India
Two arrested for posting anti-Muslim posts on Facebook
India

ഫേസ്ബുക്കിൽ മുസ്‌ലിംകളെ അധിക്ഷേപിക്കുന്ന പോസ്റ്റ്; ബി.ജെ.പി നേതാവടക്കം രണ്ട് പേർ അറസ്റ്റിൽ

Web Desk
|
28 July 2024 9:24 AM GMT

നികുതി അടയ്ക്കുന്ന വിഷയത്തിൽ മുസ്‌ലിംകളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള കാർട്ടൂൺ ചിത്രമായിരുന്നു ഇവർ പങ്കുവച്ചത്.

ബെം​ഗളൂരു: ഫേസ്ബുക്കിൽ മുസ്‌ലിംകളെ അധിക്ഷേപിക്കുന്ന പോസ്റ്റ് പങ്കുവച്ച സംഭവത്തിൽ ബി.ജെ.പി നേതാവടക്കം രണ്ടു പേർ അറസ്റ്റിൽ. കർണാടകയിലെ കോലാർ ജില്ലയിലാണ് സംഭവം. പ്രാദേശിക ബി.ജെ.പി നേതാവായ നവീൻ ജയിൻ, വ്യാപാരിയായ ചേതൻ ഭാട്ടിയ എന്നിവരാണ് പിടിയിലായത്.

നികുതി അടയ്ക്കുന്ന വിഷയത്തിൽ മുസ്‌ലിംകളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള കാർട്ടൂൺ ചിത്രമായിരുന്നു ജൂലൈ 26ന് ഇവർ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തത്. ​'ഗർഭിണികളായ രണ്ട് ഭാര്യമാരോടൊപ്പം തൊപ്പിയും ജുബ്ബയുമണിഞ്ഞു നടന്നുവരുന്ന ഒരു മുസ്‌ലിം യുവാവ്, ഇയാളുടെ കൈയിൽ ഒരു നവജാത ശിശുവും പിന്നിൽ മറ്റൊരു കുഞ്ഞും'- ഇതായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

'ജൂലൈ 31 അടുത്തുവരുന്നു. നിങ്ങളുടെ നികുതി സമയബന്ധിതമായി അടയ്ക്കുക. എല്ലാത്തിനുമുപരി, നിങ്ങളുടെ നികുതികൾ മറ്റൊളുടെ സബ്‌സിഡിയാണ്'- എന്നായിരുന്നു ഈ ചിത്രത്തിൽ എഴുതിയിരുന്നത്.

പോസ്റ്റ് വിവാദമാവുകയും വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. പ്രതിഷേധവുമായി രം​ഗത്തെത്തിയ നൂറുകണക്കിന് മുസ്‌ലിം സമുദായാം​ഗങ്ങൾ, പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഇരുവരും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാത്രി റോബർട്ട്സൺപേട്ട് പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി.

ഇതോടെ, ഡിവൈ.എസ്.പി പാണ്ഡുരം​ഗ സ്ഥലത്തെത്തുകയും സമുദായ നേതാക്കളുമായി ചർച്ച നടത്തുകയും ഇരുവരെയും അറസ്റ്റ് ചെയ്യാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. തുടർന്ന് പൊലീസ് ഇരുവരെയും പിടികൂടുകയും ഇക്കാര്യം പ്രതിഷേധക്കാരെ അറിയിക്കുകയും സമാധാനപരമായി പിരിഞ്ഞുപോവാൻ അഭ്യർഥിക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

Similar Posts