ഹരിയാനയില്‍ വിശ്വഹിന്ദു പരിഷത്ത് ഘോഷയാത്രയ്ക്കിടെ സംഘർഷം; രണ്ടു പേര്‍ കൊല്ലപ്പെട്ടു
|നൂഹിലെ ഇന്‍റര്‍നെറ്റ് സേവനങ്ങൾക്ക് സർക്കാർ വിലക്കേർപ്പെടുത്തി
ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്ത് ഘോഷയാത്രയ്ക്കിടെ സംഘർഷം. രണ്ട് പേർ കൊല്ലപ്പെട്ടു. ഒരാൾ മരിക്കുകയും ഇരുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.നൂഹിലെ ഇന്‍റര്‍നെറ്റ് സേവനങ്ങൾക്ക് സർക്കാർ വിലക്കേർപ്പെടുത്തി.
ബജ്രംഗ്ദളിന് ഒപ്പം നൂഹ് ജില്ലയിൽ തങ്ങൾ സംഘടിപ്പിച്ച ഘോഷയാത്ര ഖേദ് മോഡിന് സമീപത്ത് ചില യുവാക്കൾ തടഞ്ഞതോടെ ആണ് സംഘർഷം ആരംഭിച്ചത് എന്നാണ് വിശ്വ ഹിന്ദു പരിഷത്ത് ആരോപിക്കുന്നത്. ജാഥക്ക് നേരെ കല്ലേറ് നടന്നെന്നും രണ്ട് കാറുകൾ അഗ്നിക്കിരയായതായും വി.എച്ച്.പി അവകാശപ്പെട്ടു. പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും സംഘർഷം നിയന്ത്രണ വിധേയമാക്കാൻ സാധിച്ചില്ല. നർഹർ ക്ഷേത്രത്തിൽ രണ്ടായിരത്തിലേറെ ആളുകളെ ബന്ധിയാക്കിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രി അനിൽ വിജ് കൂടുതൽ കേന്ദ്ര സേനയെ അയക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും കോൺഗ്രസ് അഭ്യർത്ഥിച്ചു.
മോനു മനേസർ എന്ന വിശ്വ ഹിന്ദു പരിഷത്ത് നേതാവുമായി ബന്ധപ്പെട്ട സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയാണ് സംഘർഷം രൂക്ഷമാക്കാൻ പോന്ന വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് എന്ന് പൊലീസ് കണ്ടെത്തി. ഇയാളെ ഘോഷ യാത്രയ്ക്കിടെ കണ്ടതായി ആളുകളും പൊലീസിനും മൊഴി നൽകി. ഗോസംരക്ഷക സേനയുടെ ഭാഗമായി കന്നുകാലി കടത്ത് ആരോപിച്ച് ആളുകളെ മർദ്ദിച്ച കേസിൽ പ്രതിയാണ് മോനു മനേസർ. വ്യാജ വാർത്തകൾ പ്രചരിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ചൊവ്വാഴ്ച വരെ ജില്ലയിലെ ഇൻ്റർനെറ്റ് മൊബൈൽ സേവനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത് എന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.