![കാബ് വൈകിയെത്തി, വിമാനയാത്ര മുടങ്ങി; ഊബറിന് 20,000 പിഴയിട്ട് കോടതി കാബ് വൈകിയെത്തി, വിമാനയാത്ര മുടങ്ങി; ഊബറിന് 20,000 പിഴയിട്ട് കോടതി](https://www.mediaoneonline.com/h-upload/2022/10/27/1327738-uber-taxi.webp)
കാബ് വൈകിയെത്തി, വിമാനയാത്ര മുടങ്ങി; ഊബറിന് 20,000 പിഴയിട്ട് കോടതി
![](/images/authorplaceholder.jpg?type=1&v=2)
ഡോംബിവ്‌ലിയിൽ നിന്നുള്ള അഭിഭാഷകയായ കവിതാ ശർമയാണ് പരാതിക്കാരി
മുംബൈ: കാബ് സർവീസ് വൈകിയതിനെ തുടർന്ന് യാത്രക്കാരന് ഫ്ലൈറ്റ് നഷ്ടമായ സംഭവത്തില്‍ ഊബറിന് പിഴയിട്ട് മുംബൈയിലെ ഉപഭോക്തൃ കോടതി. 20,000 രൂപയാണ് പിഴ ചുമത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോംബിവ്‌ലിയിൽ നിന്നുള്ള അഭിഭാഷകയായ കവിതാ ശർമയാണ് പരാതിക്കാരി.
2018 ജൂൺ 12 നാണ് കേസിനാസ്പദമായ സംഭവം. മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത കവിതക്ക് കാബ് സർവീസ് വൈകിയതോടെ യാത്ര നഷ്ടമായി. മുംബൈയിലെ വീട്ടിൽ നിന്ന് 34 കിലോമീറ്റർ അകലെയുള്ള എയർപോർട്ടിലേക്ക് എത്താനാണ് ഊബർ ടാക്സി ബുക്ക് ചെയ്തത്. 14 മിനിറ്റ് വൈകിയെത്തിയ ഊബർ കാബ് സിഎൻജി വാങ്ങാൻ വീണ്ടും സമയം പാഴാക്കിയെന്നും പരാതിപ്പെട്ടു. എയർപോർട്ടിൽ എത്താൻ എടുക്കുന്ന സമയം വൈകിട്ട് അഞ്ചു മണി കാണിച്ചെങ്കിലും കാബ് എത്തിയത് 5.23 നാണെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി. അപ്പോഴേക്കും വിമാനം പോയിരുന്നു.
കൂടാതെ, യാത്രയ്‌ക്കായി യുബർ 703 രൂപ ബിൽ ചെയ്തപ്പോൾ ബുക്കിംഗ് സമയത്ത് കണക്കാക്കിയ നിരക്ക് ₹ 563 ആയിരുന്നുവെന്ന് അഭിഭാഷകയുടെ പരാതിയിൽ പറയുന്നു. തുടര്‍ന്ന് കവിത ഊബറിന് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീടാണ് താനെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുന്നത്. മാനസിക സമ്മർദ്ദം ഉണ്ടാക്കിയതിന് 10,000 രൂപയും വ്യവഹാര ചെലവിന് 10,000 രൂപയുമടക്കം ആകെ 20,000 രൂപയാണ് ഊബറിന് പിഴയിട്ടത്.