സഞ്ജയ് റാവത്തിനെ ജയിലിൽ സന്ദർശിക്കാൻ ഉദ്ധവ് താക്കറെക്ക് അനുമതി നിഷേധിച്ചു
|എല്ലാ പ്രതികളെയും സന്ദർശിക്കുന്നതുപോലെ മാത്രമേ സഞ്ജയ് റാവത്തിനെയും കാണാനാവൂ എന്നും അതിന് കോടതി ഉത്തരവ് നിർബന്ധമാണെന്നും ജയിൽ സൂപ്രണ്ട് പറഞ്ഞു.
മുംബൈ: ആർതർ റോഡ് ജയിലിൽ കഴിയുന്ന ശിവസേനാ നേതാവ് സഞ്ജയ് റാവത്തിനെ കാണാൻ ഉദ്ധവ് താക്കറെക്ക് ജയിൽ അധികൃതർ അനുമതി നിഷേധിച്ചു. ജയിലറുടെ റൂമിൽവെച്ച് സഞ്ജയ് റാവത്തിനെ കാണാൻ വേണ്ടിയാണ് ഉദ്ധവ് താക്കറെ അനുമതി തേടിയത്. എല്ലാ പ്രതികളെയും സന്ദർശിക്കുന്നതുപോലെ മാത്രമേ സഞ്ജയ് റാവത്തിനെയും കാണാനാവൂ എന്നും അതിന് കോടതി ഉത്തരവ് നിർബന്ധമാണെന്നും ജയിൽ സൂപ്രണ്ട് പറഞ്ഞു.
ഉദ്ധവ് താക്കറെയുമായി അടുത്ത ബന്ധമുള്ള ഒരു ശിവസേനാ നേതാവാണ് റാവത്തുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി തേടി ജയിൽ അധികൃതരെ ബന്ധപ്പെട്ടത്. എന്നാൽ റാവത്തിനോ ഉദ്ധവിനോ സവിശേഷമായ ഒരു പരിഗണനയും നൽകാനാവില്ലെന്ന നിലപാടിലാണ് അവർ.
പാത്രചൗൾ ഭൂമി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ആഗസ്റ്റ് ഒന്നിന് സഞ്ജയ് റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കേസ് പരിഗണിച്ച കള്ളപ്പണം വെളുപ്പിക്കൽ തടയൽ ആക്ട് (പിഎംഎൽഎ) കോടതി അദ്ദേഹത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി സെപ്തംബർ 19 വരെ നീട്ടിയിരുന്നു.