India
Twitter trending today, #UEL, #uefachampionsleague, #INDvsAUS, KabzaaInCinemasNow, BholaaInODI, Mute
India

പ്രതിഷേധങ്ങള്‍ക്ക് മ്യൂട്ട്, തിയറ്ററുകളില്‍ കബ്സ, ഉറങ്ങി തീര്‍ത്ത് ഒരു ദിനം...അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്

Web Desk
|
17 March 2023 4:09 PM GMT

ഇന്ത്യ-ആസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെയുള്ള അജയ് ദേവ്ഗണിന്‍റെ അപ്രതീക്ഷിത വരവില്‍ സ്റ്റേഡിയം ആവേശത്തിരയിലായതും ട്വിറ്റര്‍ ആഘോഷമാക്കി

പ്രതിഷേധങ്ങള്‍ക്ക് മ്യൂട്ട് | #Mute

പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഓഡിയോ നിശബ്ദമാക്കിയെന്ന് കോൺഗ്രസ്. ഈ ആരോപണം തെളിയിക്കുന്ന വിഡിയോയും കോൺഗ്രസ് പുറത്തു വിട്ടു. ലോക്സഭാ നടപടികൾ ആരംഭിച്ചതിന് തൊട്ടുപിറകെ പ്രതിപക്ഷ പ്രതിഷേധം തുടങ്ങുകയും ആ സമയം വിഡിയോ നിശബ്ദമാവുകയുമായിരുന്നു. 20 മിനുട്ടോളം ആ നിശബ്ദത തുടർന്നു. പിന്നീട് ലോക്സഭാ സ്പീക്കർ സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് ശബ്ദം തിരിച്ചു വന്നത്. സ്പീക്കറുടെ ചെയറിനു സമീപത്തായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

റയൽ മാഡ്രിഡ് vs ചെൽസി | #uefachampionsleague

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ലൈനപ്പായി. അവസാന നാലിലേക്കുള്ള പോരാട്ടങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരായ ചെൽസിയെ നേരിടും. റയൽ മാഡ്രിഡിന്‍റെ ഹോം ഗ്രൌണ്ടായ സാന്റിയാഗോ ബെർണബ്യൂവിലാണ് ആദ്യ പോരാട്ടം. പ്രീ ക്വാർട്ടറിൽ ലിവർപൂളിനെ തകർത്താണ് റയലിന്റെ വരവെങ്കില്‍ ബൊറൂഷ്യ ഡോട്മുണ്ടിനെ വീഴ്ത്തിയാണ് ചെല്‍സി ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

ബയേൺ മ്യൂണിക്ക് vs മാഞ്ചസ്റ്റർ സിറ്റി | #UEL

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ലൈനപ്പായി. അവസാന നാലിലേക്കുള്ള പോരാട്ടങ്ങളിൽ ബയേൺ മ്യൂണിക്കാണ് മാഞ്ചസ്റ്റർ സിറ്റിയേ നേരിടും. മറ്റ് മത്സരങ്ങളിൽ ഇന്റർമിലാൻ പോർച്ചുഗീസ് കരുത്തരായ ബെൻഫിക്കയെ നേരിടുമ്പോൾ എ.സി മിലാൻ മറ്റൊരു ഇറ്റാലിയൻ ക്ലബ്ബായ നാപ്പോളിയുമായി ഏറ്റുമുട്ടും. ക്വാർട്ടർ ആദ്യ പാദ മത്സരങ്ങൾ ഏപ്രിൽ 11, 12 തിയതികളിലായാണ് നടക്കുക. പ്രീ ക്വാർട്ടറിൽ ലെപ്സിഗിനെ ഗോള്‍മഴയില്‍ മുക്കിയാണ് മാഞ്ചസ്റ്റർ സിറ്റി ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.

രക്ഷകനായി രാഹുൽ; ഇന്ത്യക്ക് അഞ്ചു വിക്കറ്റ് ജയം | #INDvsAUS

ഒന്നാം ഏകദിനത്തിൽ ആസ്‌ട്രേലിയക്കെതിരെ വിജയം നേടി ഇന്ത്യ. 80 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ വിജയത്തിലെത്തിച്ചത് ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന കെ.എല്‍ രാഹുല്‍ രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ്. ആറാം വിക്കറ്റില്‍ 108 റണ്‍സാണ് ഇരുവരും ചേർന്ന് നേടിയത്. ടെസ്റ്റ് പരമ്പരയില്‍ മോശം ഫോമിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ നേരിട്ട കെ.എല്‍ രാഹുലിന്‍റെ വന്‍തിരിച്ചുവരവാണിത്. മുന്‍ നിര ബാറ്റര്‍മാരൊക്കെ പെട്ടെന്ന് കൂടാരം കയറിയപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ അവസാനം വരെ ടീമിനെ ഒറ്റക്ക് തോളിലേറ്റിയ രാഹുല്‍ 95 പന്ത് നേരിട്ട് 75 റണ്‍സെടുത്തു. ജഡേജ 69 പന്തില്‍ 45 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

രണ്ടാം ഓവറിൽ ഓപ്പണർ ഇഷാൻ കിഷനെ വിക്കറ്റിന് മുന്നിൽ കുടുക്കി മാർകസ് സ്റ്റോയ്‌നിസാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. അഞ്ചാം ഓവറിൽ വിരാട് കോഹ്ലിയേയും സൂര്യകുമാർ യാദവിനേയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി സ്റ്റാർക്ക് ഇന്ത്യയെ ഞെട്ടിച്ച് കളഞ്ഞു. പിന്നീട് കെ.എൽ രാഹുലിനെ കൂട്ടു പിടിച്ച് സ്‌കോർ പതിയെ ഉയർത്താനുള്ള ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ ശ്രമം. പത്താം ഓവറിൽ ഗില്ലിനെ ലബൂഷെയിനിന്റെ കയ്യിലെത്തിച്ച് സ്റ്റാർക്ക് ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നീടാണ് പാണ്ഡ്യയും രാഹുലും ക്രീസില്‍ ഒത്തു ചേര്‍ന്നത്. 25 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യ അലക്ഷ്യമായൊരു ഷോട്ടിന് മുതിര്‍ന്ന് സ്റ്റോയിനിസിന് വിക്കറ്റ് നല്‍കി മടങ്ങി. പിന്നീടാണ് രാഹുല്‍- ജഡേജ നിര്‍ണായക കൂട്ടുകെട്ട് പിറവിയെടുക്കുന്നത്.

ഉറങ്ങാൻ ഒരു ദിനം | #WorldSleepDay

ഇന്ന് മാർച്ച് 17-ലോക നിദ്രാദിനം. ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനും മികച്ച ഉറക്കശീലങ്ങൾ വളർത്തിയെടുക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി വേൾഡ് സ്ലീപ് സൊസൈറ്റിയാണ് ലോക നിദ്രാ ദിനം സംഘടിപിച്ചത്. സൊസൈറ്റിയുടെ നേതൃത്വത്തിൽ ഉറക്കത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ബോധവത്കരണ ക്ലാസുകളും വിവിധ പരിപാടികളും ഈ ദിവസം നടക്കും.

വേക്ഫിറ്റ് എന്ന മെത്തക്കമ്പനി ഇന്ന് ജീവനക്കാർക്ക് സർപ്രൈസ് അവധി നൽകിയാണ് ആഘോഷിച്ചത്. ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനി ഇന്ന് ജീവനക്കാർക്ക് അവധി നൽകിയത് ചൂണ്ടിക്കാട്ടി ലിങ്ക്ഡിനിൽ ഇത് സംബന്ധിച്ച പോസ്റ്റും പങ്ക് വച്ചു. സാധാരണ ഏതൊരു അവധിയെടുക്കും പോലെയും ഇന്ന് അവധി എടുക്കാമെന്നും അവധി ഓപ്ഷണൽ ആണെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നേരത്തെ, ഉച്ചയ്ക്ക് 2 മുതൽ 2.30 വരെ ജീവനക്കാർക്ക് ഉറക്കത്തിന് സമയം അനുവദിച്ചും വേക്ക്ഫിറ്റ് വാർത്തകളിലിടം നേടിയിരുന്നു.

തിയറ്ററുകളില്‍ കബ്സ | #KabzaaInCinemasNow

കെ.ജി.എഫിനു ശേഷം വൻ മുതൽ മുടക്കിൽ നിർമിച്ച പീരിയഡ് ഗ്യാങ്ങ്സ്റ്റർ ചിത്രം കബ്സ ഇന്ന് തിയറ്ററുകളിലെത്തി. ഉപേന്ദ്ര, ശിവരാജ്കുമാർ, കിച്ച സുദീപ, ശ്രീയ ശരൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആർ. ചന്ദ്രുവാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് 1940 കാലഘട്ടത്തിലെ ഒരു ഗ്യാങ്ങ്സ്റ്ററുടെ കഥയാണ് ചിത്രം പറയുന്നത്. 120 കോടിരൂപ മുതൽ മുടക്കിൽ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

കന്നഡ, തെലുഗ്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് എൽജിഎഫ് ഫിലിംസ്, ഇഫോർ എന്റർടെയ്ൻമെന്റ്സ് എന്നിവർ ചേര്‍ന്നാണ്. കേരളത്തിൽ 200 ൽ അധികം തിയറ്ററുകളില്‍ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഇന്ന് റിലീസ് ചെയ്തത്.

ഇന്ത്യ-ആസ്ട്രേലിയ ഏകദിന ഗ്രൗണ്ടില്‍ അജയ് ദേവ്ഗണ്‍ | #BholaaInODI

ഇന്ത്യ-ആസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെ ഗ്രൗണ്ടില്‍ താരമായി നടന്‍ അജയ് ദേവ്ഗണ്‍. പുതിയ സിനിമയായ ഭോല പുറത്തിറങ്ങുന്നതിന് മുന്നോടിയായുള്ള പ്രചാരണങ്ങളുടെ ഭാഗമായാണ് അജയ് ദേവ്ഗണ്‍ വാംഗെഡെ സ്റ്റേഡിയത്തിലെത്തിയത്. അജയ് ദേവ്ഗണിന്‍റെ അപ്രതീക്ഷിത വരവില്‍ സ്റ്റേഡിയം ആവേശത്തിരയിലായി. ആരാധകര്‍ക്കും സിനിമാ പ്രേക്ഷകര്‍ക്കും പുതിയൊരു അനുഭവമായിരുന്നു ക്രിക്കറ്റ് ആവേശത്തിനിടയിലെ സിനിമാ ആവേശം.

അജയ് ദേവ്ഗൺ സംവിധാനം ചെയ്ത് നിർമിച്ച ഭോല ആക്ഷന്‍ ത്രില്ലര്‍ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. 10 വർഷത്തെ തടവിന് ശേഷം തന്‍റെ ഇളയ മകളെ കാണാൻ വീട്ടിലേക്ക് പോകുന്ന ഭോലയുടെ കഥയാണ് ചിത്രം കാണിക്കുന്നത്. തബുവാണ് ഭോലയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Similar Posts