Kerala
udf to mass protest against govt on october 18th and constituencies |
Kerala

സർക്കാരിനെതിരെ സെക്രട്ടറിയേറ്റ് ഉപരോധവുമായി യുഡിഎഫ്; മണ്ഡലങ്ങളിൽ ജനകീയ സദസും സംഘടിപ്പിക്കും

Web Desk
|
6 Oct 2023 11:39 AM GMT

അരലക്ഷം യുഡിഎഫ് പ്രവർത്തകർ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധമാണ് നടത്തുക.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ഒക്ടോബർ 18ന് സെക്രട്ടറിയേറ്റ് ഉപരോധിക്കാൻ‍ യുഡിഎഫ് തീരുമാനം. സർക്കാരിന്റെ മണ്ഡലം സദസിന് ബദലായി ജനകീയ സദസ് നടത്താനും സഹകരണമേഖലയിലെ പ്രതിസന്ധി ഉയർത്തി സഹകാരി സം​ഗമം നടത്താനും യുഡിഎഫ് തീരുമാനിച്ചു. സഹകരണ മേഖലയിലേക്ക് ഇ.ഡിയെ ക്ഷണിച്ച് വരുത്തിയത് സർക്കാർ സമീപനമാണെന്നും കേന്ദ്രത്തിനെതിരെ സി.പി.എമ്മുമായി യോജിച്ച പ്രക്ഷോഭമില്ലെന്നും യു.ഡി.എഫ് കൺവീനർ പറഞ്ഞു.

അരലക്ഷം യുഡിഎഫ് പ്രവർത്തകർ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധമാണ് നടത്തുക. 18ന് രാവിലെ ആറിനാണ് സെക്രട്ടേറിയറ്റ് ഉപരോധം. ഒമ്പത് മണി വരെ തിരുവനന്തപുരത്തെ പ്രവർത്തകർ ഉപരോധത്തിൽ പങ്കെടുക്കും. അതിനു ശേഷം മറ്റു ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർ ഭാഗമാകും.

അതേസമയം, മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന മണ്ഡലം സന്ദർശനത്തിന് തൊട്ടുപിന്നിലായി 140 മണ്ഡലങ്ങളിലും കുറ്റവിചാരണയ്ക്കുള്ള ജനകീയ സദസ് സംഘടിപ്പിക്കും. ഇതിൽ സർക്കാരിനെതിരായ കുറ്റപത്രം വായിക്കുമെന്നും യുഡിഎഫ് ഏകോപന സമിതി യോ​ഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു.

കരുവന്നൂർ ബാങ്കിലെ കൊള്ള അവിടെ മാത്രം തീരുന്നതല്ല. മറ്റ് പല ബാങ്കുകളിലും അത് ആവർത്തിച്ചു. അവിടുത്തെ നിക്ഷേപകരിൽ ഭൂരിപക്ഷവും സിപിഎം അനുഭാവികളോ പ്രവർത്തകരോ ആണ്. സഹകരണ വകുപ്പും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ യതാർഥ കുറ്റവാളികളെ കണ്ടെത്താൻ സാധിച്ചില്ല. അങ്ങനെയാണ് പല നിക്ഷേപകരും ഇ.ഡിയെ സമീപിച്ചതും അവർ വന്നതും. യഥാർഥത്തിൽ ഇ.ഡിയെ ക്ഷണിച്ചുവരുത്തിയത് സർക്കാരും സിപിഎമ്മുമാണെന്നും എം.എം ഹസൻ പറഞ്ഞു.

നിക്ഷേപകരെ സംരക്ഷിക്കുക, തട്ടിപ്പുകാരെ തുറുങ്കിലിടയ്ക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് സഹകരണ മേഖലയിലെ സഹകാരികളുടെ സംഗമം. ഒക്ടോബർ 16ന് തിരുവനന്തപുരത്തായിരിക്കും സംഗമം. സഹകരണ മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന സമരങ്ങളുമായി സഹകരിക്കേണ്ടതില്ലെന്നും എന്നാൽ സർക്കാർ തലത്തിൽ മന്ത്രിമാരും വകുപ്പുകൾ വിളിച്ചുചേർക്കുന്ന യോഗത്തിൽ പങ്കെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

Similar Posts