India
കുട്ടികളിൽ ടൈപ്പ് 1 പ്രമേഹം വർധിക്കുന്നതായി ഐ.സി.എം.ആര്‍ റിപ്പോര്‍ട്ട്
India

കുട്ടികളിൽ ടൈപ്പ് 1 പ്രമേഹം വർധിക്കുന്നതായി ഐ.സി.എം.ആര്‍ റിപ്പോര്‍ട്ട്

Web Desk
|
7 Jun 2022 8:45 AM GMT

ഓരോ വർഷവും ഏകദേശം 15,900 പുതിയ ടൈപ്പ് വണ്‍ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍

ഡൽഹി: കുട്ടികളിൽ ടൈപ്പ് 1 പ്രമേഹം വർധിക്കുന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) റിപ്പോർട്ട്. ഈ സാഹചര്യത്തിൽ രോഗം തടയാനും നിയന്ത്രിക്കാനുമുള്ള മാർഗരേഖയും ഐ.സി എം.ആർ പുറത്തിറക്കി. രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് ടൈപ്പ് 1 പ്രമേഹം കുട്ടികളിൽ വർധിക്കുന്നതായി കണ്ടെത്തിയത്. രാജ്യത്ത് ഒരു വർഷം ഒരു ലക്ഷത്തിൽ അഞ്ച് പേരിൽ ടൈപ്പ് വൺ പ്രമേഹം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിൽ കൂടുതലും 10-14 നും ഇടയിൽ പ്രായമുള്ളവരിലാണ്. മുതിർന്നവരിൽ ടൈപ്പ് 2 പ്രമേഹം കൂടുതലായി കാണപ്പെടുന്നതെന്നും പഠനം പറയുന്നു.

14 വയസിന് താഴെയുള്ള കുട്ടികളിൽ 95,600 ടൈപ്പ് 1 പ്രമേഹ കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഓരോ വർഷവും ഏകദേശം 15,900 പുതിയ കേസുകൾ ഈ പ്രായ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും പഠനം പറയുന്നു. ഓരോ വർഷവും ഏകദേശം ഇന്ത്യയിൽ 2.5 ലക്ഷം പേർ ടൈപ്പ് 1 പ്രമേഹരോഗികളുണ്ടെന്നാണ് കണക്ക്.

എന്താണ് ടൈപ്പ് 1 പ്രമേഹം

ആഗ്‌നേയ ഗ്രന്ഥിയിൽ ഇൻസുലിൻ ഉല്പാദിപിക്കപെടുന്ന കോശങ്ങൾ നശിക്കുകയും ഇതിന്റെ ഫലമായി ഇൻസുലിൻ ഉൽപാദിപ്പിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇത്തരക്കാരിൽ ദിവസവും ഇൻസുലിൻ കുത്തിവെപ്പുകൾ എടുക്കേണ്ടിവരും. ഇൻസുലിൻ കുത്തിവെപ്പിലാതെ അവർക്ക് ജീവൻ നിലനിർത്താൻ സാധിക്കില്ല.

ഒരു വയസ്സു മുതൽ കാമാരപ്രായം അവസാനിക്കുന്നതിനു മുൻപാണ് ഇതു സാധാരണ പിടിപെടുന്നത്. ഇത്തരക്കാരുടെ ജീവിതം സാധാരണരീതിയിൽ മുന്നോട്ട് പോകാനും രോഗത്തെ അതിജീവിക്കാനും ഇൻസുലിനും മറ്റ് ചികിത്സകളും സാധാരണ രീതിയിൽ നടക്കാനും പിന്തുണ ആവശ്യമാണെന്നും ഐ.സി.എം.ആർ റിപ്പോർട്ടിൽ പറയുന്നു. കുട്ടികളിലും കൗമാരക്കാരിലും മുതിർന്നവരിലും പ്രമേഹ സംരക്ഷണത്തിനുള്ള സമഗ്രമായ മാർഗനിർദ്ദേശങ്ങളും ഐ.സി.എം.ആർ പുറത്ത് വിട്ടു.

പ്രധാന നിർദേശങ്ങൾ

* പ്രമേഹബാധിതർ പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പ് വരുത്തണം.

* കൃത്യമായ വ്യായമം ചെയ്യണം.

* മറ്റ് കുട്ടികളെ പോലെ തന്നെ വിറ്റമിനുകളും ധാതുക്കളും ശരീരത്തിലേക്കെത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

*രക്തസമ്മർദം, ഭാരം എന്നിവ കൂടാനോ കുറയാനോ ഇടവരുത്തരുത്.

Similar Posts