പ്രധാനമന്ത്രി നാളെ ചെന്നൈയിൽ, അദാനിയെ പിന്തുണച്ച് പവാർ: അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്
|അല്ലു അർജുന്റെ 40ാം പിറന്നാളും ട്വിറ്റർ ഏറെ ആഘോഷമാക്കിയിട്ടുണ്ട്
പ്രധാനമന്ത്രി നാളെ ചെന്നൈയിൽ
പ്രധാനമന്ത്രിയുടെ നാളത്തെ ചെന്നൈ സന്ദർശനത്തിനായി ട്വിറ്റർ ഇപ്പോഴേ ഒരുങ്ങിക്കഴിഞ്ഞു. വണക്കം മോദി ജീ എന്ന ഹാഷ്ടാഗുകൾ സജീവമാണ് ട്വിറ്ററിൽ. ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരതിന്റെ ഫ്‌ളാഗ് ഓഫ് ഉൾപ്പടെ വിവിധ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രിയെത്തുന്നത്. നാളെ വൈകിട്ട് മൂന്നിന് എത്തുന്ന പ്രധാനമന്ത്രി ചെന്നൈ വിമാനത്താവളത്തിന്റെ പുതിയ ടെർമിനലും ഉദ്ഘാടനം ചെയ്യും.
പുഷ്പ 2: ദി റൂൾ
തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ ഹിറ്റ് ചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനമാണ് ട്വിറ്റർ അടുത്തതായി ആഘോഷിച്ച വാർത്ത. 3 മിനിറ്റ് ദൈർഘ്യമുള്ള കൺസപ്റ്റ് വീഡിയോ പുറത്തു വിട്ടുകൊണ്ടാണ് അണിയറപ്രവർത്തകർ പുഷ്പ 2ന്റെ അണൗൺസ്‌മെന്റ് നടത്തിയിരിക്കുന്നത്. #huntforpushpa എന്ന ഹാഷ്ടാഗിലാണ് വീഡിയോ പ്രചരിക്കുന്നത്.
അല്ലു അർജുൻ
അല്ലു അർജുന്റെ 40ാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ട്വിറ്റർ. എങ്ങും എവിടെയും #alluarjunbirthday ഹാഷ്ടാഗുകൾ നിറഞ്ഞ് നിൽക്കുകയാണ് ട്വിറ്ററിൽ. പിറന്നാളിനോടനുബന്ധിച്ച് പുഷ്പ 2വിന്റെ കൺസപ്റ്റ് വീഡിയോയും അണിയറപ്രവർത്തകർ പുറത്തു വിട്ടതോടെ ട്വിറ്ററിലെങ്ങും അല്ലു അർജുൻ നിറഞ്ഞു നിന്നു.
ശരദ് പവാർ
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ തള്ളിയും ഗൗതം അദാനിയെ പിന്തുണച്ചും എൻസിപി അധ്യക്ഷൻ ശരദ് പവാർ രംഗത്ത് വന്നതാണ് ട്വിറ്ററിലെ അടുത്ത ട്രെൻഡിംഗ് വാർത്ത. അദാനിക്കെതിരായ ഹിൻഡൻബെർഗ് റിപ്പോർട്ട് പ്രത്യേക ലക്ഷ്യം വച്ചുള്ളതാണെന്നാണ് പവാറിന്റെ ആരോപണം. പാർലമെൻറിൽ വിഷയത്തിന് അനാവശ്യ പ്രാധാന്യമാണ് നൽകുന്നെന്നും ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി അന്വേഷണ സമിതിയെ നിയോഗിച്ചപ്പോഴുള്ള ജെപിസി അന്വേഷണം അനാവശ്യമെന്നും പവാർ വിമർശിച്ചു. അദാനി വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ പാർലമെൻറിലടക്കം പ്രതിഷേധം ഉയർത്തുമ്പോഴാണ് വിഷയത്തിൽ ശരദ് പവാർ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. അദാനി വിഷയത്തിലെ സംയുക്ത പ്രതിപക്ഷ യോഗങ്ങളിൽ നിന്നും പ്രതിഷേധങ്ങളിൽ നിന്നും നേരത്തെ എൻസിപി വിട്ടുനിന്നിരുന്നു.
#LSGvsSRH #IPL2023
ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ എറിഞ്ഞൊതുക്കി ലഖ്നൗ സൂപ്പർ ജയൻറ്സ്. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 121 റൺസാണ് ടീമിന് നേടാനായത്. ഐ.പി.എല്ലിൽ കന്നി മത്സരം കളിക്കാനിറങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ അൻമോൾ പ്രീത് സിംഗ് 26 പന്തിൽ 31 ഉം രാഹുൽ ത്രിപാതി 41 പന്തിൽ 34 ഉം റൺസ് നേടി. ഇരുവരുമാണ് ടീമിന്റെ ടോപ് സ്‌കോററർമാർ. വാഷിംഗ്ഡൺ സുന്ദർ(16), അബ്ദുൽ സമദ്(21) എന്നിവർ മാത്രമാണ് ടീമിൽ നിന്ന് രണ്ടക്കം കണ്ടവർ.
തായ്‌വാൻ
തായ് വാൻ പ്രസിഡന്റ് സായ് ഇംഗ് വെന്നിന്റെ യുഎസ് സന്ദർശനത്തോടെ #taiwan ഹാഷ്ടാഗുകൾ ട്രെൻഡിംഗ് ആണ് ട്വിറ്ററിൽ. സന്ദർശനത്തിന് പിന്നാലെ യുഎസിലെ തായ് വാൻ സ്ഥാനപതിക്ക് ചൈന പുതിയ ഉപരോധം പ്രഖ്യാപിച്ചതോടെ വാർത്ത ട്വിറ്ററിൽ കത്തിക്കയറി.
എക്‌സോ 11 വർഷങ്ങൾ
എക്‌സോ എന്ന സൗത്ത് കൊറിയൻ- ചൈനീസ് ബോയ് ബാൻഡിന്റെ പതിനൊന്നാം വർഷമാണ് ട്വിറ്റർ ഇന്ന് ആഘോഷമാക്കിയ മറ്റൊന്ന്. ഒമ്പത് അംഗങ്ങളുള്ള ബാൻഡിന്റെ പാട്ടുകൾക്കെല്ലാം നിരവധി ആരാധകരുണ്ട്. കൊറിയൻ, ജാപ്പനീസ്, മാൻഡരിൻ ഭാഷകളിലാണ് ഇവർ ഗാനങ്ങൾ പുറത്തിറക്കുന്നത്.
ദുഃഖ വെള്ളി
യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെ ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിച്ചു. ദേവാലയങ്ങളിൽ രാവിലെ തന്നെ പ്രാർഥനകളും പ്രത്യേക ശുശ്രൂഷകളുമുണ്ടായി.
ലോകാരോഗ്യ ദിനം
ഇന്ന് ലോകാരോഗ്യ ദിനം. 1948 ഏപ്രിൽ 7ന് ലോകാരോഗ്യ സംഘടന നിലവിൽ വന്നത് മുതൽ ഈ ദിവസമാണ് ലോകാരോഗ്യ ദിനമായി ആചരിച്ചു വരുന്നത്. ലോകത്തെല്ലാവർക്കും മികച്ച ആരോഗ്യവും ക്ഷേമവുമെന്ന ലക്ഷ്യം മുൻനിർത്തിയാണ് സംഘടനയുടെ പ്രവർത്തനം. എല്ലാവർക്കും ആരോഗ്യം എന്നതാണ് ഇത്തവണത്തെ ആരോഗ്യദിന സന്ദേശം. ലോകാരോഗ്യ സംഘടനയുടെ 75ാം വാർഷികം കൂടിയാണ് ഇത്.
ചാമിംഗ് ഇന്റേൺ വി
ലോകപ്രശസ്ത കൊറിയൻ പോപ് ബാൻഡാണ് ബിടിഎസ്. തൽക്കാലത്തേക്ക് ബാൻഡ് പിരിഞ്ഞെങ്കിലും ലോകത്തിന്റെ നാനാഭാഗങ്ങളിലായി വലിയ ആരാധനാവലയം ആണ് ബിടിഎസിനുള്ളത്. ബിടിഎസിനുള്ളിൽ തന്നെ ഓരോ അംഗത്തിനും പ്രത്യേകം പ്രത്യേകം ആർമികൾ എന്നറിയപ്പെടുന്ന ആരാധകവലയവുമുണ്ട്. ഇതിൽ തന്നെ തെയ്ഹ്യൂങ് എന്ന വി വലിയ രീതിയിൽ ജനശ്രദ്ധ നേടിയിട്ടുള്ള പോപ് സിംഗർ ആണ്. കൊറിയൻ പോപ് താരങ്ങളെ വെച്ചുള്ള കുക്കിങ് റിയാലിറ്റി ഷോ ജിന്നീസ് കിച്ചണിൽ നിന്നുള്ള ഒരു ഫോട്ടോ വി പങ്ക് വെച്ചതോടെ ട്വിറ്റർ ആകെയിളകി. ചാമിംഗ് ഇന്റേൺ വി എന്ന ഹാഷ്ടാഗോടെ വീയുടെ പുതിയ ചിത്രം ആഘോഷമാക്കുകയാണ് ട്വിറ്റർ.