India
Uddhav Thackeray,ravi ranaMLA,Modi government, MLA Ravi Rana,Lok Sabha election results, election results2014,Election2024,LokSabha2024,മോദി,ഉദ്ധവ് താക്കറെ,ശിവസേന,മഹാരാഷ്ട്ര
India

'തെരഞ്ഞെടുപ്പ് ഫലം വന്ന് 15-ാം ദിവസം ഉദ്ധവ് താക്കറെ മോദി സർക്കാറിന്റെ ഭാഗമാകും'; മഹാരാഷ്ട്ര എം.എൽ.എ

Web Desk
|
3 Jun 2024 9:41 AM GMT

വരാനിരിക്കുന്ന യുഗം മോദിയുടേതാണ്, ഉദ്ധവിനും അതറിയാമെന്നും രവി റാണ

മഹാരാഷ്ട്ര: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 15 ദിവസത്തിനുള്ളിൽ ശിവസേന (യുബിടി) തലവനും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ മോദി സർക്കാരിൽ ചേരുമെന്ന് അമരാവതി എംഎൽഎ രവി റാണ.'മോദി വീണ്ടും പ്രധാനമന്ത്രിയായി 15 ദിവസത്തിന് ശേഷം, ഉദ്ധവ് താക്കറെയെ മോദി സർക്കാരിൽ കാണുമെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും, കാരണം വരാനിരിക്കുന്ന യുഗം മോദി ജിയുടേതാണ്, ഉദ്ധവിനും അതറിയാം...'.. രവി റാണ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'ഏകനാഥ് ഷിൻഡെ ശിവസേനയിൽ നിന്നും അജിത് പവാർ എൻസിപിയിൽ നിന്നും പുറത്തുപോകുമെന്ന് താൻ നേരത്തെ പ്രവചിച്ചിരുന്നു.അതുപോലെ ഉദ്ധവ് താക്കറെയുടെ കാര്യവും ശരിയാകും..'രവി റാണ പറഞ്ഞു. 'ബാലാസാഹെബ് താക്കറെയുടെ മകനായതിനാൽ ഉദ്ധവ് താക്കറെയ്ക്കായി എപ്പോഴും ഒരു വാതിൽ തുറന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ബിജെപിയിലേക്ക് തിരിച്ചുവരാൻ ഉദ്ധവ് ഈ വാതിൽ ഉപയോഗിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,'' എംഎൽഎ പറഞ്ഞു.

രവി റാണയുടെ ഭാര്യയും അമരാവതിയിലെ സിറ്റിംഗ് എംപിയായ നവനീത് റാണ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. 2019ൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് ഇവിടെ നിന്ന് മത്സരിച്ച് വിജയിച്ചത്. അമരാവതി ലോക്സഭാ സീറ്റിൽ ഭാര്യ നവനീത് റാണ രണ്ട് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് രവി റാണ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും വലിയ രീതിയിൽ വോട്ട് ചെയ്തതിനാൽ നവനീത് വീണ്ടും എംപിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാലാസാഹേബ് താക്കറെയുടെ സ്‌നേഹവും വാത്സല്യവും എനിക്ക് ഒരിക്കലും മറക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻപ് പറഞ്ഞിരുന്നു. ഉദ്ധവ് താക്കറെയെ ബാലാസാഹേബ് താക്കറെയുടെ ശരിയായ അവകാശിയായി പരിഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മോദിയുടെ പരാമർശം. ബാലാസാഹേബ് താക്കറെയോട് താൻ എപ്പോഴും നന്ദിയുള്ളവനാണെന്നും ഒരിക്കലും അദ്ദേഹത്തിനെതിരെ സംസാരിക്കാൻ കഴിയില്ലെന്നും ഉദ്ധവിന് വിഷമമുണ്ടായാൽ ആദ്യം സഹായിക്കാൻ താനായിരിക്കും എത്തുകയെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ മോദിക്ക് മറുപടിയുമായി ഉദ്ധവ് താക്കറെയും രംഗത്തെത്തിയിരുന്നു. വാതിൽ തുറന്നിട്ടുണ്ടെങ്കിലും നിങ്ങളുടെ അടുത്തേക്ക് വരില്ലെന്നും അധികാരത്തിൽ തുടരാത്തതിനാൽ മടങ്ങിവരേണ്ട ആവശ്യമില്ലെന്നുമായിരുന്നു ഉദ്ധവിന്റെ മറുപടി.

Similar Posts