'അച്ഛന്റെ പഴ്‌സിലെ പണമല്ല ചോദിച്ചത്'; കേന്ദ്രമന്ത്രി നിർമലയ്‌ക്കെതിരെ ഉദയനിധി സ്റ്റാലിൻ
|വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് നിര്‍മല
ചെന്നൈ: പ്രളയ ദുരിതാശ്വാസ ഫണ്ടിന്റെ പേരിൽ തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും തമ്മിൽ വാക് യുദ്ധം. കൂടുതൽ പണം അനുവദിക്കാൻ കേന്ദ്രസർക്കാർ എടിഎം മെഷീൻ അല്ല നിർമല സീതാരാമന്റെ വാക്കുകളാണ് പോരിന് തുടക്കം കുറിച്ചത്. അച്ഛന്റെയോ കുടുംബത്തിന്റെയോ പണമല്ലോ ചോദിച്ചത്, തമിഴ്‌നാട് നൽകിയ നികുതിയുടെ വിഹിതമാണ് ആവശ്യപ്പെടുന്നത് എന്ന് ഉദയനിധി തിരിച്ചടിച്ചു. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് നിര്‍മലയും ആവശ്യപ്പെട്ടു.
ഡിസംബർ അവസാനത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം, നഷ്ടപരിഹാരമായി ആറായിരം കോടി രൂപ വേണം എന്നാണ് തമിഴ്‌നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ഇതിനുള്ള മറുപടി നൽകവെ കേന്ദ്രം എടിഎം മെഷിനല്ലെന്ന് നിർമല പറഞ്ഞിരുന്നു. പ്രളയ ദുരിതാശ്വാസത്തേക്കാൾ മുഖ്യമന്ത്രി സ്റ്റാലിന് ഡൽഹിയിലെ ഇൻഡ്യ സഖ്യത്തിന്റെ യോഗമായിരുന്നു പ്രധാനമെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു. തൊള്ളായിരം കോടി രൂപ നല്‍കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഇതിന് പിന്നാലെയാണ് അച്ഛന്റെ പഴ്‌സിൽ നിന്നല്ല പണം ചോദിച്ചത് എന്ന പരാമർശവുമായി ഉദയനിധി രംഗത്തെത്തിയത്. 'ഞങ്ങൾ അച്ഛന്റെ പഴ്‌സിൽ നിന്നല്ല പണം ചോദിക്കുന്നത്, തമിഴ്‌നാട് ഗവൺമെന്റ് അടച്ച നികുതിയുടെ വിഹിതത്തിൽ നിന്നാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതിനോട് രൂക്ഷമായി പ്രതികരിച്ച നിർമല വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണമെന്ന് മുന്നറിയിപ്പ് നൽകി. 'അദ്ദേഹം അച്ഛന്റെ സ്വത്തിനെ കുറിച്ചാണ് ചോദിക്കുന്നത്. അച്ഛന്റെ സ്വത്ത് ഉപയോഗിച്ചാണോ അദ്ദേഹം അധികാരം ആസ്വദിക്കുന്നത് എന്ന് ഞാൻ ചോദിച്ചാലോ? അദ്ദേഹത്തെ ജനങ്ങൾ തെരഞ്ഞെടുത്തതാണ്. അതിന് അദ്ദേഹത്തെ ബഹുമാനിക്കേണ്ടേ? അച്ഛനെ കുറിച്ചും അമ്മയെ കുറിച്ചുമൊന്നും രാഷ്ട്രീയത്തിൽ സംസാരിക്കുന്നത് ശരിയല്ല. ഉദയനിധി വളർന്നു വരുന്ന രാഷ്ട്രീയക്കാരനാണ്. വാക്കുകൾ സൂക്ഷിക്കേണ്ടതുണ്ട്' - അവർ പറഞ്ഞു.
ഇതിന് മറുപടി നൽകിയ ഉദയനിധി വാക്കുകൾ ഉപയോഗിക്കേണ്ടത് എങ്ങനെയാണ് എന്ന് കേന്ദ്രമന്ത്രി പഠിപ്പിക്കേണ്ടെന്ന് തിരിച്ചടിച്ചു. 'ആരുമായി എങ്ങനെ സംസാരിക്കണമെന്ന് പെരിയാറും അണ്ണയും (അണ്ണാദുരൈ), കരുണാനിധിയും ഇപ്പോഴത്തെ നേതാവ് സ്റ്റാലിനും ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. ചിലപ്പോൾ അണ്ണാദുരൈയെ പോലെയും ചിലപ്പോൾ കരുണാനിധിയെ പോലെയും സംസാരിക്കും. ചിലപ്പോൾ സ്റ്റാലിനെ പോലെയും.' - അദ്ദേഹം കൂട്ടിച്ചേർത്തു. അപ്പന്‍ (അച്ഛന്‍) എന്നത് മോശം വാക്കാണോ എന്നും അദ്ദേഹം ചോദിച്ചു.