ബിഹാറിൽ ബി.ജെ.പിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാർ; ജെ.ഡി.യു- ബി.ജെ.പി സഖ്യസർക്കാർ വൈകിട്ട് അധികാരമേൽക്കും
|2025 ൽ നിതീഷ് കുമാറിന് കേന്ദ്രത്തിൽ പ്രധാന റോൾ നൽകാനും ധാരണയായി
പട്ന: ബിഹാറില്‍ മഹാസഖ്യത്തിൽ നിന്ന് മറുകണ്ടം ചാടിയ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ജെ.ഡി.യു- ബി.ജെ.പി സഖ്യസർക്കാർ അധികാരമേൽക്കും. ഇന്ന് വൈകുന്നേരം 5 മണിയോടെ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായി നിതീഷ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. . ബിജെപി- ജെഡിയു മന്ത്രിസഭയിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമ്പോൾ ബിജെപി നേതാക്കളായ സമ്രാട്ട് ചൗധരി, വിജയ് സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരാകും.
ആർജെഡി - കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പുകൾ ബിജെപിക്ക് നൽകും. 2025 ൽ നിതീഷ് കുമാറിന് കേന്ദ്രത്തിൽ പ്രധാന റോൾ നൽകാനും ധാരണയായി. അതേസമയം, ഫെബ്രുവരി 4 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ക്കൊപ്പം നിതീഷ് കുമാർ പൊതു റാലിയിൽ പങ്കെടുക്കുമെന്നും ജെഡിയു വൃത്തങ്ങൾ വ്യക്തമാക്കി. നേരത്തെ നിതീഷിനെ മുന്നണിയിൽ പിടിച്ചുനിർത്താൻ ഇൻഡ്യ സഖ്യം ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു.
രാവിലെ പത്തുമണിക്ക് നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിൽ ചേർന്ന എംപി, എംഎൽഎമാരുടെ യോഗത്തിന് പിന്നാലെയാണ് ഗവർണറെ കണ്ട് രാജി പ്രഖ്യാപിച്ചത്. മഹാസഖ്യത്തിലെ സ്ഥിതി മോശമാണ്. എല്ലാവരുടെയും അഭിപ്രായവും മാനിച്ചാണ് തീരുമാനം എന്നായിരുന്നു രാജിക്ക് പിന്നാലെ നിതീഷ് കുമാറിന്റെ പ്രതികരണം. എല്ലാവരുടെയും അഭിപ്രായം മാനിച്ചാണ് എൻഡിഎയുടെ ഭാഗമാകാൻ തീരുമാനിച്ചതെന്നും നിതീഷ് കുമാർ പറഞ്ഞു.