മുന്‍കാലങ്ങളില്‍ മോദിയെ പിന്തുണച്ചതിന് വോട്ടര്‍മാരോട് മാപ്പ്: ഉദ്ധവ് താക്കറെ
|സത്യജിത് പാട്ടീലിനെ പിന്തുണച്ച് പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിലെ ഇചൽകരഞ്ചിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു താക്കറെ
മുംബൈ: മുന്‍കാലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചതിന് വോട്ടര്‍മാരോട് മാപ്പ് പറഞ്ഞ് ശിവസേന(യുബിടി) നേതാവ് ഉദ്ധവ് താക്കറെ. ഹട്കനംഗലെ മണ്ഡലത്തിലെ സേന സ്ഥാനാർഥി സത്യജിത് പാട്ടീലിനെ പിന്തുണച്ച് പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിലെ ഇചൽകരഞ്ചിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019-ൽ തൻ്റെ സർക്കാർ വീണുപോയ സാഹചര്യങ്ങളെ കുറിച്ച് സംസാരിച്ച താക്കറെ ശിവസേന യഥാര്‍ഥത്തില്‍ ആരുടേതാണെന്ന് സുപ്രിംകോടതി ഇതുവരെ പ്രസ്താവിച്ചിട്ടില്ലെന്നും പറഞ്ഞു. ''തെരഞ്ഞെടുപ്പ് കമ്മീഷനും മധ്യസ്ഥനും ബി.ജെ.പിയുടെ സേവകരാണ്. അവര്‍ അവരുടെ വിധി പറഞ്ഞു'' ആരോപിച്ചു. “ഇപ്പോൾ പ്രധാനമന്ത്രി മോദി ഞങ്ങളെ വ്യാജ ശിവസേന എന്ന് വിളിക്കുമ്പോൾ, അദ്ദേഹം കോടതിയിൽ സമ്മർദ്ദം ചെലുത്തുകയാണ്,” താക്കറെ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുമായി കൈകോർക്കാൻ ആരും തയ്യാറാകാതിരുന്നപ്പോൾ ശിവസേനയുമായി സഖ്യമുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നിട്ടും കാവി പാർട്ടി, എല്ലാം നൽകിയ ഒരു മനുഷ്യൻ്റെ സർക്കാരിനെ താഴെയിറക്കി. 2022 ജൂണിലെ തൻ്റെ സർക്കാരിൻ്റെ പതനത്തെ പരാമർശിച്ച് താക്കറെ വിശദീകരിച്ചു.
"നരേന്ദ്ര മോദിക്ക് വേണ്ടി പണ്ട് വോട്ട് ചോദിച്ചതിന് ഞാൻ മാപ്പ് ചോദിക്കുന്നു, കാരണം അദ്ദേഹത്തിൻ്റെ സർക്കാർ മഹാരാഷ്ട്രയെ വഞ്ചിച്ചു''. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ശിവസേനയെ ഉപയോഗിച്ചുവെന്നും എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താൻ ബി.ജെ.പി തന്ത്രം മെനയുകയാണെന്നും അദ്ദേഹം ആരോപിച്ചു. "നിങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശിവസൈനികരെ ഉപയോഗിച്ചു, എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ സ്ഥാനാർത്ഥികളെ തോൽപിച്ചു. അതിനുള്ള പ്രതികാരം ചെയ്യാനാണ് ഞാൻ വന്നത്," 2019ൽ ബി.ജെ.പിയുമായി വേർപിരിഞ്ഞ താക്കറെ പറഞ്ഞു.
മഹാരാഷ്ട്ര സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി സംസ്ഥാനത്തിനായുള്ള പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നതിന് പകരം തന്നെയും ഉദ്ധവ് താക്കറെയെയും വിമർശിക്കുകയാണെന്ന് റാലിയില്‍ പങ്കെടുത്ത എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു. കേന്ദ്ര ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നും അഴിമതിക്കേസുകളിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെയും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെയും അറസ്റ്റുകൾ ചൂണ്ടിക്കാട്ടി പവാർ കുറ്റപ്പെടുത്തി.
കോൺഗ്രസ് സ്ഥാനാർഥി ഷാഹു ഛത്രപതിക്ക് വേണ്ടി കോലാപൂർ നഗരത്തിൽ നടന്ന റാലിയിൽ താക്കറെയും പവാറും വേദി പങ്കിട്ടു.പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സംസ്ഥാനങ്ങൾ സന്ദർശിക്കുമ്പോൾ രാജ്യത്തെക്കുറിച്ചാണ് സംസാരിച്ചതെന്നും ഇന്ദിരാ ഗാന്ധി ദാരിദ്ര്യ നിർമ്മാർജ്ജനത്തെക്കുറിച്ച് സംസാരിക്കുമായിരുന്നുവെന്നും പവാർ പറഞ്ഞു."എന്നാൽ ഉദ്ധവ് താക്കറെയെയും ശരദ് പവാറിനെയും ലക്ഷ്യം വയ്ക്കുന്നത് വരെ ഈ പ്രധാനമന്ത്രിക്ക് വിശ്രമിക്കാനാവില്ല. എനിക്ക് മോദിയോട് പറയണം, എന്തായാലും നിങ്ങൾ ഞങ്ങളെ വിമർശിക്കുകയും സംസ്ഥാനവും രാജ്യവും നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ മറക്കുകയും ചെയ്യുന്നു. മഹാരാഷ്ട്രയിലെ ജനങ്ങൾ നിങ്ങളെ ഒരു പാഠം പഠിപ്പിക്കും." പവാര്‍ കൂട്ടിച്ചേര്‍ത്തു.