അമിത് ഷാ തന്നോട് പറഞ്ഞ വാക്ക് പാലിച്ചിരുന്നെങ്കിൽ മഹാരാഷ്ട്രയിൽ ഇന്നൊരു ബിജെപി മുഖ്യമന്ത്രിയുണ്ടാവുമായിരുന്നു: ഉദ്ധവ് താക്കറെ
|മുഖ്യമന്ത്രി പദം പങ്കുവെക്കാൻ ബിജെപി വിസമ്മതിച്ചതിനെ തുടർന്നാണ് 30 വർഷത്തെ സഖ്യം അവസാനിപ്പിച്ച് ശിവസേന എൻസിപിക്കും കോൺഗ്രസിനുമൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചത്.
മുംബൈ: 2019ൽ അമിത് ഷാ തനിക്ക് തന്ന വാക്ക് പാലിച്ചിരുന്നെങ്കിൽ മഹാരാഷ്ട്രയിൽ ഇന്നൊരു ബിജെപി മുഖ്യമന്ത്രി ഉണ്ടാവുമായിരുന്നുവെന്ന് ഉദ്ധവ് താക്കറെ. മുഖ്യമന്ത്രി പദം രാജിവെച്ച ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സർക്കാറിൽ ഒരു ശിവസൈനികനെ തന്നെ മുഖ്യമന്ത്രിയാക്കിയിരിക്കുന്നു. പണ്ട് ഇത് തന്നെയാണ് താൻ പറഞ്ഞത്. രണ്ടര വർഷം വീതം മുഖ്യമന്ത്രി പദവി പങ്കിട്ടെടുക്കാമെന്നാണ് താനും അമിത് ഷായും തമ്മിൽ തീരുമാനിച്ചത്. എന്നാൽ ബിജെപി ഇത് ലംഘിച്ചു. സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപിയുമായി സഖ്യമുണ്ടായിരുന്ന കാലത്ത് ഇത് ചെയ്യാതെ എന്തുകൊണ്ടാണ് ഇപ്പോൾ ബിജെപി ഇത് ചെയ്യുന്നതെന്ന് ഉദ്ധവ് ചോദിച്ചു.
മുഖ്യമന്ത്രി പദം പങ്കുവെക്കാൻ ബിജെപി വിസമ്മതിച്ചതിനെ തുടർന്നാണ് 30 വർഷത്തെ സഖ്യം അവസാനിപ്പിച്ച് ശിവസേന എൻസിപിക്കും കോൺഗ്രസിനുമൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചത്. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതനീക്കത്തെ തുടർന്ന് ബുധനാഴ്ചയാണ് ഉദ്ധവ് രാജിവെച്ചത്. ഷിൻഡെ വ്യാഴാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതോടെ ഹിന്ദുത്വ അജണ്ടയിൽനിന്ന് പിൻമാറിയെന്നാണ് വിമതർ ഉദ്ധവിനെതിരെ പ്രധാനമായും ഉന്നയിച്ച ആരോപണം. എത്രയുംവേഗം മഹാ വികാസ് അഗാഡി സഖ്യത്തിൽനിന്ന് പിൻമാറണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിൽനിന്ന് ആദ്യം സൂററ്റിലേക്ക് പോയ വിമതർ പിന്നീട് ഗുവാഹതിയിലും തുടർന്ന് ഗോവയിലുമാണ് തങ്ങിയത്.
ശിവസേനയിലെ ആഭ്യന്തര പ്രശ്‌നം എന്ന രീതിയിലാണ് ബിജെപി പ്രശ്‌നം കൈകാര്യം ചെയ്തതെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷനായ ദേവേന്ദ്ര ഫഡ്‌നാവിസാണ് എല്ലാത്തിനും ചരടുവലി നടത്തിയത്. രണ്ടാഴ്ചയോളം നീണ്ട രാഷ്ട്രീയനീക്കങ്ങൾക്കൊടുവിൽ അപ്രതീക്ഷിതമായാണ് ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
ഫഡ്‌നാവിസ് മുഖ്യമന്ത്രിയാവുമെന്നാണ് കരുതിയിരുന്നെങ്കിലും അപ്രതീക്ഷിതമായി ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. താൻ സർക്കാറിന്റെ ഭാഗമാവില്ലെന്ന് ഫഡ്‌നാവിസ് നേരത്തെ അറിയിച്ചിരുന്നെങ്കിലും ബിജെപി ദേശീയനേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.