റോഡ് നിർമാണത്തിനെതിരെ പ്രതിഷേധിച്ച രണ്ടു സ്ത്രീകളെ കഴുത്തറ്റം മണ്ണിട്ട് മൂടി
|ട്രക്കിൽ നിന്ന് സ്ത്രീകളുടെ ദേഹത്ത് മണ്ണ് തട്ടുന്നത് വീഡിയോയിൽ കാണാം
ഭോപ്പാൽ: റോഡ് നിർമാണത്തിനെതിരെ സമരം നടത്തിയ രണ്ടു സ്ത്രീകളെ കഴുത്തറ്റം മണ്ണിട്ട് മൂടി. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ട്രക്കിൽ നിന്ന് സ്ത്രീകളുടെ ദേഹത്ത് മണ്ണ് തട്ടുന്നത് വീഡിയോയിൽ കാണാം. ശനിയാഴ്ച ഹിനോത ജോറോട്ട് ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് മംഗാവ പൊലീസ് അറിയിച്ചു.
മംമ്ത പാണ്ഡെ, ആശാ പാണ്ഡെ എന്നീ സ്ത്രീകളാണ് റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ചിരുന്നത്. റോഡുപണിക്കായി മണ്ണും ചരലുമായി എത്തിയ ട്രക്കിന് സമീപത്തിരുന്നായിരുന്നു പ്രതിഷേധം. ഇതിനിടയിലാണ് ട്രക്കിലുണ്ടായ മണ്ണ് രണ്ടുപേരുടെയും ദേഹത്തേക്ക് തട്ടിയത്. ഇരുവരുടെയും കഴുത്തറ്റം മണ്ണ് നിറക്കുകയും ചെയ്തു. സംഭവം കണ്ടുനിന്ന നാട്ടുകാരാണ് രണ്ട് സ്ത്രീകളെയും രക്ഷപ്പെടുത്തിയത്. പാട്ടത്തിനെടുത്ത ഭൂമിയിൽ കരിങ്കല്ല് ഇടുന്നതിനെതിരെയാണ് തങ്ങൾ പ്രതിഷേധിച്ചതെന്നാണ് സ്ത്രീകളുടെ പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും എഎസ്പി വിവേക് ലാൽ പറഞ്ഞു.
അതേസമയം, രേവ ജില്ലയിലെ ഈ സംഭവം സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുകയാണെന്ന് കോൺഗ്രസ് നേതാവ് ജീതേന്ദ്ര പട്വാരി പറഞ്ഞു.
'രേവ ജില്ലയിലെ ഈ സംഭവം ബി.ജെ.പിയുടെ ഭരണത്തിൻ കീഴിലുള്ള സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നു! എന്തായാലും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ മധ്യപ്രദേശ് ഒന്നാം സ്ഥാനത്താണ്!' നിങ്ങളുടെ സർക്കാർ ഈ സംഭവം നിഷ്പക്ഷമായും വേഗത്തിലും അന്വേഷിച്ച് നീതി ലഭിക്കുമെന്ന് ഈ സഹോദരിമാർക്ക് പ്രതീക്ഷിക്കാൻ സാധിക്കുമോ? സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിൽ സർക്കാർ വീണ്ടും വീണ്ടും പരാജയപ്പെടുകയാണ്'...പട്വാരി പറഞ്ഞു.