India
UCC, ‘One Nation, One Election’ to be implemented in next term: Amit Shah, Lok Sabha 2024, Elections 2024

അമിത് ഷാ

India

അഞ്ചു വർഷത്തിനുള്ളിൽ ഏക സിവിൽ കോഡും 'ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്' പദ്ധതിയും നടപ്പാക്കും-അമിത് ഷാ

Web Desk
|
26 May 2024 11:38 AM GMT

''വേനലിൽനിന്ന് ശൈത്യകാലത്തേക്ക് തെരഞ്ഞെടുപ്പുകൾ മാറ്റുന്നതിനെ കുറിച്ചും ആലോചിക്കും. ഒരു തെരഞ്ഞെടുപ്പ് നേരത്തെ ആക്കിയെങ്കിലും അതു നടപ്പാക്കാം.''

ന്യൂഡൽഹി: ബി.ജെ.പിക്ക് വീണ്ടും അധികാരം ലഭിച്ചാൽ അടുത്ത അഞ്ചു വർഷത്തിനിടെ ഏക സിവിൽകോഡും 'ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്' പദ്ധതിയും നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതേതര രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ നിയമങ്ങളുണ്ടാകരുതെന്ന് അംബേദ്കർ ഉൾപ്പെടെയുള്ള നേതാക്കൾ വ്യക്തമാക്കിയതാണെന്നും അദ്ദേഹം വാദിച്ചു.

വാർത്താ ഏജൻസിയായ പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. നമ്മുടെ ഉത്തരവാദിത്തമാണ് ഏക സിവിൽകോഡ്. ഭരണഘടനാ ശിൽപികൾ സ്വതന്ത്ര്യത്തിനുശേഷം പാർലമെന്റിന്റെയും നിയമസഭകളുടെയും മേൽ ബാക്കിവച്ച ഉത്തരവാദിത്തമാണത്. കോൺസ്റ്റിറ്റിയുവെന്റ് അസംബ്ലി ആലോചിച്ചെടുത്ത നമ്മൾക്കു വേണ്ടിയുള്ള മാർഗനിർദേശക തത്വങ്ങളിൽ ഏക സിവിൽകോഡുമുണ്ട്. ഒരു മതേതര രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങളുണ്ടാകരുതെന്ന് അന്ന് കെ.എം മുൻഷി, രാജേന്ദ്ര ബാബു, അംബേദ്കർ പോലുള്ള നിയമപണ്ഡിതർ പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് ഏക സിവിൽകോഡ് വരേണ്ടതുണ്ടെന്നും അമിത് ഷാ പറഞ്ഞു.

ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ ഏക സിവിൽകോഡ് പരീക്ഷണം നടത്തിക്കഴിഞ്ഞെന്നും അദ്ദേഹം സൂചിപ്പിച്ചു. ഏക സിവിൽകോഡ് വലിയൊരു സാമൂഹിക, നിയമ, മത പരിഷ്‌ക്കരണമാകുമെന്നാണ് താൻ വിശ്വസിക്കുന്നത്. ഉത്തരാഖണ്ഡ് സർക്കാർ നടപ്പാക്കിയ നിയമം സാമൂഹിക, നിയമ പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ മതനേതാക്കളുമായും ചർച്ച നടത്തണം. ഇക്കാര്യത്തിൽ വിപുലമായ സംവാദം ആശ്യമാണെന്ന് ഷാ പറഞ്ഞു.

ഉത്തരാഖണ്ഡ് നടപ്പാക്കിയ നിയമത്തിൽ എന്തെങ്കിലും മാറ്റം വേണമോ എന്നു പരിശോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമം നടപ്പാക്കിക്കഴിഞ്ഞാൽ ആരെങ്കിലും ഇതിനെതിരെ കോടതിയെ സമീപിക്കാനിടയുണ്ട്. ഇക്കാര്യത്തിൽ ജുഡിഷ്യറിയുടെ അഭിപ്രായവും വരും. അതിനുശേഷം പാർലമെന്റും നിയമസഭകളും നിയമം നടപ്പാക്കുന്നതിനെ കുറിച്ചു ഗൗരവത്തോടെ ആലോചിക്കണം. രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കുമെന്ന് ബി.ജെ.പി പ്രകടനപത്രികയിൽ പറഞ്ഞതിന്റെ ഉദ്ദേശ്യം അതാണെന്നും നിയമം നടപ്പാക്കാൻ അഞ്ചു വർഷം തന്നെ വേണ്ടുവോളമുണ്ടെന്നും അമിത് ഷാ പറഞ്ഞു.

ഇതിനുശേഷമാണ് 'ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്' പദ്ധതി യഥാർഥ്യമാക്കാൻ വേണ്ട എല്ലാ പരിശ്രമങ്ങളും നടത്തുമെന്ന് ഷാ വ്യക്തമാക്കിയത്. ഇതിനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രാജ്യത്ത് തെരഞ്ഞെടുപ്പുകളെല്ലാം ഒരേ സമയത്ത് നടത്തേണ്ട സമയം ആയിട്ടുണ്ട്. ഇതു തെരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കും. അടുത്ത അഞ്ചു വർഷത്തിനിടെ തന്നെ ഇതു നടപ്പാക്കാൻ നോക്കുമെന്നും അദ്ദേഹം പറഞ്ഞു.

വേനലിൽനിന്ന് ശൈത്യകാലത്തേക്ക് തെരഞ്ഞെടുപ്പുകൾ മാറ്റുന്നതിനെ കുറിച്ചും ആലോചിക്കും. ഒരു തെരഞ്ഞെടുപ്പ് നേരത്തെ ആക്കിയെങ്കിലും അതു നടപ്പാക്കാം. എന്തായാലും അതു നടപ്പാക്കണം. ഇപ്പോൾ വിദ്യാർഥികളുടെ അവധിക്കാലം കൂടിയാണ്. അത് ഒരുപാട് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ക്രമേണെ തെരഞ്ഞെടുപ്പ് മറ്റൊരു സമയത്തേക്കു മാറ്റാമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Summary: UCC, ‘One Nation, One Election’ to be implemented in next term: Amit Shah

Similar Posts