ഓസകറിലേക്ക് കുതിച്ച് 2018, മൂന്നിൽ വീണ് ഇന്ത്യ, ഗൂഗിൾ @25; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്സ്
|കേരളത്തിൽ 2018ലുണ്ടായ പ്രളയത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് 2018
2018 ഓസ്കറിലേക്ക്
മലയാള ചിത്രം 2018ന് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രി. വിദേശ ഭാഷ വിഭാഗത്തിലാണ് ചിത്രം മത്സരിക്കുക. കേരളത്തിൽ 2018ൽ ഉണ്ടായ പ്രളയത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് 2018. ജൂഡ് ആൻറണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്. 2024 മാർച്ച് പത്തിനാണ് ഓസ്‌കർ പ്രഖ്യാപനം.
മോഹൻലാൽ ചിത്രമായ ഗുരു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് എന്നിവയാണ് ഇതിനു മുൻപ് ഓസ്‌കർ എൻട്രി ലഭിച്ച മറ്റു മലയാള ചിത്രങ്ങൾ. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുൻനിരതാരങ്ങളെ അണിനിരത്തി ഒരുക്കിയ 2018 മെയ് 5 നാണ് തിയറ്റർ റിലീസ് ചെയ്തത്.
മുന്നിൽ വീണ് ഇന്ത്യ
ആസ്ത്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് തോൽവി. 66 റൺസിനാണ് ഓസീസ് ഇന്ത്യയെ തകർത്തത്. കങ്കാരുക്കൾ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 286 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഓസീസിനായി നാല് വിക്കറ്റ് വീഴ്ത്തിയ ഗ്ലെൻ മാക്സ്‌വെല്ലാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്.
വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവച്ച ക്യാപ്റ്റൻ രോഹിത് ശർമയും അർധ സെഞ്ച്വറി കുറിച്ച വിരാട് കോഹ്ലിയും ചേർന്ന് ഒരു ഘട്ടത്തിൽ ഇന്ത്യയെ വിജയതീരമണക്കുമെന്ന് തോന്നിച്ചെങ്കിലും മറ്റുള്ളവർക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാവാത്തത് ഇന്ത്യക്ക് വിനയായി. രോഹിത് ശർമ 57 പന്തിൽ ആറ് സിക്സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്പടിയിൽ 81 റൺസാണ് അടിച്ചെടുത്തത്. വിരാട് കോഹ്ലി 61 പന്തിൽ 56 റൺസെടുത്തു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു.
ലിയോ രണ്ടാം ഗാനം നാളെ
ദളപതി വിജയ് കേന്ദ്രകഥാപാത്രമായെത്തുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ രണ്ടാം ഗാനം നാളെ പുറത്തിറങ്ങും. വിഷ്ണു എടവന്റെ വരികൾക്ക് അനിരുദ്ധ് രവിചന്ദ്രറാണ് സംഗീതമൊരുക്കിയിരിക്കുന്നത്. അനിരുദ്ധ് തന്നെയാണ് ഗാനമാലപിച്ചത്. ഓഡിയോ ലോഞ്ച് നടത്തില്ലെന്ന് നിർമാതാക്കൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാലാണ് ഓഡിയോ ലോഞ്ച് വേണ്ടെന്നു വെച്ചത്. അദ്യം പുറത്തിറക്കിയ നാ റെഡി ഗാനം വിജയിയാണ് ആലപിച്ചത്. തൃഷ, സഞ്ജയ് ദത്ത്. അർജുൻ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മിസ്സ്‌ക്കിൻ, മൻസൂർ അലി, ബാബു ആന്റണി, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ഗൂഗിളിന് സിൽവർ ജൂബിലി
ഏറ്റവും പ്രചാരമുള്ള ടെക് ഭീമനായ ഗൂഗിളിന് ഇന്ന് 25-ാം പിറന്നാൾ പിറന്നാൾ. 1998ൽ ലാറി പേജും, സെർജി ബ്രിനും ചേർന്നാണ് ഗുഗിൾ നിർമിച്ചത്. Googol എന്ന ഗണിതശാസത്ര പദത്തിൽ നിന്നാണ് google എന്ന പദമുണ്ടായത്. ഒന്നിനു ശേഷം നുറ് പൂജ്യങ്ങൾ വരുന്ന സംഖ്യയാണ് googol. 1997 സെപ്റ്റംബർ 15 നാണ് Google.com എന്ന ഡൊമൈൻ രജിസ്റ്റർ ചെയ്യുന്നത്. 1998 ൽ ഗുഗളിന് 16 ജീവനക്കാരാണുണ്ടായിരുന്നത്. ഇപ്പോൾ ഗുഗിളിന് ലോകമെമ്പാടും 1 ദശലക്ഷത്തിലധികം ജീവനക്കാരുണ്ട്. 1.5 ട്രില്ല്യൺ ഡോളറിലധികം വിപണി മൂലധനമുള്ള ഗുഗിൾ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നാണ്.
ജവാൻ കഴിഞ്ഞു ഇനി ഡുങ്കി
ജവാന്റെ 1000 കോടി നേട്ടത്തിന് ശേഷം കിംഗ് ഖാന്റെ പുറത്തിറങ്ങാനുള്ള ഡുങ്കി എന്ന ചിത്രമാണിപ്പോൾ വാർത്തകളിൽ നിറയുന്നത്. രാജ്കുമാർ ഹിറാനിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഡിസംബർ 22 റിലീസാകും. സോഷ്യൽ കോമഡി ഡ്രാമ വിഭാഗത്തിൽ വരുന്ന ചിത്രമാണ് ഡുങ്കി. റെഡ് ചില്ലീസ് എന്റർടെയിൻമെന്റ്, രാജകുമാർ ഹിറാനി ഫിലിംസ്, ജിയോ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ഗൗരി ഖാൻ, രാജ്കുമാർ ഹിറാനി, ജ്യോതി പാണ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തപ്സി പന്നു, ദിയ മിർസ, ബൊമാൻ ഇറാനി, ധർമേന്ദ്ര, സതീഷ് ഷാ, പരിക്ഷിത് സഹിനി, വിക്ക് കൗഷ്യൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. പ്രമുഖ തമിഴ് സംവിധായകൻ അറ്റ്ലിയാണ് ജവാൻ ഒരുക്കിയത്.
ടൈഗർ കാ മെസേജ്, ടൈഗർ 3 ടീസർ പുറത്ത്
ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷം ടൈഗറായി വീണ്ടും സൽമാൻ ഖാൻ. സ്പൈ ആക്ഷൻ ത്രില്ലർ സിനിമയായ ടൈഗർ 3യിൽ ടൈഗർ എന്ന അവിനാശ് സിംഗ് റാതോർ എന്ന കഥാപാത്രമായാണ് സൽമാൻ ഖാൻ എത്തുന്നത്. മനീഷ് ശർമയാണ് ചിത്രം ഒരുക്കുന്നത്. ചിത്രം ദീപാവലി റീലീസായാണ് എത്തുന്നത്. സൽമാൻ ഖാൻ ആരാധകരുടെ അക്ഷമമായ കാത്തിരിപ്പിന് ശേഷം ഇന്ന് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയിരിക്കുകയാണ്. ടൈഗർ കാ മെസേജ് എന്ന പേരിലാണ് ടീസർ പുറത്തിറങ്ങിയിട്ടുള്ളത്. ഒരു മുൻ റോ ഏജന്റ് രാജ്യത്തിന് മുന്നിലും തന്റെ മകന് മുന്നിലും തന്റെ നിരപാരാധിത്വം തെളിയിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പ്രതിപാദിക്കുന്നത്.