India
Two Arreted who helped Amritpal Singh to escape
India

അമൃത്പാൽ സിങ്ങിനെ രക്ഷപെടാൻ സഹായിച്ച സ്ത്രീയും പുരുഷനും അറസ്റ്റിൽ

Web Desk
|
18 April 2023 6:19 AM GMT

പൊലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ് നടത്തിയത്.

ചണ്ഡീ​ഗഢ്: പഞ്ചാബിൽ ഖലിസ്ഥാൻവാദി നേതാവ് അമൃത്പാൽ സിങ്ങിനെ രക്ഷപെടാൻ സഹായിച്ച രണ്ട് പേർ അറസ്റ്റിൽ. മൊഹാലിയിലെ ഒരു വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഒരു സ്ത്രീയും പുരുഷനും പിടിയിലായത്. ​ഗുജ്രാന്ത് സിങ്, നിഷ റാണി എന്നിവരാണ് അറസ്റ്റിലായത്. മൊഹാലിയിലെ സെക്ടർ 88ൽ പഞ്ചാബ്, ഡൽഹി പൊലീസ് സം​ഘം നടത്തിയ രണ്ട് മണിക്കൂർ നീണ്ട സംയുക്ത റെയ്ഡിലാണ് ഇരുവരേയും പിടികൂടിയത്.

അമൃത്പാലിനെ രക്ഷപെടാൻ സൗകര്യമൊരുക്കുകയും മറ്റ് സഹായങ്ങൾ ചെയ്യുകയും ചെയ്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അമൃത്പാൽ സിങ്ങിന്റെയും ഇയാളുടെ അടുത്ത സഹായികളുടെയും സ്ഥലത്തെ നീക്കത്തെക്കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ് നടത്തിയത്.

കനത്ത പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും പ്രദേശത്തെ ആളുകളുടെ സഞ്ചാരം നിയന്ത്രിക്കുകയും ചെയ്ത ശേഷമായിരുന്നു പരിശോധന. ദിവസങ്ങൾക്ക് മുമ്പ് അമൃത്പാൽ സിങ്ങിന്റെ അടുത്ത സഹായി പപ്പൽപ്രീത് സിങ്ങിനെ പഞ്ചാബ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് ടീം അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബിലെ ഹോഷിയാർപുരിൽ നിന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.

ജലന്തറിൽ പൊലീസ് വല ഭേദിച്ച് രക്ഷപ്പെട്ട ശേഷം അമൃത് പാലും പപ്പലും ഒരുമിച്ച് തന്നെയായിരുന്നു. ഹോഷിയാർപുരിൽ എത്തിയ ശേഷം രക്ഷപ്പെടാനായി ഇരുവരും രണ്ട് വഴിക്കു പിരിഞ്ഞു. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്റെയും സംയുക്ത പരിശോധനയിലാണ് പപ്പൽ പ്രീത് പടിയിലായത്.

മാർച്ച് 18ന് പഞ്ചാബ് പൊലീസ് അമൃത്പാൽ സിങ്ങിനും ഇയാളുടെ 'വാരിസ് പഞ്ചാബ് ദേ' സംഘടനയിലെ അംഗങ്ങൾക്കും എതിരെ നടപടി ആരംഭിച്ചതിനു പിന്നാലെയാണ് ഇയാൾ രക്ഷപെട്ടത്. പെലീസ് സ്റ്റേഷൻ ആക്രമിച്ച് വാരിസ് പഞ്ചാബ് ദേ അംഗങ്ങളായ പ്രതികളെ മോചിപ്പിച്ചതോടെയാണ് അമൃത്പാലിനെ പിടികൂടാനുള്ള നീക്കങ്ങൾ പൊലീസ് ഊർജിതമാക്കിയത്.

ശക്തമായ തെരച്ചിൽ ആരംഭിച്ച പൊലീസ് അമൃത്പാൽ നേതൃത്വം വഹിക്കുന്ന വാരിസ് പഞ്ചാബ് ദേയ്ക്കെതിരെ നടപടികൾ ആരംഭിക്കുകയും നിരവധി അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജലന്ധർ ജില്ലയിൽ പൊലീസിന്റെ വലയിൽ നിന്ന് രക്ഷപ്പെട്ട ഇയാൾ വാഹനങ്ങൾ മാറി സംസ്ഥാനത്തിന് പുറത്തേക്ക് കടക്കുകയും രൂപം മാറി പലയിടങ്ങളിലായി സഞ്ചരിക്കുകയുമാണെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.

നേരത്തെ, ഒളിവിലിരിക്കെ വീഡിയോകൾ പുറത്തുവിട്ട അമൃത്പാൽ, നേപ്പാളിലേക്ക് കടന്നുവെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ഫോട്ടോകളും പങ്കുവച്ചിരുന്നു. തുടർന്ന് ഇന്ത്യ നേപ്പാളിനോട് അമൃത് പാലിനെതിരെ നോട്ടീസ് പുറപ്പെടുവിക്കാൻ ആവശ്യപ്പെടുകയും അവരത് ചെയ്യുകയും ചെയ്തിരുന്നു. രണ്ടാം ഭിന്ദ്രൻവാലയെന്ന് സ്വയം അവകാശപ്പെടുന്ന അമൃത്പാൽ സിങ് ഇപ്പോഴും പൊലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിനടക്കുകയാണ്.

ഒളിവിലുള്ള അമൃത്പാൽ സിങ് എവിടെയാണ് ഉള്ളതെന്ന് കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. തെരച്ചിൽ തുടരുകയാണ് എന്നാണ് പൊലീസ് പറയുന്നത്. ആയിരക്കണക്കിന് പൊലീസുകാരുടെ കണ്ണുവെട്ടിച്ചാണ് അമൃത്പാൽ സിങ് മുങ്ങിനടക്കുന്നത്. പഞ്ചാബിന് പുറമെ ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലും നേപ്പാളിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു.

ഇതിനിടെ, ഇയാളുടെ അമ്മാവൻ ഹർജിത് സിങ്, ദൽജിത് സിങ് കൽസി എന്നിവരുൾപ്പെടെ എട്ട് അടുത്ത സഹായികളെ അറസ്റ്റ് ചെയ്ത് ദിബ്രുഗഡ് സെൻട്രൽ ജയിലിൽ അടച്ചിരുന്നു. ഇവർക്കെതിരെ എൻഎസ്എ ചുമത്തുകയും ചെയ്തു. യുവാവിനെ തട്ടിക്കൊണ്ട് പോയെന്ന കേസിലും അജ്‌നാല പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും അമൃത്പാൽ സിങ്ങിനും കൂട്ടാളികൾക്കുമെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

ഇതു കൂടാതെ ജലന്ധറിൽ ഉപേക്ഷിക്കപ്പെട്ട വാഹനത്തിൽ നിന്ന് ആയുധം കണ്ടെടുക്കുകയും പൊലീസ് ബാരിക്കേഡുകൾ ഭേദിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് കേസുകൾ കൂടി ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു. സായുധകലാപത്തിനായി ആഹ്വാനം ചെയ്യുകയും ചാവേറുകളായി പോരാട്ടത്തിനിറങ്ങാൻ യുവാക്കൾക്ക് പരിശീലനം നൽകുകയും ചെയ്യുന്ന അമൃത്പാൽ സിങ്ങിന് പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

Similar Posts