India
Twitter trending,Adani,fake profile on support adani, Fake Trend Alert :adani group,adani group stocks,adani,gautam adani,adani group hindenburg,adani group hindenburg research report,hindenburg report on adani group
India

അദാനിയെ പിന്തുണച്ച് ട്വിറ്റര്‍ ട്രെന്‍ഡിങ്; ഏറെയും വ്യാജ പെൺ പ്രൊഫൈലുകൾ

Web Desk
|
2 Feb 2023 8:04 AM GMT

അദാനി വിശാലമായ ഹൃദയത്തിനുടമയാണ്.. ചരിത്രപരവും ധീരമായ തീരുമാനമാണ് അദ്ദേഹമെടുത്തത് എന്നായിരുന്നു ഒരു ട്വീറ്റ്

മുംബൈ: യു.എസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിന് പിന്നാലെ വൻതിരിച്ചടിയാണ് അദാനി ഗ്രൂപ്പ് നേരിട്ടത്. ഗൗതം അദാനിയെയും അദാനി ഗ്രൂപ്പിനെയും പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. സോഷ്യല്‍മീഡിയയിലും മറ്റും നിരവധി പേര്‍ പിന്തുണയുമായെത്തി. അദാനി ആരാധകരുടെ ട്വീറ്റ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാവുകയും ചെയ്തു. എന്നാൽ ട്വീറ്റ് ചെയ്തവയിലേറെ വ്യാജ പെൺ പ്രൊഫലുകളാണെന്ന് ആൾട്ട് ന്യൂസ് സഹസ്ഥാപകനും പ്രമുഖ ഫാക്ട് ചെക്കറുമായ മുഹമ്മദ് സുബൈർ ചൂണ്ടിക്കാട്ടി. ഫേക്ക് ട്രെന്‍ഡ് അലര്‍ട്ട് എന്ന അടിക്കുറിപ്പോടെ വ്യാജ പ്രൊഫൈലുകളുടെ സ്ക്രീന്‍ ഷോട്ടും മുഹമ്മദ് സുബൈർ ട്വിറ്ററില്‍ പങ്കുവെച്ചു.

ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലുമൊക്കെയാണ് അദാനിയെ പിന്തുണച്ചുകൊണ്ട് ട്വീറ്റ് വന്നത്.

ഓഹരിവിപണയിൽ വൻ തിരിച്ചടി നേരിടവേ അദാനി ഗ്രൂപ്പിന്റെ എഫ്.പി.ഒ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് #AdaniStandsWithInvestors എന്ന ഹാഷ് ടാഗിൽ ട്വിറ്ററിൽ നിരവധി പേർ പിന്തുണയുമായെത്തിയത്. 'അദാനിയുടേത് മികച്ച തീരുമാനമാണെന്നും നിങ്ങൾക്ക് എപ്പോഴും പിന്തുണയുണ്ടാകുമെന്നുമായിരുന്നു' ഒരു ട്വീറ്റ്. അദാനി വിശാലമായ ഹൃദയത്തിനുടമയാണ്.. ചരിത്രപരവും ധീരമായ തീരുമാനമാണ് അദ്ദേഹമെടുത്തത്. എന്റെ നിക്ഷേപകരുടെ താൽപ്പര്യം പരമപ്രധാനമാണ് .നിക്ഷേപകരെ നഷ്ടത്തിൽ നിന്ന് രക്ഷിക്കാൻ ഞങ്ങൾ എഫ്.പി.ഒ പിൻവലിച്ചതെന്നും മറ്റൊരു ട്വീറ്റ്. നിമിഷനേരം കൊണ്ടാണ് #AdaniStandsWithInvestors എന്ന ഹാഷ് ടാഗ് ട്രെന്റിങ്ങായത്. വ്യാജ പ്രൊഫൈലുകൾക്ക് പുറമെ വെരിഫൈഡ് അക്കൗണ്ടുകളിൽ നിന്നും അദാനിയെ പിന്തുണച്ച് ട്വീറ്റുകൾ വന്നിരുന്നു.

മൂല്യം പെരുപ്പിച്ചു കാട്ടിയാണ് അദാനി ഓഹരികളുടെ വിൽപ്പന നടക്കുന്നത് എന്നായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ട്. ഇതിന് പിന്നാലെ അഞ്ച് ദിവസത്തിനിടെ അദാനിക്ക് നഷ്ടമായത് ഏഴരലക്ഷം കോടിയിലേറെയായിരുന്നു.

ഓഹരിവിപണയിൽ വൻ തിരിച്ചടി നേരിടവേ അദാനി ഗ്രൂപ്പിന്റെ എഫ്പിഒ റദ്ദാക്കിയത് ധാർമ്മിക തീരുമാനമെന്ന് ഗൗതം അദാനി പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക അടിത്തറ ഉറച്ചതാണ്. കടബാധ്യതകൾ കൃത്യമായി നിറവേറ്റാറുണ്ടെന്നും നിക്ഷേപകരുടെ താൽപര്യമാണ് പരമ പ്രധാനമെന്നും വീഡിയോ സന്ദേശത്തിൽ ഗൗതം അദാനി പറഞ്ഞു. നിക്ഷേപകരുടെ താൽപ്പര്യം പരിഗണിച്ചാണ് നടപടയെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം,. നിക്ഷേപകർക്ക് പണം തിരികെ നൽകാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം. ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ വിറ്റഴിച്ച അദാനി ഗ്രൂപ്പിന്റെ 20,000 കോടിയുടെ എഫ്പിഒയാണ് ഗ്രൂപ്പ് റദ്ദാക്കിയത്. ബജറ്റ് ദിനമായ ഇന്നലെ ഓഹരിവിപണിയിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് നാടകീയ നടപടി, വരും ദിവസങ്ങളിലും അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കരതൊടാൻ സാധ്യതയില്ല, ഈ സാഹചര്യത്തിലാണ് തുടർ ഓഹരി വിൽപ്പന പാതി വഴിയിൽ ഉപേക്ഷിക്കുന്നത്.

ഹിൻഡൻബർഗ് റിപ്പോർട്ടിന് 413 പേജുകളുള്ള വിശദമായ മറുപടിയാണ് അദാനി ഗ്രൂപ്പ് പുറത്തിറക്കിയിരുന്നത്. തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും രാജ്യത്തിനെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടക്കുന്നതെന്നും റിപ്പോർട്ടിൽ പരാമർശം. യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിലെ ആരോപണങ്ങൾ ഇന്ത്യയ്ക്കും ഇന്ത്യൻ സ്ഥാപനങ്ങൾക്കെതിരെയും നടന്ന കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന മറുപടിയുമായാണ് അദാനി ഗ്രൂപ്പ് രംഗത്തെത്തിയത്. ഇന്ത്യയിൽ വ്യാജ വിപണി സൃഷ്ടിച്ച് ഓഹരി ഇടപാട് നടത്തി ലാഭമുണ്ടാക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യമെന്നും സ്വാർത്ഥ ലക്ഷ്യമാണ് ഇങ്ങനയൊരു റിപ്പോർട്ട് തയ്യാറാക്കാൻ കമ്പനിയെ പ്രേരിപ്പിച്ചതെന്നും മറുപടിയിൽ അദാനി ഗ്രൂപ്പ് ആരോപിച്ചു.





Similar Posts