'താഴെ തട്ടിലേക്കിറങ്ങും'; നിയമസഭാ തെരഞ്ഞടുപ്പിന് നേരത്തെ ഒരുങ്ങാൻ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം
|സംസ്ഥാനത്തെ 288 അസംബ്ലി സീറ്റുകളിലും തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാനാണ് സേനാഭവനിൽ നടന്ന യോഗത്തിൽ താക്കറെ പാര്‍ട്ടിയിലെ ഉന്നത നേതാക്കളോട് ആവശ്യപ്പെട്ടത്.
മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഫലം വിലയിരുത്തി നിയമസഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാൻ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. ഈ വർഷമാണ് മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ ഉദ്ധവ് താക്കറെ പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.
സംസ്ഥാനത്തെ 288 അസംബ്ലി സീറ്റുകളിലും തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാനാണ് സേനാഭവനിൽ നടന്ന യോഗത്തിൽ താക്കറെ പാര്‍ട്ടിയിലെ ഉന്നത നേതാക്കളോട് ആവശ്യപ്പെട്ടത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 21 സീറ്റുകളിൽ മത്സരിച്ച ശിവസേന താക്കറെ വിഭാഗം ഒമ്പത് സീറ്റുകളിൽ വിജയിച്ചു. മത്സരിച്ച 17ൽ 13ലും കോൺഗ്രസ് വിജയിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥി വിശാൽ പാട്ടീൽ വിജയിച്ചതിന് പിന്നാലെ കോൺഗ്രസിനെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി 10 സീറ്റുകളിൽ മത്സരിക്കുകയും എട്ട് സീറ്റുകളിൽ വിജയിക്കുകയും ചെയ്തു. ഈ കണക്ക് നോക്കുകയാണെങ്കിൽ സ്‌ട്രൈക്ക് റൈറ്റ് കുറവ് ശിവസേനക്കാണ്. ഇക്കാര്യം അവർ സജീവമായിത്തന്നെ വിലയിരുത്തുന്നുണ്ട്.
"സീറ്റുകളിലും സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതിലും ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) ചില പിഴവുകൾ വരുത്തി, അതിന്റെ ഫലമായി എളുപ്പത്തിൽ വിജയിക്കാവുന്ന നാലോ അഞ്ചോ ലോക്‌സഭാ സീറ്റുകൾ നഷ്ടമായി. ഇക്കാര്യം യോഗത്തിൽ ചർച്ചയായെന്ന് ഒരു ശിവസേനാ നേതാവ് പറഞ്ഞു. "നിയമസഭാ തെരഞ്ഞെടുപ്പിൽ തെറ്റുകൾ ആവർത്തിക്കാൻ ഉദ്ധവ് താക്കറെ ആഗ്രഹിക്കുന്നില്ല, അതിനാൽ കാര്യങ്ങൾ കൈവിട്ടുപോകുന്നതിന് മുമ്പ് തിരുത്തൽ നടപടികൾ സ്വീകരിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്നും പേര് വെളിപ്പെടുത്താത്ത ആ നേതാവ് വ്യക്തമാക്കുന്നു. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
''താഴെത്തട്ടിൽ പാർട്ടി ഘടന ശക്തിപ്പെടുത്താനാണ് താക്കറെ ആഗ്രഹിക്കുന്നത്. ആ വഴിക്കുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. പ്രാദേശിക തലത്തിലും ബൂത്ത് തലത്തിലും പാർട്ടി ശൃംഖല ശക്തിപ്പെടുത്തേണ്ടതുണ്ട്. സംസ്ഥാനത്ത് ഉദ്ധവ് താക്കറെയോട് സഹതാപം ഉണ്ടായിരുന്നു, എന്നാൽ ബൂത്ത് ലെവൽ കണക്ഷന്‍ കുറവായതിനാല്‍ ആ വികാരം മുതലാക്കാനായില്ല. താഴെ തട്ടിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഇനിയും സമയമുണ്ട്. ഇക്കാര്യം പ്രാവര്‍ത്തികമാക്കിയാല്‍ കൂടുതൽ സീറ്റുകൾ നേടാനാകും''- നേതാവ് പറഞ്ഞു.
അതേസമയം നാല് മണ്ഡലങ്ങളിലേക്കുള്ള സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ സംബന്ധിച്ച് മഹാവികാസ് അഘാഡിയില്‍(കോണ്‍ഗ്രസ്-ശിവസേന(ഉദ്ധവ് താക്കറെ)-എന്‍.സി.പി(ശരത് പവാര്‍) സഖ്യം) അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും താക്കറെ യോഗത്തില്‍ പറഞ്ഞു.