India
Reshuffle in Tamil Nadu Cabinet; Udayanidhi Stalin will be Deputy Chief Minister and Senthil Balaji will be Minister again, latest news malayalam, തമിഴ്നാട് മന്ത്രിസഭയിൽ പുനഃസംഘടന; ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി, സെന്തിൽ ബാലാജി വീണ്ടും മന്ത്രിയാകും
India

തമിഴ്നാട് മന്ത്രിസഭയിൽ പുനഃസംഘടന; ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി, സെന്തിൽ ബാലാജി വീണ്ടും മന്ത്രിയാകും

Web Desk
|
28 Sep 2024 5:12 PM GMT

മന്ത്രിസഭയിൽ നാല് പുതുമുഖങ്ങളും

ചെന്നൈ: തമിഴ്നാട് മന്ത്രിസഭയിൽ പുനഃസംഘടന വരുത്തി സർക്കാർ. ഉപമുഖ്യമന്ത്രിയായി മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ എത്തുന്നതാണ് പുനഃസംഘടനയിലെ പ്രധാനമാറ്റം. കൈക്കൂലിക്കേസിൽ ജയിലിലായിരുന്ന സെന്തിൽ ബാലാജി വീണ്ടും മന്ത്രിയാകും.മന്ത്രിസഭയിൽ നാല് പുതുമുഖങ്ങളും ഇടം നേടിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നൽകിയ ശിപാർശ ഗവർണർ അം​ഗീകരിച്ചു. നാളെ വൈകീട്ട് 3.30ന് ഉദയനിധി സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്.

സെന്തിൽ ബാലാജി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതോടെ സ്റ്റാലിൻ മന്ത്രിസഭയിൽ ഉടൻ പുനഃസംഘടനയുണ്ടാകുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. കൈക്കൂലിക്കേസിൽ 2023 ജൂണിലാണ് എക്സൈസ് മന്ത്രിയായിരുന്ന സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ജയിലിലായ സെന്തിൽ വകുപ്പില്ലാ മന്ത്രിയായി തുടരുന്നതിനെതിരെ ഗവർണർ ആർ.എൻ.രവി രംഗത്തെത്തിയിരുന്നു. തുടർന്ന് ഫെബ്രുവരിയിൽ സെന്തിൽ മന്ത്രിസ്ഥാനം രാജിവച്ചു.

2021 മെയിലാണ് ഉദയനിധി സ്റ്റാലിൻ ആദ്യമായി എംഎൽഎ ആയത്. 2022 ഡിസംബറിൽ സ്റ്റാലിൻ മന്ത്രിസഭയിലെത്തി. നിലവിൽ കായിക -യുവജനക്ഷേമ വകുപ്പുകളുടെ മന്ത്രിയാണ്. നിലവിൽ ആസൂത്രണവകുപ്പ് കൂടി ഉദയനിധിക്ക് നൽകിയിട്ടുണ്ട്. പുനഃസംഘടനയോടെ ഉദയനിധിയുടെ നേതൃത്വത്തിലുള്ള യുവനിര മന്ത്രിസഭയിൽ ശക്തിയാർജിക്കും. ഡിഎംകെയിൽ ഉദയനിധിക്കുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ് പുതിയ പദവി.

Similar Posts