യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് അഹ്മദാബാദിൽ; മോദി സ്വീകരിച്ചു
|വൈബ്രൻഡ് ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുത്തു
യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാന് അഹ്മദാബാദിൽ ഹൃദ്യമായ സ്വീകരണം. അസർബൈജാൻ സന്ദർശനം പൂർത്തീകരിച്ചു മടങ്ങും വഴിയാണ് ശൈഖ് മുഹമ്മദ് അഹ്മദാബാദിൽ ഇറങ്ങിയത്. വൈബ്രൻഡ് ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് സന്ദർശനം.
അഹ്മദാബാദ് വിമാനത്താവളത്തിൽ യുഎ.ഇ പ്രസിഡൻറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിൽ സ്വീകരിക്കാനെത്തി. തന്റെ പ്രിയ സഹോദരനാണ് ശൈഖ് മുഹമ്മദെന്ന് മോദി പറഞ്ഞു. തുടർന്ന് വാഹനത്തിൽ ഇരുവരും അഹ്മദാബാദ് നഗരത്തിലൂടെ ജനങ്ങളെ അഭിവാദ്യം ചെയ്ത് വൈബ്രൻഡ് ഗുജറാത്ത് ഉച്ചകോടി വേദിയിലേക്ക് നീങ്ങി.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം അതിശക്തമാണെന്നും വിവിധ തുറകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കി മുന്നോട്ടു പോകുമെന്നും മോദി പറഞ്ഞു. വൈബ്രൻഡ് ഗുജറാത്തിൻറെ ഭാഗമായി ഒരുക്കിയ യു.എ.ഇ പവലിയന്റെ ഉദ്ഘാടനം മന്ത്രി താനി ബിൻ അഹമദ് അൽ സിയൂദി നിർവഹിച്ചു.
യു.എ.ഇയുടെ ഇന്ത്യൻ അംബാസഡർ അബ്ദുന്നാസർ ജമാൽ അൽഷാലി, ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസുഫലി എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. യു.എ.ഇ പവലിയൻ പ്രധാനമന്ത്രി മോദിയും സന്ദർശിച്ചു.
അഹ്മദാബാദിൽ ആരംഭിക്കുന്ന ലുലു ഹൈപ്പർമാർക്കറ്റിന്റെ മോഡലും യു.എ.ഇ പവലിയനിലെ ലുലു സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. സാമ്പത്തിക, നിക്ഷേപ സഹകരണ രംഗത്ത് വൻകുതിച്ചുചാട്ടം നടത്താൻ ഇന്ത്യക്കും യു.എഇക്കും സാധിച്ചതിന്റെ കൂടുൽ തെളിവാണ് വൈബ്രൻഡ് ഗുജറാത്ത് ഉച്ചകോടിയിലെ യു.എ.ഇ പങ്കാളിത്തം. സമഗ്ര സാമ്പത്തിക സഹകരണ കരാർ യാഥാർഥ്യമായതോടെ കയറ്റിറക്കുമതി രംഗത്ത് വൻമുന്നേറ്റമാണ് ഉഭയകക്ഷി തലത്തിൽ ഉണ്ടായിരിക്കുന്നത്.
അടുത്ത മാസം അബൂദബിയിൽ കൂറ്റൻ ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി യു.എ.ഇയിൽ എത്തുന്നുണ്ട്. പതിനാലിനാണ് ഉദ്ഘാടന ചടങ്ങ്. ജനുവരി 13ന് അബൂദബിയിൽ അര ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് മോദി സംസാരിക്കും.