെയിലും എ സര്‍ട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. ഹരജിയിൽ തീരുമാനമാകും വരെ ജയിലറിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.

അൽവാരോ വാസ്‌ക്വസ് ഐഎസ്എൽ വിട്ടു

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരം അൽവാരോ വാസ്‌ക്വസ് ഐഎസ്എൽ വിട്ടു. താരവുമായുള്ള കരാർ പരസ്പര ധാരണയോടെ അവസാനിപ്പിച്ചതായി എഫ്‌സി ഗോവ അറിയിച്ചു. ഈ സീസണിൽ മറ്റൊരു ഇന്ത്യൻ ക്ലബുമായി അൽവാരോ കരാറിലേർപ്പെടില്ല. സ്‌പെയിനിലേക്കാണ് താരത്തിന്റെ ചേക്കേറ്റം.


Similar Posts