നെയ്മർ 'അൽ' ജൂനിയർ, സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി തലസ്ഥാനം; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്ങുകൾ
|160 ദശലക്ഷം യൂറോ (ഏകദേശം 1,451 കോടി രൂപ)യാണ് നെയ്മറിന്റെ പ്രതിഫലമെന്നാണ് വിവരം.
സ്വാതന്ത്ര്യദിനാഘോഷം: ഒരുക്കങ്ങൾ അവസാനഘട്ടത്തില്‍ #IndependenceDayIndia
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. കനത്ത സുരക്ഷയിലാണ് രാജ്യം. ചെങ്കോട്ടയിൽ വിവിധ സേനാവിഭാഗങ്ങളുടെ അവസാനവട്ട പരിശീലനം നടന്നു.
രാജ്യം നാളെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തയ്യാറെടുക്കവേ തലസ്ഥാന നഗരി പഴുതടച്ച സുരക്ഷയിലാണ്. നാളെ ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര ദിനാഘോഷത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എത്തി. അധ്യാപകർ, ആരോഗ്യ പ്രവർത്തകർ, കർഷകർ, മത്സ്യതൊഴിലാളികൾ, കെട്ടിട നിർമാണ തൊഴിലാളികൾ എന്നിങ്ങനെ വിവിധ മേഖലയിലുള്ള 1800 അതിഥികൾ പങ്കെടുക്കും.
നീറ്റ് പരാജയം: 19കാരൻ ജീവനൊടുക്കി NEET
തമിഴ്നാട്ടിൽ നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ട വിഷമത്തിൽ ജീവനൊടുക്കിയ 19കാരന്റെ പിതാവും മരിച്ചനിലയിൽ. ചെന്നൈയിൽ ക്രോംപേട്ടയ്ക്ക് സമീപം കുറിഞ്ഞിയിലാണ് സംഭവം. നീറ്റ് പരീക്ഷയിൽ രണ്ടാം വട്ടവും പരാജയപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ചയാണ് എസ്.ജഗദീശ്വരന് എന്ന വിദ്യാര്‍ഥി ജീവനൊടുക്കിയത്. മകന്റെ സംസ്കാര ചടങ്ങുകള്‍ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പിതാവും മരിച്ചത്. ഫോട്ടോഗ്രാഫറാണ് മരിച്ച പി. ശെല്‍വശേഖർ.
അതേസമയം, നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾ ജീവനൊടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുതെന്ന് അഭ്യർത്ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രംഗത്തെത്തി. ജഗദീശ്വരന്റെയും പിതാവ് സെൽവശേഖറിന്റെയും വിയോഗത്തിൽ സ്റ്റാലിൻ അഗാധമായ ദു:ഖം രേഖപ്പെടുത്തി. നീറ്റ് പരീക്ഷയെ ചൊല്ലിയുള്ള അവസാന മരണമാകട്ടെ ഇതെന്നും അദ്ദേഹം പറഞ്ഞു.
നെയ്മർ അൽ ഹിലാലിൽ neymar
ബ്രസീൽ സൂപ്പർ താരം നെയ്മർ സൗദി ക്ലബായ അൽ ഹിലാലിൽ. രണ്ടു വർഷത്തേക്കാണ് കരാർ ഒപ്പുവെച്ചത്. താരത്തിന്റെ വൈദ്യപരിശോധന ഇന്ന് നടക്കും. 160 ദശലക്ഷം യൂറോ (ഏകദേശം 1,451 കോടി രൂപ)യാണ് താരത്തിന്റെ പ്രതിഫലമെന്നാണ് വിവരം.
2017ൽ ബാഴ്സലോണയിൽനിന്നാണ് നെയ്മർ പി.എസ്.ജിയിൽ എത്തുന്നത്. ഫുട്ബോൾ വിപണിയിലെ മികച്ച കരാറുകളിലൊന്നാണ് അന്ന് നെയ്മറിന് ലഭിച്ചിരുന്നത്. പിന്നാലെ മെസിയും ക്ലബിനൊപ്പം ചേർന്നു. നെയ്മർ-മെസി- എംബാപ്പെ ഭരണമായിരുന്നു പിന്നീട് പി.എസ്.ജിയിൽ. എന്നാൽ, പി.എസ്.ജി കണ്ണുവെച്ച ചാംപ്യൻസ് ട്രോഫി കിരീടം പാരീസിൽ എത്തിക്കാൻ ഈ സഖ്യത്തിനായില്ല. ഇതോടെയാണ് വമ്പൻ തുക ചെലവാക്കി ഇവരെ ക്ലബിൽ നിലനിർത്തേണ്ടതില്ലെന്ന തരത്തിലേക്ക് പി.എസ്.ജി മാനേജ്മെന്റ് ആലോചിക്കുന്നതും മെസിയുടെ പുറത്താകലിലേക്കു കാര്യങ്ങൾ എത്തിയതും. മെസിക്കുനേരെ കാണികൾ കൂവുന്ന സാഹചര്യംവരെ പാരീസിൽ ഉണ്ടായി.
റൊണാൾഡോയിൽ തുടങ്ങി നെയ്മറിൽ Saudi
ഖത്തർ ലോകകപ്പിന് പിന്നാലെയാണ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കി സൗദി പ്രോ ലീഗ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചത്. ഇതോടെ യൂറോപ്പിൽ കറങ്ങിയിരുന്ന ഫുട്ബോൾ വിപണി സൗദിയിലേക്ക് കൂടി എത്തുകയാണ്. മെസിയുടെയും എംബാപ്പയുടെയും പേരുകളും സൗദിയിലേക്ക് സജീവമായിരുന്നു. മെസി അവസാന നിമിഷമാണ് അമേരിക്ക തെരഞ്ഞെടുത്തത്. എന്നാൽ എംബാപ്പക്ക് പിന്നാലെയുള്ള ഓട്ടം സൗദി ക്ലബ്ബുകൾ അവസാനിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അല്‍ ഹിലാല്‍ ക്ലബ്ബ് നെയ്മറെ സ്വന്തമാക്കിയത് പ്രതിവർഷം 1454 കോടി രൂപക്കാണ്. മെഡിക്കൽ പരിശോധന പൂർത്തിയാക്കുന്നതോടെ നെയ്മർ സൗദിയിലേക്ക് എത്തും. പി.എസ്.ജിക്ക് 818 കോടി രൂപ ട്രാൻസ്ഫർ ഫീസ് നൽകിയാണ് നെയ്മറെ റാഞ്ചുന്നത്. ഇതോടെ ലോകത്ത് ഏറ്റവും പ്രതിഫലം ലഭിക്കുന്ന രണ്ടാമത്തെ ഫുട്ബോൾ താരമായി നെയ്മർ മാറി.
മിന്നൽ പ്രളയത്തിൽ തകർന്ന് ഹിമാചൽ #HimachalPradesh
ഹിമാചൽ പ്രദേശിൽ 24 മണിക്കൂറിനുള്ളിൽ ഉണ്ടായ മൂന്നാമത്തെ വലിയ മഴ കനത്ത ദുരന്തം വിതച്ചു. ശക്തമായത് മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇതുവരെ ഏഴുപേരാണ് മരിച്ചത്. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു അറിയിച്ചു. സംസ്ഥാനത്തുനായ പ്രളയത്തിന്റെ ഭീകര ദൃശ്യങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.
മാണ്ഡി ജില്ലയിലെ സാംബാൽ ഗ്രാമത്തിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. ഇവിടെ മിന്നൽ പ്രളയത്തിൽ ഒൻപത് പേർ ഒഴുക്കിൽപ്പെട്ടു. മലയോര മേഖലയിൽ തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 21 പേരാണ് മരിച്ചത്. അതിശക്തിയായി വെള്ളം താഴേക്ക് കുത്തിയൊലിച്ചുവരുന്നത് മുഖ്യമന്ത്രി പങ്കിട്ട വീഡിയോയിൽ കാണാം.