India
maharashtra election
India

ഉദ്ധവ് താക്കറെയും ഫഡ്‌നാവിസും ചർച്ച നടത്തിയെന്ന് റിപ്പോർട്ട്; വാർത്തകൾ ബിജെപി പടച്ചുവിടുന്നതെന്ന് കോൺഗ്രസ്

Web Desk
|
21 Oct 2024 10:16 AM GMT

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ മുംബൈ സന്ദർശിച്ച സമയത്ത് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസും ഉദ്ധവ് താക്കറെയും തമ്മിൽ കൂടിക്കാഴ്ച നടത്തി എന്നാണ് റിപ്പോർട്ടുകൾ.

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുതിയ രാഷ്ട്രീയ വിവാദം സംസ്ഥാനത്ത് സജീവമാകുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ മുംബൈ സന്ദർശിച്ച സമയത്ത് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസും ഉദ്ധവ് താക്കറെയും തമ്മിൽ കൂടിക്കാഴ്ച നടത്തി എന്നാണ് റിപ്പോർട്ടുകൾ.

ഒരു മറാത്തി വാർത്താ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കോൺഗ്രസും ഉദ്ധവ് താക്കറെയും എൻസിപി ശരദ് പവാറും ഉൾപ്പെടുന്ന മഹാവികാസ് അഘാഡി സഖ്യം(എംവിഎ) ശിഥിലമാകാൻ പോകുന്നു എന്ന തരത്തിലേക്കാണ് ഈ റിപ്പോര്‍ട്ടിനെ ചിലർ വ്യാഖ്യാനിച്ചത്. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മഹാവികാസ് അഘാഡിയിലെ തർക്കം നീണ്ടുപോകുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച റിപ്പോര്‍ട്ടും വരുന്നത്.

ഒറ്റക്ക് മത്സരിക്കണമെന്ന് ചിന്തയുള്ള നേതാക്കൾ കോൺഗ്രസിലും ശിവസേനയിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഉദ്ധവ് ശിവസേന എംപി സഞ്ജയ് റാവത്ത്, അമിത് ഷായെ കണ്ടെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം റിപ്പോർട്ടുകൾ തളളിക്കളഞ്ഞ് മുതിര്‍ന്ന കോൺഗ്രസ് നേതാവ് വിജയ് വഡെറ്റിവാർ രംഗത്ത് എത്തി. എംവിഎ സഖ്യത്തിൽ ഒരു പ്രശ്‌നവുമില്ലെന്നും ജനങ്ങൾക്കിടയിൽ സംശയം ജനിപ്പിക്കാൻ ബിജെപി പടച്ചുവിടുന്നതാണ് ഇത്തരം കഥകളെന്നും അദ്ദേഹം വ്യക്തമാക്കി.

തർക്കമുള്ള സ്ഥലങ്ങൾ പരിഹരിച്ച് സഖ്യം ഒറ്റക്കെട്ടായി തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 99 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു.

വിദർഭ മേഖലയിലെ പല സീറ്റുകളിലും ഇപ്പോഴും കോൺഗ്രസും ഉദ്ധവ് ശിവസേനയും തമ്മിൽ തർക്കമുണ്ട്. ഇതാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നീളാന്‍ കാരണം. വൈകാതെ തന്നെ പ്രശ്‌നം പരിഹരിക്കുമെന്നും രണ്ട് ദിവസത്തിനുള്ളിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എംവിഎയില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന തരത്തിലുള്ള എല്ലാ റിപ്പോർട്ടുകളും തള്ളി മഹാരാഷ്ട്രയില്‍ കോൺഗ്രസിന്റെ ചുമതലയുള്ള രമേശ് ചെന്നിത്തലയും രംഗത്ത് എത്തി. ഭിന്നതകളൊന്നുമില്ലെന്നും തങ്ങൾ ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

നവംബർ 20നാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നവംബർ 23നാണ്. ഹരിയാന കൈവിട്ടതിനാൽ കോൺഗ്രസിന് മഹാരാഷ്ട്രയിലെ വിജയം അനിവാര്യമാണ്. ഹരിയാനയില്‍ കോൺഗ്രസിനേറ്റ് അപ്രതീക്ഷിത തോൽവിയിൽ സഖ്യത്തിലും ഞെട്ടലുണ്ട്. മുഖപത്രമായ സാംനയിലൂടെ ഉള്‍പ്പെടെ ശിവസേന അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Similar Posts