'കടലിന്റെ രണ്ടറ്റം ഒരിക്കലും കൂട്ടിമുട്ടാറില്ല'; ബിജെപിയുമായി സഖ്യമില്ലെന്ന് ഉവൈസി
|യുപി തെരഞ്ഞെടുപ്പിൽ നൂറു മണ്ഡലങ്ങളിൽ മത്സരിക്കാനാണ് എഐഎംഐഎം ആലോചിക്കുന്നത്
ന്യൂഡൽഹി: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപിയുമായി യാതൊരു തരത്തിലുള്ള സഖ്യവുമില്ലെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും കടലിന്റ രണ്ടറ്റം ഒരിക്കലും കൂട്ടിമുട്ടാറില്ലെന്നും ഉവൈസി പറഞ്ഞു. ട്വിറ്ററിലാണ് എംപിയുടെ പ്രതികരണം.
വിവിധ വിഷയങ്ങളിൽ ബിജെപി സർക്കാറിനെതിരെ സംസാരിച്ച ഉവൈസി, സംസ്ഥാനത്തെ മുസ്‌ലിം സാക്ഷരതാ നിരക്ക് ഇപ്പോഴും എന്തു കൊണ്ടാണ് 58 ശതമാനം മാത്രമായിരിക്കുന്നതെന്ന് ചോദിച്ചു. കോവിഡ് കൈകാര്യം ചെയ്തതിലും യോഗി സർക്കാറിന് വീഴ്ച സംഭവിച്ചു. സംസ്ഥാനത്തെ വനിതാ സുരക്ഷയും അപകടത്തിലാണ്- അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പിൽ നൂറു മണ്ഡലങ്ങളിൽ മത്സരിക്കാനാണ് എഐഎംഐഎം ആലോചിക്കുന്നത്. ഓം പ്രകാശ് രാജ്ഭറിന്റെ എസ്ബിഎസ്പിയുമായും ഭാഗിദാരി സങ്കൽപ്പ് മോർച്ചയുമായും ധാരണയിലെത്താൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. 2017ൽ ബിജെപിയുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട പാർട്ടിയാണ് എസ്ബിഎസ്പി.
ബിജെപി യുപി പ്രസിഡണ്ട് സ്വതന്ത്ര ദേവ് സിങ്ങുമായി ഈയിടെ ഓം പ്രകാശ് രാജ്ഭർ ചർച്ച നടത്തിയിരുന്നു. ഇതാണ് അഭ്യൂഹങ്ങൾക്ക് വഴിവച്ചത്.