India
ചരിത്രപ്രസിദ്ധ ഖാജഗുഡ റോക്‌സ് സൈറ്റിൽ പത്ത് ദിവസത്തിനിടെ പണിതത് രണ്ട് അനധികൃത ക്ഷേത്രങ്ങൾ
India

ചരിത്രപ്രസിദ്ധ ഖാജഗുഡ റോക്‌സ് സൈറ്റിൽ പത്ത് ദിവസത്തിനിടെ പണിതത് രണ്ട് അനധികൃത ക്ഷേത്രങ്ങൾ

Web Desk
|
22 Feb 2024 2:20 PM GMT

റോക് സൈറ്റിന്റെ താഴെ പ്രവർത്തിക്കുന്ന ക്ഷേത്രം കൈകാര്യം ചെയ്യുന്ന അനന്തപത്മനാഭ സ്വാമി ക്ഷേത്രം ട്രസ്റ്റാണ് പുതിയ ശ്രീകോവിലുകൾ നിർമിച്ചതെന്ന് സാമൂഹിക പ്രവർത്തകർ

ഹൈദരാബാദ്: കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ചരിത്രപ്രസിദ്ധമായ ഖാജഗുഡ റോക്‌സ് സൈറ്റിൽ നിർമിച്ചത് രണ്ട് പുതിയ അനധികൃത ക്ഷേത്രങ്ങൾ. റോക് സൈറ്റിന്റെ താഴെ പ്രവർത്തിക്കുന്ന വലിയ ക്ഷേത്രം കൈകാര്യം ചെയ്യുന്ന അനന്തപത്മനാഭ സ്വാമി ക്ഷേത്രം ട്രസ്റ്റാണ് പുതിയ ശ്രീകോവിലുകൾ നിർമിച്ചതെന്നാണ് ഈയിടെ സ്ഥലം സന്ദർശിച്ച സാമൂഹിക പ്രവർത്തകരിലൊരാൾ പറയുന്നത്. ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് ബോർഡുമായി (എച്ച്എംഡിഎ) കൂടിയാലോചിക്കാതെ രണ്ട് പുതിയ ഗേറ്റുകളും ട്രസ്റ്റ് നിർമിച്ചിട്ടുണ്ട്.

പ്രാചീന കാലത്ത് രൂപപ്പെട്ട പാറകൾ കൊണ്ട് പ്രസിദ്ധമായ ഈ സ്ഥലം കുറച്ച് വർഷങ്ങളായി കയ്യേറ്റങ്ങളുടെ കടുത്ത ഭീഷണി നേരിടുകയാണ്. പുരാതന ശിലാനിർമിതികൾ തുരന്നും അല്ലാതെയും പലരും നശിപ്പിക്കുകയാണ്. 270 ഏക്കർ സ്ഥലം മതത്തിന്റെ പേരിൽ ചിലർ ഏറ്റെടുക്കുകയാണെന്നാണ് സൈറ്റ് സംരക്ഷിക്കുന്നതിനായി നിലകൊള്ളുന്ന സാമൂഹിക പ്രവർത്തകർ കുറ്റപ്പെടുത്തുന്നത്.

ഖാജഗുഡയിൽ നിർമിച്ച അനധികൃത ക്ഷേത്രങ്ങളിലൊന്ന്‌

ഖാജഗുഡയിൽ നിർമിച്ച അനധികൃത ക്ഷേത്രങ്ങളിലൊന്ന്‌

'ജനുവരി 22ന് രാമക്ഷേത്ര പ്രതിഷ്ഠാവേളയിലാണ് തറക്കല്ലിടൽ നടത്തിയത്. ഇത് എന്തിനുവേണ്ടിയാണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു, പക്ഷേ ഇപ്പോൾ തിരിച്ചറിയുന്നു' ഒരു ആക്ടിവിസ്റ്റ് പറഞ്ഞു.

ഖാജഗുഡ റോക് സൈറ്റിൽ ഈയിടെ നിർമിച്ച രണ്ട് ക്ഷേത്രങ്ങളുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ഥലത്തേക്ക് ആളുകളുടെ പ്രവേശനം നിയന്ത്രിച്ച് ക്ഷേത്രം ട്രസ്റ്റ് കവാടങ്ങളും നിർമിച്ചിരിക്കുകയാണ്. നേരത്തെ സൈറ്റിൽ ഒരിടത്തും ഗേറ്റ് ഇല്ലായിരുന്നു.

ഖാജഗുഡയിലെ അനന്തപത്മനാഭ സ്വാമി ക്ഷേത്രം

ഖാജഗുഡയിലെ അനന്തപത്മനാഭ സ്വാമി ക്ഷേത്രം

'എച്ച്എംഡിഎ ഓഫീസർ ഇൻ-ചാർജ് പുതിയയാളാണെന്നാണ് ഞങ്ങൾ മനസ്സിലാക്കിയത്, അതിനാലാണ് അവർ പ്രയോജനമെടുത്തത്. ഖാജഗുഡ പാറകൾ മുഴുവൻ ക്ഷേത്ര സ്ഥലമാക്കി മാറ്റാനാണ് പദ്ധതി' പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സാമൂഹിക പ്രവർത്തകൻ അവകാശപ്പെട്ടു.

'ഞങ്ങൾ മനസ്സിലാക്കിയത്, ക്ഷേത്ര ട്രസ്റ്റ് ഇത് ഒരു ക്ഷേത്ര സ്ഥലമായി പ്രഖ്യാപിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ്. എന്നാൽ ഇത് പൂർണമായും ക്ഷേത്രഭൂമിയായി പ്രഖ്യാപിക്കാൻ ധാരാളം ക്ഷേത്രങ്ങൾ സൈറ്റിലുണ്ടാകണമെന്ന് എൻഡോവ്മെന്റ് വകുപ്പ് അവരോട് പറഞ്ഞു. പുതിയ നിർമാണങ്ങൾക്ക് ഇത് ഒരു കാരണമായിരിക്കാം'ഖാജാഗുഡ സൈറ്റ് സംരക്ഷണ പ്രവർത്തകരിലൊരാൾ പറഞ്ഞതായി സിയാസത്ത് ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.

ഖാജഗുഡ റോക്ക് സൈറ്റ് പുരാതന സ്ഥലവും നഗരഭൂപ്രദേശത്തിന്റെ പ്രധാന ഭാഗവുമാണ്. സംസ്ഥാന സർക്കാരും എച്ച്എംഡിഎയുമാണ് ഈ സ്ഥലം സംരക്ഷിക്കുന്നത്. മറ്റുള്ളവർക്ക് സ്ഥലത്തിന് മേൽ അധികാരമില്ല. അവിടെയുള്ള ഏത് പ്രവൃത്തിയും എച്ച്എംഡിഎയിൽ നിന്ന് അനുമതി വാങ്ങി ചെയ്യേണ്ടതാണ്. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ളതാണ് ഇവിടുത്തെ പാറക്കൂട്ടങ്ങൾ എന്നാണ് പഠനങ്ങൾ.

2022ലെ തെലങ്കാന ഹൈക്കോടതി ഉത്തരവ് ആക്ടിവിസ്റ്റുകൾ ഖാജഗുഡയിൽ സ്ഥാപിക്കുന്നു

2022ലെ തെലങ്കാന ഹൈക്കോടതി ഉത്തരവ് ആക്ടിവിസ്റ്റുകൾ ഖാജഗുഡയിൽ സ്ഥാപിക്കുന്നു

കൈയേറ്റങ്ങൾ നടക്കുന്നത് ഹൈക്കോടതി ഉത്തരവ് അവഗണിച്ച്

ക്ഷേത്രം സംരക്ഷിക്കണമെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടിട്ടും ഖാജഗുഡ പൈതൃക സ്ഥലം കൂടി കൈയടക്കാനുള്ള ശ്രമത്തിലാണ് ക്ഷേത്ര ട്രസ്റ്റ്. രണ്ട് വർഷം മുമ്പ് അതിർത്തി നിർണയിച്ച് വേലി കെട്ടാൻ പദ്ധതിയിട്ടിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നും എച്ച്എംഡിഎ സ്വീകരിച്ചിട്ടില്ലെന്നാണ് സാമൂഹിക പ്രവർത്തകർ കുറ്റപ്പെടുത്തുന്നത്. അതേസമയം, സൈറ്റിന് അടുത്തായി കൂടുതൽ വീടുകൾ വന്നതിനാൽ, സൈറ്റിന്റെ ഗണ്യമായ ഭാഗം കഴിഞ്ഞ രണ്ട് വർഷത്തിനിടെ പ്രാദേശിക നിർമാതാക്കൾ നശിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്.

പ്രദേശം നശിപ്പിക്കുന്നതിനെതിരെ 2022 ജനുവരിയിൽ സാമൂഹിക പ്രവർത്തകർ നിരവധി പ്രതിഷേധങ്ങൾ നടത്തിയിരുന്നു. കൂടാതെ തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ് ഉദ്ധരിച്ച് ബോർഡുകൾ സ്ഥാപിച്ചു. സൈറ്റ് സംരക്ഷിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

2022 ഫെബ്രുവരിയിൽ അനന്തപത്മനാഭ സ്വാമി ക്ഷേത്രം ട്രസ്റ്റ് പുലർച്ചെ ഒരു കുഴൽക്കിണർ നിർമാണം ആരംഭിച്ചിരുന്നു, അതിന്റെ ഫലമായി ഖാജഗുഡ പൈതൃക സൈറ്റിൽ കൂടുതൽ നാശമുണ്ടായി. കൂടാതെ, പ്രാദേശിക നിർമ്മാതാക്കളും സ്ഥലത്ത് മണൽ തള്ളിയതും ഭൂപ്രകൃതി മാറ്റി. സൈറ്റിൽ മാറ്റങ്ങളൊന്നും വരുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ തെലങ്കാന ഹൈക്കോടതി നേരത്തെ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. പുതിയ സംഭവ വികാസങ്ങളിൽ എച്ച്എംഡിഎ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ലെന്നാണ് സിയാസത്ത് റിപ്പോർട്ടിൽ പറയുന്നത്.

ഖാജഗുഡയിലെ പച്ചപ്പ്‌

ഖാജഗുഡയിലെ പച്ചപ്പ്‌

ഖാജഗുഡ പാറകൾ, ചരിത്രം

ഖാജഗുഡ ഹിൽസ് എന്നറിയപ്പെടുന്ന ഫക്രുദ്ദീൻ ഗുട്ട ഹൈദരാബാദിലെ ഒരു സംരക്ഷിത പൈതൃക സ്ഥലമാണ്. ട്രെക്കർമാർ, റോക്ക് ക്ലൈംബർമാർ തുടങ്ങിയവർ ഏറെയെത്തുന്ന പ്രദേശമാണിത്. എന്നാൽ, ഒരു പതിറ്റാണ്ടിലേറെയായി കൈയേറ്റം മൂലം ഇവിടം നശിക്കുകയാണ്. ദശലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള പാറകളുള്ള ഈ സ്ഥലം ഹൈദരാബാദിലെ നാനക്രംഗുഡയിലാണ് സ്ഥിതി ചെയ്യുന്നത്. ആമസോൺ ഹൈദരാബാദ് കാമ്പസിൽ നിന്നും ഗച്ചിബൗളിയിലെ ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസ്സിൽ നിന്നും (ഐഎസ്ബി) അടുത്താണ് ഈ പ്രദേശം. ഹൈദരാബാദ് ക്ലൈബിംഗ് ചാമ്പ്യൻഷിപ്പിന്റെ ലൊക്കേഷൻ കൂടിയാണ് ഖാജഗുഡ.

ദശലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഖാജഗുഡയിലെ പാറക്കൂട്ടങ്ങൾ പല തരത്തിൽ സവിശേഷമാണ്. തെലങ്കാനയിലെ നിരവധി ഗുഹകൾ ക്രമാനുഗതമായ കാലാവസ്ഥയും കുന്നുകളിലെ കരിങ്കല്ല് കഷ്ണങ്ങളായും രൂപപ്പെട്ടവയാണ്. ജലപ്രവാഹം കൊണ്ടല്ല ഇവ രൂപപ്പെട്ടത്.

(വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്: സിയാസത്ത്.കോം)

Two illegal temples were built at Khajaguda Rocks site

Similar Posts