നിയമസഭ തെരഞ്ഞെടുപ്പില്‍ 125 സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങി ശിവസേന ഉദ്ധവ് വിഭാഗം
|താക്കറെ 125 നിയമസഭാ സീറ്റുകളും യോഗത്തിൽ അവലോകനം ചെയ്തുവെന്ന് വൃത്തങ്ങൾ അറിയിച്ചു
മുംബൈ: പാര്‍ട്ടി രണ്ടായി പിളര്‍ന്നതിനു ശേഷമുള്ള ആദ്യത്തെ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് ശിവസനേ ഉദ്ധവ് വിഭാഗം. മഹാരാഷ്ട്രയിൽ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിനൊപ്പം 288 നിയമസഭാ മണ്ഡലങ്ങളിൽ 115 മുതൽ 125 വരെ മത്സരിക്കാനാണ് ശിവസേന (യുബിടി) ലക്ഷ്യമിടുന്നതെന്ന് വൃത്തങ്ങൾ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു.
പ്രധാന നിയമസഭാ മണ്ഡലങ്ങളിൽ ആവിഷ്ക്കരിക്കുന്നതിനുള്ള തന്ത്രം രൂപീകരിക്കുന്നതിനായി ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ ചൊവ്വാഴ്ച മുതിർന്ന പാർട്ടി നേതാക്കളായ സഞ്ജയ് റാവത്ത്, അനിൽ ദേശായി, സുഭാഷ് ദേശായി, സുനിൽ പ്രഭു, രാജൻ വിചാരെ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. താക്കറെ 125 നിയമസഭാ സീറ്റുകളും യോഗത്തിൽ അവലോകനം ചെയ്തുവെന്ന് വൃത്തങ്ങൾ അറിയിച്ചു. ഈ നിയോജക മണ്ഡലങ്ങളെ ലക്ഷ്യമിട്ട് ഒരു പ്രത്യേക ‘തിങ്ക് ടാങ്ക്’ സഹിതം ഒരു വാർ റൂം സ്ഥാപിക്കാനും അദ്ദേഹം പദ്ധതിയിടുന്നുണ്ടെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഈ സീറ്റുകളിലെ മുൻ വോട്ടുകളുടെ അടിസ്ഥാനത്തിൽ ഈ 125 മണ്ഡലങ്ങൾ ശിവസേന (യുബിടി) ആവശ്യപ്പെടും. കൂടാതെ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തിൽ പാർട്ടി ഈ മണ്ഡലങ്ങളെ എ, ബി, സി ലെവലുകളായി തരംതിരിക്കും.
2019-ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അവിഭക്ത ശിവസേന 124 സീറ്റുകളിലാണ് മത്സരിച്ചത്. ബിജെപിക്കും മറ്റ് സഖ്യകക്ഷികൾക്കുമായി 163 സീറ്റുകള്‍ വിട്ടുകൊടുത്തിരുന്നു.അവിഭക്ത ശിവസേനയും എന്‍സിപിയും യഥാക്രമം 56, 54 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് 44 സീറ്റുകളാണ് ലഭിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 21 സീറ്റുകളില്‍ മത്സരിച്ച ശിവസേന താക്കറെ വിഭാഗം ഒമ്പത് സീറ്റുകളില്‍ വിജയിച്ചു. മത്സരിച്ച 17ല്‍ 13ലും കോണ്‍ഗ്രസ് വിജയിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിശാല്‍ പാട്ടീല്‍ വിജയിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി 10 സീറ്റുകളില്‍ മത്സരിക്കുകയും എട്ട് സീറ്റുകളില്‍ വിജയിക്കുകയും ചെയ്തിരുന്നു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡി സഖ്യം വമ്പന്‍ വിജയം നേടുമെന്ന് എന്‍.സി.പി(എസ്.പി) നേതാവ് ശരത് പവാര്‍ പറഞ്ഞു. ആകെ 288 സീറ്റില്‍ 225ഉം സഖ്യം നേടുമെന്നാണ് പവാറിന്റെ പ്രവചനം. ലോക്സഭാ തെരഞ്ഞെടുപ്പിലെ ട്രെന്‍ഡ് ആവര്‍ത്തിക്കുമെന്നാണ് പവാറിന്റെ അവകാശവാദം.