India
വനിതാ സംവരണ ബിൽ, ഇന്ത്യയും കാനഡയും തമ്മിൽ, പൊരുതാനൊരുങ്ങി ലിയോ; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്സ്
India

വനിതാ സംവരണ ബിൽ, ഇന്ത്യയും കാനഡയും തമ്മിൽ, പൊരുതാനൊരുങ്ങി ലിയോ; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്സ്

Web Desk
|
20 Sep 2023 5:45 PM GMT

ലോക്‌സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണ് വനിതാ സംവരണ ബിൽ

ഇത് ചരിത്രം; വനിതാ സംവരണ ബിൽ ലോകസഭ പാസാക്കി

ലോക്‌സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്ന വനിതാ സംവരണ ബിൽ ലോകസഭ പാസാക്കി. 454 എംപിമാർ ബില്ലിനെ അനുകൂലിച്ചും രണ്ട് എംപിമാർ എതിർത്തും വോട്ട് ചെയ്തു. സ്ലിപ് നൽകിയാണ് ബില്ലിൻമേൽ വോട്ടെടുപ്പ് നടത്തിയത്. രാജ്യസഭയിൽ നാളെ ബില്ല് അവതരിപ്പിക്കും.

ഭരണ ഘടനയുടെ 128-ാമത് ഭേദഗതിയാണിത്. നിലവിൽ പട്ടികവിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതിൽ മൂന്നിലൊന്നു സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കിവയ്ക്കാനും വ്യവസ്ഥയുള്ളതാണ് നിയമമന്ത്രി അർജുൻ റാം മേഘ്വാൾ അതരിപ്പിച്ച വനിതാ സംവരണ ബിൽ. ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. എന്നാൽ, ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്. രാജ്യസഭയിലും ബില്ല് പാസായാൽ രാഷ്ട്രപതി ഒപ്പ് വെച്ച് ബിൽ നിയമമാകും. സെൻസസിനും മണ്ഡല പുനർനിർണയത്തിനും ശേഷം സംവരണം നടപ്പിലാക്കുമെന്നാണ് ബില്ലിൽ പറയുന്നത്. സെൻസസ് നടത്താനുള്ള തീയതി പോലും ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതിനാൽ തന്നെ നിയമം നടപ്പിലാകാൻ ഇനിയും വൈകും.

ഇന്ത്യയും കാനഡയും തമ്മിൽ

കാനഡയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യമന്ത്രാലയം. പ്രതിഷേധമുണ്ടായ സ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണം. ഇന്ത്യക്കാർ ഹൈക്കമ്മീഷന്റെ വെബ്‌സൈറ്റുകളിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശമുണ്ട്.

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് നിർദേശം. ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള സഹായം വേണമെങ്കിൽ ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.

ഇന്ത്യൻ നയതന്ത്ര പ്രതിനിധി പവൻ കുമാർ റായിയെ കാനഡ പുറത്താക്കിയതിൽ തിരിച്ചടിച്ച് കനേഡിയൻ നയതന്ത്ര പ്രതിനിധിയെ ഇന്ത്യപുറത്താക്കിയിരുന്നു. കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂൺ മക്കയിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണ് നടപടി അറിയിച്ചത്. അഞ്ച് ദിവസത്തിനകം ഇന്ത്യ വിടാനും കനേഡിയൻ നയതന്ത്ര പ്രതിനിധിക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിൻറെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പവൻ കുമാറിനെ കാനഡ പുറത്താക്കിയത്. ഹർദീപ് സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുള്ളതായി വിശ്വസനീയമായ വിവരമുണ്ടെന്നാണ് പാർലിമെന്റിന്റെ അടിയന്തര സമ്മേളനത്തിൽ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്. ഇന്ത്യയ്ക്ക് എതിരെയുളള ആരോപണം ശരിയാണെന്ന് തെളിയിക്കപ്പെട്ടാൽ ഇന്ത്യയുടെ നടപടി കാനഡയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായിരിക്കുമെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളിയും പറഞ്ഞു.

എന്നാൽ ആരോപണം തളളി ഇന്ത്യ രംഗത്തെത്തിയിരുന്നു. നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യയ്ക്ക് പങ്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്നും കാനഡ ഖാലിസ്താൻ വാദികൾക്ക് താവളമൊരുക്കുകയണെന്നും ഇന്ത്യ തിരിച്ചടിച്ചു.

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകുന്ന സാഹചര്യത്തിൽ ആശങ്കയിലും ഭീതിയിലും ആയിരിക്കുന്നത് കാനഡയിൽ ഉന്നതവിദ്യാഭ്യാസവും തൊഴിൽ സാധ്യതയും തേടി കുടിയേറാൻ കാത്തിരിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർഥികൾ.

ആരാണ് ആ രണ്ടു പേർ

ലോക്‌സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്ന വനിതാ സംവരണ ബിൽ ലോകസഭ പാസാക്കി. 454 എം.പിമാർ ബില്ലിനെ അനുകൂലിച്ചപ്പോൾ രണ്ട് എം.പിമാർ എതിർത്ത് വോട്ട് ചെയ്തു. ഇപ്പോൾ ഈ രണ്ടു പേരും ട്വിറ്ററിൽ ട്രെൻഡിംഗിലാണ്. ഓൾ ഇന്ത്യ മജിലിസ് എ ഇത്തിഹാദുൽ മുസ്‌ലിമീൻ എം.പി അസദുദ്ദീൻ ഉവൈസിയാും ഇംതിയാസ് ജലീലുമാണ് ബില്ലിനെ എതിർത്തത്. മോദി സർക്കാർ സവർണ സ്ത്രീകളുടെ പ്രാതിനിത്യം ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇത് ഒരു ഒ.ബി.സി വിരുദ്ധ മുസ്‌ലിം വിരുദ്ധ ബില്ലാണെന്ന് പറഞ്ഞു കൊണ്ടാണ് ഉവൈസി ബില്ലിനെ എതിർത്തത്. എന്ത് കൊണ്ട് ഈ ബില്ല് ഒ.ബി.സി മുസ്‌ലിം വനിതകളിലേക്ക് എത്തുന്നില്ലെന്ന ചോദിച്ച അദ്ദഹം രാജ്യത്തെ ജനസംഖ്യയിൽ 7 ശതമാനം മുസ്‌ലിം സ്ത്രീകളുള്ളപ്പോൾ വെറും 0.7 ശതമാനം മുസ്‌ലിം സ്ത്രീകളാണ് പാർലിമെന്റിലുള്ളതെന്ന് ചൂണ്ടിക്കാട്ടി.

ഇനി യുദ്ധം; തീപ്പൊരിപ്പാറിച്ച് ലിയോയുടെ പുതിയ പോസ്റ്റർ

സിനിമാ പ്രേമികളെയും ആരാധകരെയും ഒരു പോലെ ത്രില്ലടിപ്പിച്ചുകൊണ്ട് ലിയോയുടെ ഓരോ അപ്‌ഡേറ്റുകൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ. കന്നഡ, തെലുങ്ക് പോസ്റ്ററുകൾക്ക് പിന്നാലെ ഇപ്പോഴിതാ തമിഴ് പോസ്റ്ററും പുറത്തിറങ്ങിയിരിക്കുകയാണ്. ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക എന്ന ക്യാപ്ഷനോടു കൂടി പോസ്റ്ററിൽ അതിഗംഭീരമായ തീപ്പൊരിപ്പാറിക്കുന്ന ലുക്കിലാണ് വിജയിയെത്തുന്നത്.

നേരത്തെ പുറത്തിറക്കിയ തെലുങ്ക് പോസ്റ്ററിൽ സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ വിന്റ് കാഷ്യൽ ഡ്രസ്സിലുള്ള വിജയിയെയാണ് കാണാൻ സാധിക്കുക. അതേ സമയം വെള്ള സ്വെറ്ററും ജീൻസും ധരിച്ച് മഞ്ഞിലൂടെ ഓടുന്ന വിജയിയുടെ ഒരു ഫോട്ടോ ഇമ്പോസ് ചെയ്തതായും കാണാം. ശ്വാന്തമായിരിക്കൂ.. യുദ്ധം ഒഴിവാക്കു.. എന്ന ക്യപ്ഷനോടെയാണ് തെലുങ്ക് പോസ്റ്റർ പങ്കു വെച്ചിരിക്കുന്നത്. അതേസമയം കന്നഡ പോസ്റ്ററിൽ ഒരു തോക്കിന്റെ പടത്തിൽ സുപ്പർ ഇമ്പോസ് ചെയ്ത രീതിയിലുള്ള വിജയിയുടെ ചിത്രമാണ് കാണാനാവുക. ശാന്തമായിരിക്കുക നിങ്ങൾക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുക എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.

സായിയും നാഗ ചൈതന്യയും വീണ്ടും ഒന്നിക്കുന്നു

ലവ് സ്റ്റോറി എന്ന ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായി പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് NC 23 . യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം ചന്തു മൊൺഡേടിയാണ് സംവിധാനം ചെയ്യുന്നത്. നേരത്തെ കീർത്തി സുരേഷിനെയാണ് നായികയായി നിശ്ചയിച്ചിരുന്നത് സായി പല്ലവിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

അതിനിടെ സായി പല്ലവിയുടെ വിവാഹം കഴിഞ്ഞെന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പ്രചരിച്ചിരുന്നു. പ്രണയത്തിന് നിറമില്ലെന്നും സായ് യഥാർഥ പ്രണയത്തിലാണ് വിശ്വസിക്കുന്നത് എന്ന് ക്യാപ്ഷനോടെ പൂമാലയണിഞ്ഞ് ഒരു യുവാവിനൊപ്പം നിൽക്കുന്ന നടിയുടെ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

എന്നാൽ നടൻ ശിവകാർത്തികേയൻറെ 21ാമത്തെ ചിത്രത്തിൻറെ പൂജാചടങ്ങിനിടെ എടുത്ത ചിത്രമാണ് വിവാഹചിത്രമെന്ന രീതിയിൽ വ്യാപകമായി പ്രചരിച്ചത്. ചിത്രത്തിൻറെ സംവിധായകൻ രാജ്കുമാർ പെരിയസാമിയാണ് സായിക്കൊപ്പമുള്ളത്. ഇതിൽ മറ്റുള്ളവരെ വെട്ടിമാറ്റിയാണ് ചിത്രം പ്രചരിപ്പിച്ചത്. പൂജക്കിടെ ഹാരം അണിയുന്നത് തെന്നിന്ത്യൻ സിനിമയിൽ പതിവാണ്.

കാത്തിരിപ്പുകൾക്കവസാനം ചാവേർ ട്രെയിലർ വരുന്നു

സ്വാതന്ത്ര്യം അർധരാത്രിയിൽ, അജഗജാന്തരം എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രമാണ് ചാവേർ. നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ചിത്ത്രിന്റെ തിരകഥയൊരുക്കുന്നത്. ഇപ്പോഴിതാ കാത്തിരിപ്പുകൾക്കവസാനം ചാവേറിന്റെ ട്രെയിലർ പുറത്തിറങ്ങാനൊരുങ്ങുകയാണ്. സെപ്റ്റംബർ 22 ആറുമണിക്ക് ട്രെയിലർ പുറത്തിറങ്ങും. നേരത്തെ ചിത്രത്തിന്റെ അപ്‌ഡേറ്റുകൾ പുറത്തു വരാതിരുന്നത് ആരാധകർക്കിടയിൽ അസാരസ്യമുണ്ടാക്കിയിരുന്നു. എഴ് മസങ്ങൾക്ക് മുമ്പാണ് ചിത്രത്തിന്റെ മോഷൻ പോസ്്റ്റർ പുറത്തിറങ്ങിയത്. ഇതിന് ശേഷം ചിത്രത്തിലെ സ്റ്റില്ലുകൾ മാത്രമാണ് പുറത്തു വന്നത്

Similar Posts