കേരള സ്റ്റോറിയുടെ നുണക്കഥ പൊളിച്ച് ധ്രുവ്, ട്വിറ്ററിന് വനിതാ സിഇഒ.. അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്ങുകൾ
|കള്ളക്കഥ രാഷ്ട്രീയ നേട്ടത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ഉപയോഗിച്ചെന്നും ധ്രുവ് റാഠി കുറ്റപ്പെടുത്തി.
ദ കേരള സ്റ്റോറി പെരുംനുണ #TheKeralaStoryRevealFacts
സുദിപ്തോ സെൻ സംവിധാനം ചെയ്ത വിവാദ സിനിമ ദ കേരള സ്റ്റോറിയിലെ കള്ളക്കഥകൾ വസ്തുതകൾ നിരത്തി തുറന്നു കാട്ടി യൂട്യൂബർ ധ്രുവ് റാഠി. നുണ ആവർത്തിച്ചും അർധസത്യങ്ങൾ പറഞ്ഞുമാണ് സിനിമ ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ദ കേരള സ്റ്റോറി ട്രൂ ഓർ ഫേക്ക് (കേരള സ്റ്റോറി, സത്യമോ കള്ളമോ) എന്നു തലക്കെട്ടിട്ട വീഡിയോയിൽ ധ്രുവ് പറയുന്നു. ജനസംഖ്യാനുപാതികമായി ഐസിസിലേക്ക് ഏറ്റവും കുറവ് ആളുകൾ പോയ രാഷ്ട്രമാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കള്ളക്കഥ രാഷ്ട്രീയ നേട്ടത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ഉപയോഗിച്ചെന്നും ധ്രുവ് റാഠി കുറ്റപ്പെടുത്തി.
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം #CbseResult2023
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.12 ആണ് വിജയശതമാനം. തിരുവനന്തപുരം മേഖലയിലാണ് വിജയശതമാനം കൂടുതൽ. 99.91.
94.25ശതമാനം പെൺകുട്ടികളും 92.27ശതമാനം ആൺകുട്ടികളും വിജയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 1.28 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ട്വിറ്ററിനെ നയിക്കാൻ വനിതാ സിഇഒ #TwitterCEO
മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിനെ ഇനി പുതിയ സിഇഒ നയിക്കുമെന്ന് ഇലോൺ മസ്ക് അറിയിച്ചതിന് പിന്നാലെ ട്രോളിട്ട് ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ. പുതിയ സിഇഒ ആരെന്ന് മസ്ക് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എൻബിസി യൂണിവേഴ്സലിലെ പരസ്യവിഭാഗം മേധാവി ലിൻഡ യാക്കാരിനോ ആയിരിക്കുമെന്നാണ് സൂചന. മസ്കിന്റെ പ്രഖ്യാപനത്തെ ട്രോളുകളും മീമുകളുമായാണ് ട്വിറ്റർ ഉപയോക്താക്കൾ സ്വീകരിച്ചത്. തങ്ങളുടെ ക്രിയേറ്റിവിറ്റി മുഴുവൻ പുറത്തടുത്ത ചിലർ പുതിയ സിഇഒയുടെ 'ചിത്രം' അടക്കം പുറത്തുവിടുകയും ചെയ്തു.
കർണാടക 'കൈ' പിടിക്കുമോ? #KarnatakaElectionResults
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ. രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. എക്സിറ്റ്പോൾ പ്രവചനങ്ങളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. ഭരണത്തുടർച്ചയുണ്ടാകുമെന്ന് ബിജെപിയും ഉറച്ചുവിശ്വസിക്കുന്നു.
ഇത്തവണ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് മിക്ക എക്സിറ്റ്പോൾ സർവേകളും പ്രവചിക്കുന്നു. 140 സീറ്റുകൾ വരെ കോൺഗ്രസിനു ലഭിക്കുമെന്ന് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവ്വേ പറയുന്നു. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എന്നാൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും മറ്റു ചില സർവേകളും പറയുന്നു. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ ജെഡിഎസ് കളത്തിലാകും തീരുമാനങ്ങൾ.
ഇംറാൻ ഖാന്റെ അറസ്റ്റ് #imranKhanPTI
പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ അറസ്റ്റ് ചെയ്ത നടപടിയിൽ ഷഹബാസ് ശരീഫ് സർക്കാരിന് തിരച്ചടി. ഇംറാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പാക് സുപ്രിംകോടതി വ്യക്തമാക്കി. അദ്ദേഹത്തെ ഉടൻ മോചിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് ഇസ്ലാമാബാദ് ഹൈക്കോടതിക്കു പുറത്ത് പാകിസ്താനിലെ അഴിമതി വിരുദ്ധ അന്വേഷണ സംഘമായ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ(നാബ്) ആണ് ഇംറാൻ ഖാനെ അറസ്റ്റ് ചെയ്തത്. അൽഖദീർ ട്രസ്റ്റ് കേസിലായിരുന്നു അറസ്റ്റ്. നടപടി ചോദ്യംചെയ്ത് അദ്ദേഹത്തിന്റെ അഭിഭാഷകസംഘം സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. അറസ്റ്റിനു പിന്നാലെ രാജ്യവ്യാപകമായി അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടെയാണ് ഇംറാന് ആശ്വാസകരമായ വിധി പരമോന്നത കോടതിയിൽനിന്ന് പുറത്തുവരുന്നത്.
ട്വിറ്റർ മേധാവി സ്ഥാനം രാജിവെക്കുന്നതായി ഇലോൺ മസ്ക് #ElonMusk
ട്വിറ്റർ മേധാവി സ്ഥാനം രാജിവെക്കുന്നതായി ഇലോൺ മസ്കിന്റെ പ്രഖ്യാപനം. ട്വിറ്ററിനായി പുതിയ സി.ഇ.ഒയെ കണ്ടെത്തിയെന്നും മസ്ക് ട്വീറ്റ് ചെയ്തു. ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസർ റോളിലേക്ക് താൻ മാറുമെന്നും മസ്ക് ട്വീറ്റ് ചെയ്തു. ആറ് ആഴ്ചക്കുള്ളിൽ 'അവൾ' സി.ഇ.ഒ സ്ഥാനം ഏറ്റെടുക്കുമെന്നും മസ്ക് അറിയിച്ചു. എന്നാൽ ആരാണ് പുതിയ സി.ഇ.ഒ എന്നത് മസ്ക് വ്യക്തമാക്കിയിട്ടില്ല.
എൻ.ബി.സി യൂണിവേഴ്സൽ എക്സിക്യൂട്ടീവ് ലിൻഡ യാക്കാരിനോ ആയിരിക്കും പുതിയ ട്വിറ്റർ സി.ഇ.ഒ എന്ന ചർച്ചകളും സജീവമാണ്. ലിൻഡ യാക്കാരിനേയാണ് സി.ഇ.ഒ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. എൻബിസി യൂണിവേഴ്സൽ മീഡിയയിലെ ഗ്ലോബൽ അഡ്വർടൈസിംഗ്, പാർട്ണർഷിപ്പുകളുടെ ചെയർപേഴ്സണാണ് യാക്കാരിനോ.എന്നാൽ ഇക്കാര്യംഎൻ.ബി.സി യൂണിവേഴ്സൽ സ്ഥിരീകരിച്ചിട്ടില്ല.