India
Lakhimpur Kheri,crime,UPcrime,latest national news,ഉത്തര്‍പ്രദേശ്,ലഖിംപൂര്‍ഖേരി,കൊലപാതകം
India

വയലിൽ നിന്നോടിച്ച മൃഗം മറ്റൊരു വീട്ടിൽ കയറി ഉപകരങ്ങൾ നശിപ്പിച്ചു; ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടു

Web Desk
|
5 Aug 2024 6:05 AM GMT

സംഭവത്തിൽ ഒമ്പതുപേർ അറസ്റ്റിലായിട്ടുണ്ട്

ലഖിംപൂർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ വയലിലെത്തിയ മൃഗങ്ങളെ ആട്ടിയോടിച്ചതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഒമ്പതുപേർ അറസ്റ്റിലായിട്ടുണ്ട്. 27 പേർക്കെതിരെ കൊലപാതകത്തിനും കലാപത്തിനും കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് റാഡ ബസാർ ഗ്രാമത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. രാംജീത് സിംഗ് (45), ഭാര്യാസഹോദരനും അയൽവാസിയുമായ രാം ലഖൻ (42) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ....

കൊല്ലപ്പെട്ട രാംജീതിന്റെ മക്കളായ കൗശ്ലേന്ദ്രയും ലോകേന്ദ്രയും അവരുടെ വയലിൽ പ്രവേശിച്ച ഒരു തെരുവ് മൃഗത്തെ ഓടിച്ചു വിട്ടു. ഇത് സാന്ത്രാമം എന്നയാളുടെ വീട്ടിലേക്ക് ഓടിക്കയറുകയും ചില വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.ഇതിൽ ക്ഷുഭിതനായ സാന്ത്‌റാമും കുടുംബാംഗങ്ങളും കൗശലേന്ദ്രയെയും ലോകേന്ദ്രയെയും മർദിക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടാണ് പ്രശ്‌നം താൽക്കാലികമായി പരിഹരിച്ചത്.

എന്നാൽ പ്രശ്‌നം അവിടെ അവസാനിച്ചിരുന്നില്ല. വൈകുന്നേരത്തോടെ സാന്ത്രവും കൂട്ടരും രാംജീത്തിനെയും രാം ലഖനെയും വടികളും മറ്റും ഉപയോഗിച്ച് ആക്രമിച്ചു. ഇതോടെ രാംജീതിന്റെ കുടുംബാംഗങ്ങളും അക്രമികൾക്കെതിരെ തിരിച്ചടിച്ചു.വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

തലയ്ക്ക് പരിക്കേറ്റ രാംജീത്തിനെയും ലഖനെയും പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ അവിടെ നിന്ന് ലഖ്നൗവിലേക്ക് റഫർ ചെയ്തു. ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് ഇവർ രണ്ടുപേരും മരിച്ചത്. സംഭവത്തിൽ ബാക്കി പ്രതികളെ പിടികൂടാനാള്ള ശ്രമം നടത്തി വരികയാണെന്ന് ലഖിംപൂർ ഖേരി സർക്കിൾ ഓഫീസർ അജേന്ദ്ര യാദവ് പറഞ്ഞു.'ഗ്രാമത്തിലെ സ്ഥിതി നിയന്ത്രണവിധേയമാണ്. മുൻകരുതൽ നടപടിയുടെ ഭാഗമായി പൊലീസ് സംഘങ്ങളെ അവിടെ വിന്യസിച്ചിട്ടുണ്ട്, ''അദ്ദേഹം പറഞ്ഞു.

കലാപം,കൊലപാതകശ്രമം,ആയുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.പ്രതികൾക്കെതിരെ ക്രിമിനൽ നിയമ ഭേദഗതി നിയമത്തിലെ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്.

Similar Posts