ഉദയ്പൂര്‍ കൊലപാതകം: രണ്ട് പേർ കൂടി അറസ്റ്റിൽ
|ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായത്.
ജയ്പൂര്‍: ഉദയ്പൂരിൽ കനയ്യലാലിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായത്. പൊലീസിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിൽ ഐ.ജിയും എസ്പിയും ഉൾപ്പെടെ 32 പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.
കൊലപാതകം നടത്തിയവരെ ചോദ്യംചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരെ കൂടി രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഏഴുപേരെ ചോദ്യംചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം കനയ്യലാൽ സുരക്ഷാ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിട്ടും സുരക്ഷാ നല്‍കാതിരുന്നതിനാലാണ് ഉദയ്പൂർ എസ്പിയെയും ഐജിയെയും ഉൾപ്പെടെ 31 പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.
പ്രഫുൽ കുമാറിനെ ഉദയ്പൂർ റേഞ്ച് ഐജിയായും വികാസ് ശർമയെ എസ്പിയാകും നിയമിച്ചു. അറസ്റ്റിലായ മുഖ്യപ്രതികളെ തിരിച്ചറിയൽ പരേഡിനായി കോടതി ജൂലൈ 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അജ്മീറിലെ അതിസുരക്ഷാ ജയിലിലാണ് ഇരുവരും. കൊലപാതകത്തിൽ അറസ്റ്റിലായവർക്ക് തീവ്രവാദ സംഘടനയുമായി ബന്ധമില്ലെന്നും ബന്ധമുണ്ടെന്ന വാർത്ത ഊഹാപോഹം മാത്രമാണെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു.
പ്രവാചകനെതിരെ പരാമർശം നടത്തിയ ബി.ജെ.പി മുൻ വക്താവ് നുപൂർ ശർമയെ പിന്തുണച്ചു പോസ്റ്റിട്ടുവെന്നാരോപിച്ചാണ് തയ്യല്‍ക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. റിയാസ് അഖ്താരി, ഗൗസ് മുഹമ്മദ് എന്നിവരാണ് പിടിയിലായ മുഖ്യപ്രതികള്‍.