ദസറ റാലി: നടുറോഡിൽ ഏറ്റുമുട്ടി ഉദ്ധവ് താക്കറെ- ഷിൻഡെ അനുകൂലികൾ
|വനിതാ അനുഭാവികൾക്ക് നേരെ ഷിൻഡെ ഗ്രൂപ്പ് അനുകൂലികൾ അധിക്ഷേപകരമായ ആംഗ്യങ്ങൾ കാണിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കം
മുംബൈ: ഉദ്ധവ് താക്കറെയുടേയും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയുടേയും അനുയായികൾ നടുറോഡിൽ ഏറ്റുമുട്ടി. മുംബൈയിൽ ദസറ റാലികൾക്ക് മുന്നോടിയായായിരുന്നു ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ. 56 വർഷം മുമ്പ് ശിവസേന ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പാർട്ടിയുടെ എതിരാളികൾ ബുധനാഴ്ച മുംബൈയിൽ രണ്ട് ദസറ റാലികൾ സംഘടിപ്പിച്ചത്.
നാസിക്കിൽ നിന്ന് മുംബൈയിലേക്ക് റാലിയിൽ പങ്കെടുക്കാൻ ഉദ്ധവിന്‍റെ വനിതാ അനുഭാവികൾക്ക് നേരെ അധിക്ഷേപകരമായ ആംഗ്യങ്ങൾ കാണിച്ചെന്നാരോപിച്ചായിരുന്നു സംഘർഷങ്ങൾക്ക് തുടക്കമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. നാസിക്-ആഗ്ര ഹൈവേയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഇവർ സഞ്ചരിച്ചിരുന്ന ബസിനെ മറികടക്കുന്നതിനിടെ ഷിൻഡെ ഗ്രൂപ്പ് അനുകൂലികൾ അധിക്ഷേപകരമായ ആംഗ്യങ്ങൾ കാണിച്ചെന്ന് ഇവർ ആരോപിച്ചു. തുടർന്ന് ഉദ്ധവ് വിഭാഗം അനുയായികൾ ഷിൻഡെ ഗ്രൂപ്പ് അനുയായികളെ മർദിക്കുകയായിരുന്നു.
ഉദ്ധവ് താക്കറെ വിഭാഗം 1966-ൽ ശിവസേനയുടെ തുടക്കം മുതൽ സെൻട്രൽ മുംബൈയിലെ ദാദറിലെ ചരിത്രപ്രസിദ്ധമായ ശിവാജി പാർക്കിൽ റാലി നടത്തുമ്പോൾ, ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത സംഘം ബാന്ദ്രയിലെ എംഎംആർഡിഎ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ശിവാജി പാർക്കിൽ ദസറ റാലി നടത്താനുള്ള അനുമതി താക്കറെ വിഭാഗത്തിന് ലഭിച്ചത്. ഇരുവിഭാഗവും ഒന്നിച്ച് നടത്തിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റാലിക്ക് കോർപ്പറേഷൻ അനുമതി നിഷേധിച്ചത്.
മുംബൈ ബികെസി ഗ്രൗണ്ടിൽ നടന്ന ദസറ റാലിയിൽ ഉദ്ധവ് താക്കറെയുടെ മൂത്ത സഹോദരൻ ജയ്ദേവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്‌ക്കൊപ്പം വേദി പങ്കിട്ടു. സെൻട്രൽ മുംബൈയിലെ ദാദറിലെ ശിവാജി പാർക്കിലാണ് ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗം റാലി നടത്തിയത്. സ്വന്തം സഹോദരൻ എതിർക്യാമ്പിലേക്ക് പോയത് ഉദ്ധവ് താക്കറെക്കേറ്റ വലിയ തിരിച്ചടിയായിരുന്നു. കഴിഞ്ഞ ജൂണിലാണ് മഹാവികാസ് അഘാഡി സഖ്യത്തെ അട്ടിമറിച്ച് ശിവസേനയിലെ വിമത പക്ഷം ബിജെപിക്കൊപ്പം ചേർന്ന് ഭരണം പിടിച്ചത്.