India
ഷിൻഡയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രിസ്ഥാനം;പവാർ- ഉദ്ദവ് കൂടിക്കാഴ്ച
India

'ഷിൻഡയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രിസ്ഥാനം';പവാർ- ഉദ്ദവ് കൂടിക്കാഴ്ച

Web Desk
|
22 Jun 2022 3:37 PM GMT

ശിവസേനയുടെ എൻസിപി, കോൺഗ്രസ് സഖ്യം അവസാനിപ്പിക്കണമെന്നാണ് ഷിൻഡെയുടെ ആവശ്യം.

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിൽ നിർണായക കൂടിക്കാഴ്ചയുമായി ഉദ്ധവ് താക്കറേയും എൻ.സി.പി. അധ്യക്ഷൻ ശരദ് പവാറും. വൈകീട്ട് ഉദ്ദവ് വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഷിൻഡെ അറിയിച്ചതോടെയാണ് ചർച്ചയ്ക്കായി ശരത് പവാർ മുഖ്യമന്ത്രിയുടെ വസതിയിയായ വർഷയിലെത്തിയത്.

മകളും എൻ.സി.പി. എം.പിയുമായ സുപ്രിയ സുലെയ്ക്കൊപ്പമാണ് പവാർ ഉദ്ധവിനെ കാണാനെത്തിയത്. തുടർന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോലെ 'വർഷ'യിലെത്തി. സർക്കാരിനെ രക്ഷിക്കാനുള്ള ശ്രമമാണ് മഹാവികാസ് അഘാടി സഖ്യം നടത്തുന്നത്. ഇടഞ്ഞ് നിൽക്കുന്ന ഏകനാഥ് ഷിൻഡയെ എങ്ങനെയും അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളും ചർച്ച നടന്നുവെന്നാണ് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടന്നുവെന്നും റിപ്പോർട്ടുണ്ട്.

ശിവസേനയുടെ എൻസിപി, കോൺഗ്രസ് സഖ്യം അവസാനിപ്പിക്കണമെന്നാണ് ഷിൻഡെയുടെ ആവശ്യം. സഖ്യം കൊണ്ട് ഗുണമുണ്ടായത് കോൺഗ്രസിനും എൻസിപിക്കുമാണ്. കോൺഗ്രസും എൻസിപിയും ശക്തമായപ്പോൾ ശിവസേന പറ്റിക്കപ്പെട്ടെന്നും ഷിൻഡെ ട്വീറ്റ് ചെയ്തു. മഹാവികാസ് അഘാടി സഖ്യത്തിൽനിന്ന് ശിവസേന പുറത്തുവന്ന് ബി.ജെ.പിയുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്.

മുഖ്യമന്ത്രിപദത്തിൽ തുടരരുതെന്ന് ഏതെങ്കിലും ഒരു വിമത എം.എൽ.എ. പറഞ്ഞാൽ രാജിവെക്കാൻ തയ്യാറാണെന്നാണ് ഉദ്ധവ് വൈകിട്ട് നടത്തിയ ഫെയ്സ്ബുക്ക് ലൈവിൽ വ്യക്തമാക്കിയത്. അതേസമയം, ഉദ്ദവിന് പിന്തുണ പ്രഖ്യാപിച്ച് ശിവസേന പ്രവർത്തകർ വർഷയിലേക്കെത്തി. സ്ത്രീകൾ അടക്കം നിരവധി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി ഉദ്ദവിന്റെ വസതിക്ക് മുന്നിൽ തമ്പടിച്ചത്.

Similar Posts