175 കോടിയുടെ സൈബർ തട്ടിപ്പ് ; തെലങ്കാനയില്‍ എസ്.ബി.ഐ മാനേജര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍
|കേസില്‍ നേരത്തെ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു
ഹൈദരാബാദ്: തെലങ്കാനയില്‍ 175 കോടിയുടെ സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഷംഷെർഗഞ്ച് ബ്രാഞ്ച് മാനേജർ ഉൾപ്പെടെ രണ്ട് പേരെ തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോ (ടിജിസിഎസ്ബി) അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ നേരത്തെ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
ഹൈദരാബാദ് സ്വദേശിയായ ബാങ്ക് മാനേജർ മധു ബാബു ഗലി (49), രംഗ റെഡ്ഡിയിൽ നിന്നുള്ള ജിം പരിശീലകനായ ഉപാധ്യ സന്ദീപ് ശർമ (34) എന്നിവരാണ് അറസ്റ്റിലായത്. പണം വകമാറ്റാൻ ഉപയോഗിച്ച കറണ്ട് ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ മധു ബാബു ഗലി തട്ടിപ്പുകാരുമായി ഒത്തുകളിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന് മാനേജര്‍ക്ക് പ്രത്യേക കമ്മീഷനും ലഭിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മറ്റുള്ളവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതും സംശയാസ്പദമായ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കാനും തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോ അഭ്യർത്ഥിച്ചു.
ഒരു ബാങ്ക് അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്ന ആരുടെയും ഐഡൻ്റിറ്റി പരിശോധിക്കേണ്ടതിൻ്റെയും അക്കൗണ്ട് പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിൻ്റെയും പ്രാധാന്യം ബ്യൂറോ ഊന്നിപ്പറയുന്നു. കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കുന്ന അക്കൗണ്ട് തുറന്നിട്ടുണ്ടെന്ന് സംശയിക്കുന്നവർ, സൈബർ ക്രൈം ഹെൽപ്പ് ലൈൻ (1930) വഴിയോ cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയോ ഉടൻ തന്നെ അധികാരികളെ അറിയിക്കാൻ നിർദ്ദേശിക്കുന്നു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാരായ ഹരികൃഷ്ണ, കെ.വി.എം പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷൻ നടത്തിയത്.