കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ അതിജീവിതയുടെ വീടിന് തീയിട്ടു; രണ്ട് കുഞ്ഞുങ്ങളുടെ നില ഗുരുതരം
|14 വയസ്സുകാരിയുടെ വീടിനാണ് തീയിട്ടത്
ഉന്നാവോ: കൂട്ടബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങിയ രണ്ടു പ്രതികള്‍ അതിജീവിതയുടെ വീടിന് തീയിട്ടു. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. 14 വയസ്സുകാരിയുടെ വീടിനാണ് തീയിട്ടത്. വീട്ടിലുണ്ടായിരുന്ന രണ്ട് കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.
പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിക്ക് ബലാത്സംഗത്തെ തുടര്‍ന്ന് ജനിച്ച നാലു മാസം പ്രായമുള്ള കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരമാണ്. 14കാരിയുടെ മൂന്ന് മാസം പ്രായമുള്ള സഹോദരിക്കും പൊള്ളലേറ്റു. കേസ് പിൻവലിക്കാൻ പ്രതികളുടെ കുടുംബം സമ്മര്‍ദം ചെലുത്തിയിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
"2022 ഫെബ്രുവരി 13നാണ് മൂന്നു പേര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. അമൻ, സതീഷ്, അരുൺ എന്നിവരാണ് പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്തു. ഇവരിൽ സതീഷിനും അരുണിനും ജാമ്യം ലഭിച്ചു. രണ്ടു മാസം മുന്‍പാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. തിങ്കളാഴ്ച ഇരുവരും കൂട്ടാളികളുമായി എത്തി പെണ്‍കുട്ടിയുടെ വീടിന് തീയിടുകയായിരുന്നു"- എ.ഡി.എം നരേന്ദ്ര കുമാര്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നതിങ്ങനെ- "വീട്ടില്‍ അതിക്രമിച്ചെത്തിയ പ്രതികള്‍ എന്നെയും മകളെയും മര്‍ദിച്ചു. തുടര്‍ന്ന് വീടിനു തീവെച്ചു. എന്‍റെയും മകളുടെയും കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അവർ ഞങ്ങളെ നിരന്തരം ഭീഷണിപ്പെടുമായിരുന്നു".
ഐപിസി സെക്ഷൻ 147 (കലാപം), 323 (മനപ്പൂര്‍വം മുറിവേൽപ്പിക്കുക), 436 (വീട് നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ തീയോ സ്‌ഫോടക വസ്തുക്കളോ ഉപയോഗിക്കുക) എന്നിവ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രതി ചേര്‍ക്കപ്പെട്ടവരില്‍ ഒരാളായ രാജ് ബഹാദൂറിനെ അറസ്റ്റ് ചെയ്തു. പ്രതികൾ തന്നെ മർദിച്ചെന്ന് പെൺകുട്ടിയുടെ പിതാവ് നേരത്തെ നൽകിയ പരാതിയിൽ പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതിയുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്ന് ഉന്നാവോ എ.ഡി.എം നരേന്ദ്ര കുമാര്‍ പറഞ്ഞു.
Summary- Two gangrape accused out on bail, allegedly set fire to the house of a 14-year-old victim with the help of their associates at a village in Unnao district on Monday, leaving two infants with serious burn injuries, police said