India
ഉദ്ധവ് താക്കറെയും അവധിക്ക് അസമിലേക്ക് വരണം; പരിഹാസവുമായി ഹിമന്ത് ബിശ്വ ശര്‍മ
India

ഉദ്ധവ് താക്കറെയും അവധിക്ക് അസമിലേക്ക് വരണം; പരിഹാസവുമായി ഹിമന്ത് ബിശ്വ ശര്‍മ

Web Desk
|
24 Jun 2022 9:56 AM GMT

രാജ്യത്തെ എല്ലാ എം.എൽ.എമാരെയും അസമിലേക്ക് ഞാന്‍ ക്ഷണിക്കുന്നു

അസം: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അസമിലേക്ക് ക്ഷണിച്ച് ഹിമന്ത് ബിശ്വ ശര്‍മ. താക്കറെയും അവധിക്ക് സംസ്ഥാനത്തേക്ക് വരണമെന്ന് അസം മുഖ്യമന്ത്രി പരിഹസിച്ചു.

''രാജ്യത്തെ എല്ലാ എം.എൽ.എമാരെയും അസമിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. വിമത എംഎൽഎമാർ കൂടുതൽ ദിവസം അസമിൽ തങ്ങിയാൽ നല്ല കാര്യമാണ്. ഞാൻ എല്ലാവരേയും ക്ഷണിക്കുന്നു. അവധിക്ക് അസമിലേക്ക് വരാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെയും ഞാൻ ക്ഷണിക്കുന്നു'' ഹിമന്ത് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. ആളുകള്‍ അസമിലേക്ക് വരുമ്പോള്‍ ഹോട്ടലുകള്‍ അടച്ചിട്ടാല്‍ എങ്ങനെ ശരിയാകുമെന്നും അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്രയിലെ വിമത എം.എല്‍.എമാര്‍ താമസിക്കുന്ന ഗുവാഹത്തിയിലെ ഹോട്ടല്‍ ജൂണ്‍ 22ന് ഹിമന്ത് സന്ദര്‍ശിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. മുഖ്യമന്ത്രി എം.എല്‍.എമാരെ സംരക്ഷിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.സംസ്ഥാനത്തെ പ്രളയക്കെടുതി അവഗണിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാക്കൾ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു.

എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം ഹിമന്ത് നിഷേധിച്ചിരുന്നു. അസമിൽ ധാരാളം നല്ല ഹോട്ടലുകളുണ്ട്, ആർക്കും അവിടെ വന്ന് താമസിക്കാമെന്നായിരുന്നു ഹിമന്ത് ബിശ്വയുടെ മറുപടി. മഹാരാഷ്ട്ര എം.എൽ.എമാർ അസമിൽ താമസിക്കുന്നുണ്ടോ എന്ന് തനിക്കറിയില്ല. മറ്റ് സംസ്ഥാനങ്ങളിലെ എം.എൽ.എമാർക്കും അസമിൽ വന്ന് താമസിക്കാമെന്നുമായിരുന്നു ബിശ്വയുടെ മറുപടി.

ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂ എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ് വിമത എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്നത്. ഏഴ് ദിവസത്തേക്ക് 70 മുറികളാണ് ഇവിടെ എം.എല്‍.എമാര്‍ക്കായി ബുക്ക് ചെയ്തിരിക്കുന്നത്. 56 ലക്ഷം രൂപയാണ് വാടക. സൂറത്തിലെ ഹോട്ടലില്‍ നിന്നും ബുധനാഴ്ചയാണ് വിമതര്‍ ഗുവാഹത്തിയിലെത്തിയത്. സ്വതന്ത്രരുള്‍പ്പെടെ 42 എം.എല്‍.എമാരാണ് ഏക്നാഥ് ഷിന്‍ഡേക്കൊപ്പമുള്ളത്.

Similar Posts